രചന : ഷാഹുൽ ഹമീദ് ✍
നീയെന്ന വേദനയുടെ തെരുവിൽ
കാത്തുനിൽക്കാൻ തുടങ്ങിയിട്ട്
എത്ര നാളായി.
ഉണക്കാനിട്ട പഴയൊരു ചേല
പോലെയായിട്ടുണ്ട്
ഞാനിപ്പോൾ..
ഒരു ഭ്രാന്തൻ കാറ്റ് കുന്നിറങ്ങി വന്നത് പോലെയും.
ഹുക്ക വലിച്ചുറങ്ങുന്നവരുടെ
തെരുവിൽ മഞ്ഞു പെയ്യുന്നുണ്ട്
മഴ നനയാൻ കാത്തുനിൽക്കുന്ന സൈക്കിൾറിക്ഷകയ്യിൽ ഞാനിരിക്കുന്നു..
ഈ രാത്രിയിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു പോയതാണതിനെ…
പക്ഷെ നീയെന്നെ ഉപേക്ഷിക്കുന്നില്ലല്ലോ!
വല്ലപ്പോഴും മുഖംകാണിച്ചു ജനൽവിരി മാറ്റിയിട്ടു പിന്നെ നടന്നു നീങ്ങുന്നു.
എന്നെ അതിശയിപ്പിക്കുന്നത് അതിൽ തെളിഞ്ഞു കത്തുന്ന മിഴികളിൻ വസന്തമാണ്..!
ഒരു നോട്ടത്തിൽ എത്ര ഋതുക്കളാണ് വന്നു പാർക്കുന്നത്.!
അപ്പോൾ പിന്നെ
നിന്റെ ഒരു വാക്കിൽ !
ഈ പ്രപഞ്ചം മുഴുവനുംപൂവിട്ടു വഴികളിൽ നിറഞ്ഞു നടക്കാൻ പറ്റാതെയായെങ്കിലോ.!
അല്ലെങ്കിൽ
നിന്റെ ഒരു വാക്കിൽ നിന്നടർന്നുവീഴുന്ന മനോഹാരിതയിൽ ചിറകു തുന്നി പറന്ന ശലഭങ്ങളോട് പൂക്കൾ കുശുമ്പ് കാണിച്ചെങ്കിലോ.!
അതാണ് ല്ലേ മിണ്ടാത്തത്..
തോറ്റു പോയെന്ന ആവലാതിയിൽ പരാതി അല്ല കേട്ടോ.
ഈ തെരുവിൽ ഇപ്പോഴെനിക്ക് പഴങ്ങൾ കിട്ടുന്നുണ്ട്.
ഇറാനിലെ പഴക്കൂടുകൾ തുറന്നു വെച്ചു കഴിച്ചതും,ഉറങ്ങിയതും നാലാമത്തെ വരിയിലെ ബെഞ്ചിലാണ്..
ആ ബെഞ്ചിലാണ് അന്നാദ്യം നാം ഇരുന്നത്.!
പാതി ഇരിപ്പുറപ്പിച്ചു നീയും.
അന്ന് മൗനവഴിയിലെ നിന്റെ
ആദ്യവാക്കിൽ സുഗന്ധം പരന്നു.
അനന്തരം ചിറകുകൾ മുളച്ചു രാവ് വന്നു അടുത്തിരുന്നു.
പിന്നെ നീ എഴുന്നേറ്റ് നടന്ന
വഴിലൊരു അടയാളം വെച്ചു പൂർണേന്ദു വന്നു !..
അവിടം എപ്പോഴും കായ്ക്കുന്ന മരങ്ങൾ നിറഞ്ഞു.വഴിതെറ്റി വന്ന തെന്നലും ഇവിടെ ശാന്തമായി നടന്നു നീങ്ങി..
ഇനിയെപ്പോഴാണ് ജനാലയ്ക്കരികിൽ നീയെത്തുന്നത്..?
മേഘങ്ങൾ മഴക്കാറ് വിൽക്കാൻ വരുന്നതിനു മുമ്പ് ഞാനൊന്ന് പോയി
വന്നാലോ..?
അല്ലെങ്കിൽ വേണ്ടാ..
നീ തോരാനിട്ട പഴയൊരു ചേല നിന്റെ സുഗന്ധവും പേറി ഇവിടെ നിൽക്കുന്നുണ്ട്.
മഴ വരുന്നതിന് മുമ്പ്
അതൊന്ന് അകത്തേക്കിടാനെങ്കിലും നീ ഒന്നു പുറത്തേക്ക് വന്നെങ്കിലോ..!