രചന : കെ.ടി.മുകുന്ദൻ, ചിത്രമഞ്ജുഷ, അഞ്ചരക്കണ്ടി✍
കുതറിത്തെറിച്ചു ഞാൻ പാഞ്ഞു വനങ്ങളിൽ
കുതികൊൾവൂ പിന്നാലെ വേട്ടനായ്ക്കൾ!!
അവയജമാനെൻ്റെ ആജ്ഞാനുവർത്തിയാം
നിർദ്ദയ ജീവികൾ മർത്ത്യനതേക്കാൾക്കഷ്ടം
നീറിപ്പിടയുമെൻ പ്രാണൻ്റെ രോദന –
മാരിന്നു കേൾക്കുവാൻ മാമുനിമാരില്ല!!
ഒക്കെയും ക്രൂരമൃഗങ്ങളാണീ കാട്ടിൽ!
പച്ചമാംസത്തിനായ് കൊതിപൂണ്ടു നിൽപ്പവർ
ഇരുകാലിനാൽക്കാലി ഭേദമതിന്നില്ല!
സകലരും സ്വാർത്ഥന്മാർ നിർദ്ദയന്മാർ!
പേറ്റുനോവേറ്റു കിടക്കും തൻ പേടയുടെ
ഉദരം പിളർന്നോമൽമക്കളെ തിന്നത് !!
വിറപൂണ്ട മനസ്സിൻ്റെ വിഹ്വലനേത്രത്തിൽ
തെളിയുന്നു കഷ്ടം ഞാൻ നിസ്സഹായൻ!
ഒരു പര പ്രാണിക്കുമൂനമേൽപ്പിക്കാത്ത
പരിപാവനമായ മമ ജീവിതത്തിനെ
നിർദ്ദയം ചീന്തിയെറിഞ്ഞു നരാധമർ!!
ക്രൂരവ്യാഘ്രങ്ങളെ നാണിപ്പിക്കും വിധം!!
മർത്ത്യൻ ദയാവാനെന്നോതി മഹാമുനി
ഇതു താനോ മർത്ത്യൻതൻദയയുടെ മാതൃക !!
എന്തിനു തീർത്തൂ ഈ തമ്മിൽ കൊന്നും
തിന്നും
തൃപ്തിവരാത്തൊരീ നിർദ്ദയലോകത്തെ?!
ഇതു മമ മുൻജന്മ കർമ്മഫലമെങ്കിൽ
ജഗത് സൃഷ്ടിതന്നാദിയിലാര് കർമ്മം ചെയ്തു?
പറയൂ പുരോഹിതാ, നിങ്ങൾ വാഴ്ത്തുന്നൊരാ
പരമ ദൈവത്തിനും പക്ഷപാതിത്വമോ?!
ദുർബലപ്രാണികൾ നിസ്സഹായന്മാർ തൻ
ദു:ഖങ്ങൾ കാണാത്ത നിഷ്കൃപനോപരന്?!
സ്വച്ഛശീതളമായ കാനനഛായയിൽ
സുപ്രഭാതാഭയിൽ പൂക്കളോടായ് ചിരം
കുശലം പറഞ്ഞും മന്ദമൊഴുകും പൂഞ്ചോലയിൽ
കളിച്ചു രസിച്ചിണയ്ക്കൊപ്പം കഴിഞ്ഞതും
എങ്ങിനെ ഞാൻ മറന്നീടുമീ ജീവിത
ധന്യത നൽകിടുമോർമ്മകളെ ചിരം!?
സ്വാർത്ഥത്താൽ കൊന്നും ഭുജിച്ചും നടക്കുന്ന
മർത്ത്യന്നഹിംസാ സ്നേഹസോപാനം കാട്ടുവാൻ
മാറത്തടിച്ചു വിളിക്കയാണിന്നു ഞാൻ
ആ പ്രാണി ബന്ധുവാം ശ്രീ.ശിവയോഗിയെ!*
ശിവയോഗി ആനന്ദമത പ്രസ്ഥാനത്തിൻ്റെസ്ഥാപകൻ ,ബുദ്ധനെ പോലെ അഹിംസാവാദി. ഈദ്ദേഹത്തിൻ്റെ ആനന്ദാദർശമെന്ന നിരീശ്വര ഗ്രന്ഥം വായിച്ചപ്പോളുണ്ടായ അനുഭവത്തിൽ നിന്നും പിറന്നതാണീ കവിത. ഇതിൽമാനുകളെ പോലുള്ള ദുർബല ജന്മങ്ങളെ മനുഷ്യൻ വേട്ടപ്പട്ടികളെ ഉപയോഗിച്ച് ക്രൂരമായി വേ’ട്ടയാടുന്നതിൻ്റെ ദയനീയ വിവരണങ്ങളുണ്ട് .അത് വായിച്ചപ്പോൾ എന്നിലുളവായഒരു വികാരം കവിതയായതാണിത്. എല്ലാവർക്കുമെൻ്റെ സ്നേഹാശംസകൾ