രാമജന്മഭൂമിയിൽ പുതിയ ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം അരമണിക്കൂർ നീണ്ടുനിന്ന ഭൂമിപൂജയിൽ പങ്കെടുത്തു. തുടർന്ന് 12.44നായിരുന്നു ശിലാസ്ഥാപന കർമം.

ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലഖ്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.2000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽനിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം , പ്രതികരണവുമായി രാഷ്ട്രപതി. രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്.

By ivayana