രചന : പ്രൊഫ.ജി.ബാലചന്ദ്രൻ✍
ഗ്രീസിലെ പ്രോക്രസ്റ്റസ് കുപ്രസിദ്ധനായ രാക്ഷസനാണ്. അയാൾ യാത്രക്കാരെ സ്നേഹപൂർവ്വം ക്ഷണിച്ചു വീട്ടിലേക്കു കൊണ്ടുപോകും. മൃഷ്ടാന്നമായ ഭക്ഷണം കൊടുക്കും. ഉപചാര മര്യദകൾ കൊണ്ട് വീർപ്പു മുട്ടിക്കും. രാത്രിയിൽ തന്റെ വസതിയിൽ തങ്ങണമെന്ന ആ രാക്ഷസൻ നിർബ്ബദ്ധിക്കും.
രാത്രിയിൽ അയാളെ ക്ഷണിച്ച് ഉറക്കറയിലേക്കു കൊണ്ടു പോകും. അവിടെ രണ്ടു കട്ടിലുകൾ ഉണ്ടായിരുന്നു. ഒന്നു നീളം കുടിയതും മറ്റൊന്നു നീളം കുറഞ്ഞതും. അതിഥി ഉയരം കുറഞ്ഞ ആളാണെങ്കിൽ അയാളെ നീളമുള്ള കട്ടിലിൽ കിടത്തും. നീളം കുറഞ്ഞ അതിഥിയെ വലിച്ചു നീട്ടി നീട്ടി വധിക്കും. നീളം കൂടിയ ആളാണെങ്കിൽ അയാളുടെ കാലുകൾ വെട്ടിമുറിച്ച് കട്ടിലിന്റെ ഒപ്പമാക്കും. പ്രോക്രസ്റ്റസിന്റെ അതിഥിയായി വന്നവരാരും ജീവനോടെ മടങ്ങിപ്പോയിട്ടില്ല.
തിസ്യൂസ് പ്രോക്രസ്റ്റസിന്റെ വസതിയിലെത്തി. അത്താഴം കഴിഞ്ഞ് ശയന മുറിയിലേക്കു തിസ്യൂസിനെ നയിച്ചു. തന്നെ കട്ടിലിൽ കിടത്തുന്നതിന് മുൻപ് തിസ്യൂസ് രാക്ഷസനെ കട്ടിലിൽ ബലമായി പിടിച്ചു കിടത്തി. കയറു കൊണ്ടു വരിഞ്ഞു കെട്ടി. തിസ്യൂസ് രാക്ഷസന്റെ കൈയ്യും കാലും തലയും വെട്ടിമാറ്റി. അയാളുടെ കബന്ധം കട്ടിലിനു സമമായി. രാക്ഷസൻ യമപുരിയ്ക്കു യാത്രയായി. ഇങ്ങനെ അനേകം ദുഷ്ട രാക്ഷസന്മാരെ വധിച്ചിട്ട് തെസ്യൂസ് ആറ്റിക്കാ രാജ്യത്തിലേക്കു പോയി.
ഈ കുതന്ത്രമാണ് ഇന്ന് രാഷ്ട്രീയത്തിലും മതഭീകരതയിലും കണ്ടു വരുന്നത്. ഒരു തിസ്യൂസ് ഇവിടെ ജനിക്കേണ്ടിയിരിക്കുന്നു.