അശോകൻ ചരുവിൽ എഴുതുന്നു..
കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം.
കൊറോണക്കാലം പിന്നിട്ടശേഷമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെച്ചത്. ആശങ്കാജനകമെങ്കിലും അതിജീവിക്കും എന്ന പ്രത്യാശയും അദ്ദേഹം പകർന്നു തന്നു. കാൽച്ചുവട്ടിലെ പൊന്നായ മണ്ണു തന്നെയാണ് തുടർപ്രതിരോധത്തിൻ്റെ ആയുധം എന്നാണ് ചൂണ്ടിക്കാണിച്ചത്. എന്നു വെച്ചാൽ കൃഷി എന്ന ഏറ്റവും വലിയ സർഗ്ഗാത്മക പ്രവർത്തനം.
നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയപാർടികൾ ഭാവിയിലെ തെരഞ്ഞെടുപ്പുകളെപ്പറ്റി ഓർത്ത് കൈകാലിട്ടടിക്കുന്നു. വലിയ പരാജയം ഉണ്ടാകുമോ എന്നതാണ് അവരുടെ ഭീതി. ആ പരാക്രമം കാണുമ്പോൾ ഭരണപക്ഷത്തുള്ള ചിലരിലെങ്കിലും വിജയപ്രതീക്ഷയുടെ തൂമന്ദഹാസമുണ്ട്. പക്ഷേ അത്തരം ആശങ്കക്കും പ്രതീക്ഷക്കുമൊന്നും യാതൊരു അടിസ്ഥാനവുമില്ല.
ഇന്ന് കേരളത്തിലെ ജനങ്ങൾ തൊണ്ണൂറ്റി ഒമ്പതു ശതമാനവും മനസ്സുകൊണ്ട് സർക്കാരിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിൻ്റെ ഓരോ നീക്കവും തകിടം മറിയുന്നു. പക്ഷേ വരാൻ പോകുന്ന കാലത്തിൻ്റെ ഭീകരത ഓർത്താൽ എന്താണ് സംഭവിക്കുക എന്നു ആർക്കും പ്രവചിക്കാനാവില്ല.
വലിയ മട്ടിലുള്ള ഒരു ആഗോള മാന്ദ്യത്തിലേക്ക് ലോകം കടക്കുമ്പോൾ കേരളത്തിനു മാത്രമായി പിടിച്ചു നിൽക്കാനാവുമോ? തകർച്ചയുടെ ഫലമായുണ്ടാകുന്ന ദുരിതം മുഴുവനും അവികസിത രാഷ്ട്രങ്ങൾക്കും അവിടത്തെ പണിയെടുത്തു ജീവിക്കുന്ന സാധാരണ ജനങ്ങൾക്കുംമേൽ കെട്ടിയേൽപ്പിക്കാനായിരിക്കും മേധാവിത്തം വഹിക്കുന്ന കോർപ്പറേറ്റ് സാമ്രാജ്വത്വം ശ്രമിക്കുക. അവരുടെ നീക്കം അതേപടി നടപ്പാക്കുന്ന ഒരു കേന്ദ്രസർക്കാരിൻ്റെ കീഴിൽ കേരളത്തിന് എന്തു ചെയ്യാനാവും? രണ്ടു പ്രളയങ്ങൾ കൊണ്ട് നട്ടെല്ലൊടിഞ്ഞ സാമ്പത്തികാവസ്ഥയാണ് നമുക്കുള്ളത്. ഇപ്പോൾ കൊറോണ ബാധിതരേയും നിരീക്ഷണത്തിലിരിക്കുന്നവരേയും അടച്ചിരിപ്പുമൂലം ഗതി കെട്ട ജനതയേയും സർക്കാർ ധനസഹായം നൽകി സംരക്ഷിക്കുന്നു. വരവ് ഒട്ടുമില്ല; ചിലവ് ഏറെയുണ്ട്. നാം എവിടെ എത്തും? കൊറോണാനന്തരം പ്രവാസം കാമധേനുമായി തുടരില്ല എന്നാണ് സൂചന. മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കണം. ഡോ.തോമസ് ഐസക്കിൻ്റെ കയ്യിൽ മാന്ത്രികവടി ഒന്നുമില്ലല്ലോ.
പിണറായി സർക്കാരിൻ്റെ കഴിഞ്ഞ നാലു വർഷത്തെ അനുഭവം വെച്ചു നോക്കുമ്പോൾ ഒരു കാര്യം പ്രവചിക്കാം. ഉണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ദുർബ്ബല ജനവിഭാഗങ്ങളെ ബാധിക്കാതിരിക്കാനാവും അവർ ശ്രമിക്കുക. സൗജന്യ റേഷനും സബ്സിഡിയും ക്ഷേമ പെൻഷനുകളും തുടരും. പക്ഷേ അതിനു വേണ്ടി മറ്റു പല മേഖലകളിലും വലിയ വെട്ടിക്കുറക്കൽ നടത്തേണ്ടി വരും. ഇത് മദ്ധ്യ, ഉപരിവർഗ്ഗ ജനതയെ കാര്യമായി ബാധിക്കും. നിത്യദരിദ്രന് കഞ്ഞി നഷ്ടപ്പെടുന്ന പോലെയല്ല മധ്യവർഗ്ഗത്തിന് ഭക്ഷണശേഷമുള്ള ഡെസേർട്ട് (dessert) നഷ്ടപ്പെടുന്നത്. അതിൻ്റെ രാഷ്ട്രീയ പ്രത്യാഘാതം പ്രവചിക്കാനാവില്ല. പ്രളയത്തിൽ നിന്നും മഹാവ്യാധിയിൽ നിന്നും തങ്ങളെ നെഞ്ചോടു ചേർത്തു രക്ഷിച്ചവരെയൊന്നും അവരപ്പോൾ ഓർത്തെന്നു വരില്ല.
പുതിയൊരു ജീവിതം; ഒരു ജീവിതസംസ്കാരം തന്നെ നമുക്ക് നിർമ്മിച്ചെടുക്കേണ്ടി വരും. “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ടു മടങ്ങുന്ന വഴിക്ക് പട്ടാമ്പി ചന്തയിലിറങ്ങി ഒരു കൈക്കോട്ടു വാങ്ങിക്കുന്ന വി.ടി.യുടെ നമ്പൂതിരി കഥാപാത്രത്തെ നമുക്ക് ഓർമ്മിക്കാം.
(Najeeb Ellath)