നിന്റെ വിരലുപിടിക്കുമ്പോൾ
ഞാൻ കാറ്റിനോടൊപ്പം യാത്രതുടങ്ങുകയാണ്.
മഴനനഞ്ഞയിലയിൽ പൊതിഞ്ഞ്
തിരമാലയില്ലാത്ത കടലിലിറക്കുന്നു.
ഏകമാണ് കടൽ.
നാമിരുവരും
ഉപ്പുജലത്തിലെ വിരുന്നുകാർ.
നിന്റെ മടിയിലമർന്ന്
ഞാൻ ആകാശം കാണുന്നു.
വിരലുകൊണ്ട് നീ മഴവില്ലുവരച്ച്
അതിലെ നിറമെന്റെ നെറ്റിയിൽ പുരട്ടുന്നു.
മരുഭൂമിയിലെ പച്ചപ്പുപോലെ
ഞാൻ നിന്റെ ചുണ്ടുകൾ കടമെടുക്കുന്നു.
ഏകമാണ് ലോകം.
അതിൽ നീയും ഞാനുമില്ല.
ചിലപ്പോൾ ഞാനച്ഛൻ നീ മകൾ
ചിലപ്പോൾ നീ അമ്മ ഞാൻ മകൻ.
മറ്റു ചിലപ്പോൾ ഞാൻ നിന്നിൽ എന്റെ പ്രണയം നെയ്യുന്നു.
നീയതിൽ നിറംപൂശുന്നു.
ദൈവം വഴികാട്ടിയാവുന്ന കടൽപ്പരപ്പ്.
പൊടുന്നനെ നമ്മൾ
രണ്ടു മീൻകുഞ്ഞുങ്ങളാവുന്നു.
തിരയില്ലത്ത തണുപ്പിലേക്ക് നീന്തിയിറങ്ങുന്നു.
പവിഴപ്പുറ്റുകളിലെ നിറം ചുരണ്ടുന്നു.
വലംപിരിശംഖിലേക്ക് കാതുചേർത്ത്
നമ്മൾ കടലിനെയറിയുന്നു.
നീന്തിനീന്തി ചിറകുവിടർന്ന് നമ്മൾ പറവകളാകുന്നു.
കുതിച്ചുയർന്ന് ആകാശം തൊട്ട്
ഭൂമിയെ വലംവയ്ക്കുന്നു.
കാഴ്ച്ചകളുടെ കാട്ടുപച്ചകളിലിരുന്ന് കൊക്കുരുമ്മുന്നു.
കഥകൾ പങ്കിടുന്നു.
മഴയും മണ്ണും പോലെ കുതിർന്നലിഞ്ഞ്
പലനിറമുള്ള പുഴയാകുന്നു.
ഒഴുകാൻ മടിച്ച്
നമ്മൾ പറവകളാകുന്നു.
നീയെന്നിൽ വിരലുകൾ കോർക്കുന്നു.
ഞാൻ നിന്റെ മടിത്തട്ടിലെ ആകാശമാകുന്നു.
കാറ്റിളക്കിയ മുടിയിഴകൊണ്ട്
നീ ആകാശം മൂടുന്നു.
ഒരേകണ്ണുകളിലെ വെളിച്ചം കൊണ്ട്
നമ്മൾ പരസ്പരം കാഴ്ച്ചപങ്കിടുന്നു.
വഴിതെറ്റിവന്ന കാറ്റ് വഴികാട്ടിയാവുന്നു…
വരൂ ….
മുയൽ രോമങ്ങളുടെ മുടിചൂടിയ പാവക്കുട്ടീ….
നമുക്കിനിയും ആകാശം പങ്കിടാനുണ്ട്…

സജി കല്യാണി

By ivayana