രാവിലെ ജോലിക്കിറങ്ങുവാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ക്ഷണിക്കാത്ത അതിഥിയെ പോലെ കടന്നുവന്ന ഫോൺകാൾ ഐക്കനെ അടിമുടി അലോസരപ്പെടുത്തി,

“ഒരുമാതിരി കൊണാട്ട്പ്‌ളേസിലെ പണിയായിപ്പോയി”

ഐക്കൻ മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു,

കുളികഴിഞ്ഞു മുറിയിലേക്ക് കടന്നുവന്ന വർക്കിക്ക്, ഐക്കന്റെ ഭാവമാറ്റത്തിന്റെ മൂലരഹസ്യമറിയാൻ പിന്നെയും സമയമെടുത്തു,

ഐക്കനും,വർക്കിയും ഏകദേശം ഒരു ദശകത്തോളമായി അറബിനാട്ടിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു, ഒരേ മുറിയിൽ താമസിക്കുന്നു,

കമ്പനിയിലെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഐക്ക-വർക്കിമാർക്ക് ആഴ്ച്ചയിൽ ഒന്ന് രണ്ടു തവണ, താമസസ്ഥലത്ത് നിന്നും ഏകദേശം നാലുമണിക്കൂർ യാത്രയുള്ള മറ്റൊരു പട്ടണത്തിലേക്ക് സൈറ്റ് വിസിറ്റിഗിന് പോകേണ്ടി വരും, അപ്പോഴൊക്കെ കമ്പനിവക കാറിൽ ഐക്കവർക്കിമാരെ ജോലിസ്ഥലത്ത് എത്തിക്കുകയും തിരികെ താമസസ്ഥലത്ത് കൊണ്ടുവിടുകയുമാണ് പതിവ്,

എന്നാൽ രാവിലെ ഐക്കനെ തേടിയെത്തിയ കമ്പനിയിലെ ട്രാൻസ്പോർട്ടേഷൻ ചുമതലക്കാരനായ ഫൽഗുണന്റെ ഫോൺ കാൾ അത്ര സുഖകരമായ വാർത്തയല്ല സമ്മാനിച്ചത്,

കമ്പനിവക വാഹനം പണിമുടക്കിയതിനാൽ ഇന്നത്തെ യാത്രക്ക് വാടകക്ക് എടുത്ത ഒരു പിക്കപ്പാണ് ഏർപ്പാടാക്കിയിരിക്കുന്നതെന്നാണ്
ഫൽഗുണസന്ദേശത്തിന്റെ ഉള്ളടക്കം ,

“പിക്കപ്പ് എങ്കിൽ പിക്കപ്പ്, എന്നും കാർ തന്നെ വേണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ”

ചാനൽ ചർച്ചയിലെ പിസി ജോർജ്ജിനെ പോൽ ഇരച്ചു നിൽക്കുന്ന ഐക്കനുമുന്നിൽ, ആനത്തലവട്ടം ശൈലിയിൽ വർക്കിയിൽ നിന്ന് സമാധാനത്തിന്റെ വാക്കുകൾ ഉയർന്നു,

” ഏതോ കാട്ടറബി ഒട്ടകത്തിന് പുല്ലുപറിക്കാൻ പോകുന്ന പിക്കപ്പാണ്, അതും ഡ്രൈവർ സീറ്റ് കൂടാതെ, മുന്നിൽ ഒരു സീറ്റ് മാത്രം, അതിൽ നമ്മൾ അഡ്ജസ്റ്റ് ചെയ്യണമെന്ന് “

കുടിച്ചുകൊണ്ടിരുന്ന ചൂട് സുലൈമാനിയുടെ നീരാവിക്കൊപ്പം ഐക്കന്റെ പ്രതിഷേധ സ്വരം പുറത്തേക്ക്,

” പിന്നെ ഡ്രൈവറെ കൂടാതെ മുന്നിൽ ഒരു സീറ്റല്ലാതെ, മുന്ന് സീറ്റുള്ള പിക്കപ്പ് നിന്റെ തന്ത അപ്പുകുട്ടൻ ഇവിടെ ഇറക്കിയിട്ടുണ്ടോ “

വർക്കിയുടെ തമാശ കലർന്ന മറുപടി ഐക്കനിലെ ബി.പി വീണ്ടും ഉയർത്തി,

“ഒട്ടകത്തിന് പുല്ല് എടുക്കാൻ ഉപയോഗിക്കുന്ന പിക്കപ്പിന്റെ ബാക്കിൽ നിന്റെ തന്ത കറിയാച്ചൻ കൊണ്ടുവന്നു സീറ്റ് ഫിറ്റ് ചെയ്യുമോ “

ഐക്ക-വർക്കിമാരുടെ അതിരാവിലെയുള്ള പിക്കപ്പ് വിഷയത്തിലെ ചർച്ച പിതാമഹൻമാരെ സ്മരിച്ചു മുന്നേറവെ,
തങ്ങളുടെ ഇന്നത്തെ യാത്രക്കുള്ള വാഹനമായ പിക്കപ്പിന് പിന്നിൽ സീറ്റില്ല, മുന്നിലുള്ള ഒറ്റ സീറ്റിൽ രണ്ടുപേരും സഹകരിച്ചു യാത്രചെയ്യണം എന്ന് മനസിലാക്കിയതോടെ പെട്ടന്ന് തന്നെ വർക്കിയും നിലപാട് മാറ്റി,

“എന്നിട്ട് നീയത്‌ സമ്മതിച്ചോ ? “

വർക്കിയുടെ വിളറിയ ചോദ്യത്തിൽ നിലപാട് മാറ്റം പ്രകടമായിരുന്നു,

” കൊറോണക്കാലമല്ലേ, അഡ്ജസ്റ്റ് ചെയ്യാനുള്ള കാലമല്ലേ, എന്നൊക്കെ ഫൽഗുനൻ വക ന്യായികരണം കൂടുതൽ കേൾക്കാൻ ത്രാണിയില്ലാത്തതു കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു “

“അവന്റെ തന്തയോട് പറ അഡ്ജസ്റ്റ് ചെയ്യുവാൻ, കൊറോണകാലമായിട്ട് വല്ല കാട്ടറബിയുടെ കൂടെ ഓഞ്ഞ പിക്കപ്പിൽ യാത്ര ചെയ്യുവാൻ നമ്മളെ കിട്ടില്ലന്ന് നീയെന്താ പറയാഞ്ഞത് “

ഐക്കന്റെ വിശദീകരണം കേട്ടതോടെ വർക്കിക്ക് ആനത്തലവട്ടത്തിൽ നിന്ന് ഉണ്ണിത്താനിലേക്ക് ക്ഷണനേരം കൊണ്ട് രൂപമാറ്റം സംഭവിച്ചിരുന്നു,.

” കാട്ടറബിയുടെ പിക്കപ്പ് ആയതുകൊണ്ട് ഇന്ന് നമ്മൾ പണിമുടക്കുന്നു, , ആത്മാഭിമാനമാണ് വലുത്, ഇന്നത്തെ ശമ്പളം പോട്ടെ, പണം പോയി പവർ വരട്ടെ “

ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ വൈദഗ്ധ്യത്തോടെ വർക്കി നിലപാട് പ്രഖ്യാപിച്ചു,

തങ്ങളുടെ സമരപ്രഖ്യാപനം ഫൽഗുണനെ അറിയിക്കുവാൻ വാട്ട്‌സാപ്പിൽ ടൈപ്പ് ചെയ്യുന്ന തിരക്കിലേക്ക് വർക്കി കടന്നപ്പോഴാണ്,
ഐക്കനിലെ തോമസ് ഐസക്കിന് ജീവൻവെച്ചത്,

” ഇന്ന് വ്യാഴാഴ്ച്ച, ഇന്ന് അവധിയെടുത്താൽ, നാളെ വെള്ളിയാഴ്ച്ച അവധി ദിവസത്തെ ശമ്പളം കൂടി കട്ടാകും “

ഐക്കനിലെ സാമ്പത്തികവിദഗ്ധന്റെ കണക്കുകൂട്ടലിനു മുന്നിൽ വർക്കിയുടെ സമരപ്രഖ്യാപനം അകാലമൃതിയടഞ്ഞു,
ഫ്ലാറ്റിന് പുറത്ത് പിക്കപ്പും അറബിയും കാത്തുകിടക്കുന്നുവെന്ന ഫൽഗുണസന്ദേശം വാട്ട്സാപ്പിൽ ലഭിച്ചതോടെ, ഐക്ക-വർക്കിമാർ സമരനീക്കം ഉപേക്ഷിച്ചു ജോലിക്കായി പുറത്തേക്ക്,

#### ##### ##### ######

” ഇതെന്തുവാടെ മത്തങ്ങാ ബലൂൺ സിഗരറ്റ് വലിക്കുന്നോ? “

പിക്കപ്പിൽ ചാരി നിന്ന് പുകയൂതി രസിക്കുന്ന അറബിയെ കണ്ട് ഐക്കനോടായി വർക്കിയുടെ ആത്മഗതമുയർന്നു,

” ഇവന് ഇരിക്കാൻ തന്നെ വേണമല്ലോ, മുന്നിലേ രണ്ടു സീറ്റും “

സിനിമ താരം സുനിൽസുഗതയേയും, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇൻസമാംഉൾഹഖിനെയും ഓർമ്മിപ്പിക്കുന്ന ശരീരത്തിനുടമയായ, എന്നാൽ അവരുടെ അത്രയും നീളമില്ലാത്ത അറബിഡ്രൈവറെ സാകൂതംനിരീക്ഷിച്ചു ഐക്കൻ വക മറുപടി വർക്കിയിലേക്ക്,

ഇരുവരും അറബിഅളിയന് അസ്സലാം അലൈക്കും കൈമാറി അറബിഅളിയൻ മടക്കി നല്കിയ സലാം ഏറ്റുവാങ്ങി പിക്കപ്പിനുള്ളിലേക്ക് ,

പരിമിതികളെ വെല്ലുവിളിയായി സ്വീകരിച്ചു , സോഷ്യലിസത്തിന്റെ ഉത്തുംഗ മാതൃകയായി ഇരുവരും ഇരിപ്പുറപ്പിച്ചു ,

“സുഖമാണോ “

ഡ്രൈവർ സീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ അറബി ഇരുവരോടുമായി തന്റെ മലയാളവിജ്നാനം പുറത്തെടുത്തു ,കൂട്ടത്തിൽ ആദിൽ എന്ന തന്റെ പേരും അറിയിച്ചു ,

അപ്രതീക്ഷിതമലയാളം കേട്ട ഐക്ക -വർക്കിമാർ പുളകം കൊള്ളവേ ,തനിക്ക് ഒരു മലയാളം വാക്കുകൂടി അറിയാമെന്ന് അഭിമാനത്തോടെ ആദിൽ അറിയിച്ചു ,

ഒരു ഇരമ്പലോടെ പിക്കപ്പ് നീങ്ങി തുടങ്ങിയപ്പോൾ ,പതിവ് പുഞ്ചിരി നിലനിർത്തി ആദിൽ തന്റെ അറിവിന്റെ ഖജനാവിൽ രത്‌നഖനിപോലെ താൻ സൂക്ഷിക്കുന്ന രണ്ടാമത്തെ മലയാളം പദവും റിലീസ് ചെയ്തു ,

” പോ മൈരേ “

ഒട്ടകത്തിന് തീറ്റ വാങ്ങുവാൻ പോകുന്ന കടയിലെ നല്ലവനായ മലയാളി പഠിപ്പിച്ചതാണ് ഈ മലയാള പദങ്ങളെന്നും , കൂടുതൽ മലയാളം പഠിപ്പിക്കാമെന്ന് തനിക്ക് വാഗ്ദാനം തന്ന ആ നല്ലവനായ മലബാറിയെ അവന്റെ സേവനത്തിൽ പെരുത്ത് ഇഷ്ട്ടം തോന്നിയ ഹറാമിയായ സ്പോൺസർ നാട് കടത്തിയെന്നും വേദനയോടെ ആദിൽ പിക്കപ്പിന്റെ ഗിയർ മാറുന്നതിനിടയിൽ ശുദ്ധമായ ആംഗലേയത്തിൽ ഇരുവരെയും അറിയിച്ചു ,

” ഇവന് നമുക്ക് ആശാന്റെ നാട്ടുഭാഷയും , പൂഞ്ഞാറിയൻ ശ്ലോകങ്ങളും പഠിപ്പിച്ചാലോ “

വർക്കിയുടെ വെടക്ക് ചിന്തകൾ ആദിലിന് മലയാളം കോച്ചിങ്ങ് ക്ലാസ്സെടുക്കുന്നതിലേക്ക് നീണ്ടപ്പോൾ ,ഐക്കന്റെ ആശങ്ക മാസ്ക് വെക്കാത്ത ആദിലിനെ കുറിച്ചായിരുന്നു ,
ഐക്കന്റെ അഭ്യർത്ഥനമാനിച്ചു അതൃപ്തിയോടെയെങ്കിലും കഴുത്തിൽ തൂങ്ങിക്കിടന്ന മാസ്ക്കിനെ ആദിൽ യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചു ,

കുറച്ചു ദൂരം മുന്നോട്ട് നീങ്ങി ഒരു കോഫീഷോപ്പിന് ഓരം ചേർന്ന് നിന്ന പിക്കപ്പിൽ നിന്നിറങ്ങി ,അഞ്ചു മിനിറ്റ് പറഞ്ഞു പുറത്തേക്ക് പോയ ആദിൽ മടങ്ങിവന്നത് അഞ്ചോളം സാൻഡ്വിച്ചുകളും അത്രയും തന്നെ കൂൾ ഡ്രിങ്ക്സുമായിട്ടായിരുന്നു ,

“ഇതെന്താണ് സഞ്ചരിക്കുന്ന കോഫീ ഷോപ്പോ?”

സാൻഡ്വിച്ചും ,ഡ്രിങ്ക്‌സും കയ്യിലേന്തി കോഫീഷോപ്പിൽ നിന്നും പിക്കപ്പിനരികിലേക്ക് മന്ദം മന്ദം നടന്നുവരുന്ന ആദിലിനെ നോക്കി ഇരുവരും ഒരേ സ്വരത്തിൽ നെടുവീർപ്പിട്ടു,

അല്പ ദൂരം കൂടി മുന്നോട്ട് നീങ്ങിയ വണ്ടി ,പ്രധാന പാതയിൽ നിന്ന് ഇടറോഡിലേക്ക് കയറിയതോടെ
” ഇവനിത് എങ്ങോട്ടാണ് പോകുന്നത് ” എന്ന ആശങ്കയോടെ ഇരുവരും മുഖാമുഖം നോക്കിയതോടെ ,

ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോഴാണ് തന്റെ വീടെന്നും , അവിടെ തന്റെ ഒരു സുഹൃത്ത് കാത്തുനില്പ്പുണ്ടെന്നും ,സുഹൃത്തിനെ ഏതാനും കിലോമീറ്റർ അപ്പുറമുള്ള ജോലിസ്ഥലത്തേക്ക് അത്യാവശ്യമായികൊണ്ടുവിടണമെന്നും ,അതുവരെ ഇരുവരും തൻ്റെ വീട്ടിൽ വിശ്രമിക്കണമെന്നും ,ആദിൽ ഐക്ക-വർക്കിമാരോട് അഭ്യർത്ഥിച്ചു ,

” ചുമ്മാതല്ല ഇവാൻ മലയാളം പറഞ്ഞു സോപ്പിട്ടതും , സാൻഡ്വിച്ചു വാങ്ങി തന്നതുമൊക്കെ ,ഇവൻ ഒരേ സമയം പല കൊട്ടേഷനാണല്ലോ പിടിച്ചേക്കുന്നത് ,അതൊന്നും നടക്കില്ലെന്ന് പറയു “

ഐക്കൻ വർക്കിയുടെ കാതിൽ മന്ത്രിച്ചു ,

” അവൻ സാൻഡ്വിച്ചു നീട്ടിയപ്പോൾ തന്നെ വാങ്ങിയത് നീയല്ലേ ,അത് തിന്നു തീരും മുമ്പ് പറ്റില്ല എന്ന് എങ്ങനെ പറയും “

വർക്കി ആശയക്കുഴപ്പത്തിലാണ്ടു ,

” ഫൽഗുണനെ വിളിക്കാം ,ഇതുപോലെയുള്ള വള്ളികെട്ട് പറ്റില്ലായെന്ന പറയാം”

വർക്കി ഫോണിൽ ഫൽഗുണന്റെ നമ്പർ ഡയൽ ചെയ്യുമ്പോഴേക്കും ,പിക്കപ്പ് ആദിലിന്റെ വീട്ടുമുറ്റത്തു എത്തിയിരുന്നു ,

” ഇതൊന്നും പറ്റില്ല ,ഞങ്ങൾക്ക് വെയിറ്റ് ചെയ്യുവാൻ കഴിയില്ല “

ഐക്ക – വർക്കിമാർ പിക്കപ്പിൽ നിന്നിറങ്ങാതെ തങ്ങളുടെ നിലപാട് ആദിലിനെ അറിയിച്ചു ,

” കൂൾ കൂൾ ” തന്റെ തടിച്ച ശരീരം ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് ആദിൽ ഇരുവരെയും സമാധാനിപ്പിക്കുന്ന നേരത്താണ് ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു ഫിലിപ്പൈൻ യുവതി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിവന്നത് ,

“ഇത് എന്റെ ഫ്രണ്ട് മറിയ ,ഇവൾ ഇടയ്ക്കിടെ എന്റെയടുത്തു വരാറുണ്ട് ,ഇന്നലെ രാത്രി ഇവൾ എന്റെ കൂടെയായിരുന്നു”

പല്ലുകൾ മുഴുവൻ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് ആദിൽ ഇരുവർക്കും മറിയയെ പരിചയപ്പെടുത്തി ,

സുന്ദരിയാം മറിയയെ കണ്ടതോടെ അതുവരെ മേഘാവൃതമായിരുന്ന ഇരുവരുടെയും മുഖം അമ്പിളിമാമൻ ഉദിച്ച പോലെ തിളങ്ങി ,

ഇരുവർക്കും ജോലിസ്ഥലത്തെത്താൻ ധൃതി ഉള്ളതിനാൽ മറ്റൊരു ടാക്സി പിടിച്ചു പോകുവാൻ ആദിൽ മറിയയെ അറിയിച്ചതോടെ വർക്കി തന്റെ വിശാലമനസ്സ് പുറത്തെടുത്തു ,

” ഇതൊക്കെയല്ലേ ഒരു സഹായം കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങൾക്കൊപ്പം സഹകരിച്ചു ഇവിടെയിരിക്കാം “

വർക്കിയുടെ സഹകരണമനോഭാവം ഹിമാലയത്തോളമുയർന്നപ്പോൾ ,ഐക്കൻ ഇടപെട്ടു ,

“ഇവിടെ നമുക്ക് രണ്ടുപേർക്ക് ഇരിക്കാൻ തന്നെ സ്ഥലമില്ല, അതിനിടയിൽ അവൾ നിന്റെ തലയിൽ കയറി ഇരിക്കുമോ “

“ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാമെന്നല്ലേ പ്രമാണം ,അതുപോലെ വേണ്ടിവന്നാൽ മൂന്നുപേർക്ക് ഒറ്റ സീറ്റിലും ഇരിക്കാം, “

ഐക്കന്റെ എതിർപ്പിനെ വർക്കി നിമിഷനേരം കൊണ്ട് തൻ്റെ പഴംചൊല്ലിനാൽ തുടച്ചു നീക്കി ,

“അവൾ മാസ്ക്ക് പോലും ഇട്ടിട്ടില്ല “

മറിയ പിക്കപ്പിനരികിലേക്ക് നടന്നടുക്കവേ ഐക്കനിലെ അസ്വസ്ഥത വീണ്ടും മുളയിട്ടു,

” കൊറോണ പോലും തോറ്റുപോകുന്ന ആ സുന്ദരമായ മുഖത്തിന് എന്തിനാടാ മാസ്ക്ക് “

ഐക്കന്റെ അസ്വസ്ഥതയെ വീണ്ടും വർക്കി വാക്കുകൾ കൊണ്ട് കഴുകികളയവേ മറിയ നിറപുഞ്ചിരിയോടെ പിക്കപ്പിനുള്ളിലേക്ക് വലതുകാൽ വെച്ച് കയറിക്കഴിഞ്ഞിരുന്നു,

ഇരുവരുടെയും സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മറിയ വർക്കിയുടെ വലതു തുടയിലും, ഐക്കന്റെ ഇടതുതുടയിലുമായി തന്റെ ഭാരമേറിയ ശരീരം ഇറക്കിവെച്ചു,

തത്സമയം വർക്കിയുടെ മുഖത്ത് അനുഭൂതിയുടെ ആയിരം നക്ഷത്രങ്ങൾ വിടർന്നപ്പോൾ, ഐക്കനിൽ അസഹിഷ്ണുതയുടെ കറുത്തവാവാണ് നിറഞ്ഞത്,

“രണ്ടു ടണ്ണിന്റെ റോഡ്റോളർ എടുത്തുവെച്ചത് പോലുണ്ട് “

ഐക്കന്റെ അസ്വസ്ഥത പിറുപിറുപ്പായി ഉയർന്നപ്പോൾ വർക്കിയുടെ മറുപടി,
ഇതൊക്കെ നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന അത്ഭുതങ്ങളിൽ ഒന്നാണ്, എതിർക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക എന്നായിരുന്നു,

പിക്കപ്പ് പിന്നെയും മുന്നോട്ടു നീങ്ങവേ കയ്യിലിരുന്ന സാന്ഡ് വിച്ഛ് ഒന്ന് കടിച്ച ശേഷം മറിയ ആദിലിന്റെ നേർക്ക് നീട്ടി, ഡ്രൈവ് ചെയ്യുന്നതിനിടയിൽ ആദിലിന്റെ വകയും ഒരു കടി,

“മനുഷ്യന്റെ തുട പാണ്ടി ലോറി കയറിയ തവളപോലെയായി, അവർ കടിച്ചു കളിക്കുന്നു
എന്നാലും കച്ചിത്തുറു പോലീരിക്കുന്ന ഇവനൊക്കെ ഇതിനെയൊക്കെ എവിടുന്നു ഒപ്പിക്കുന്നു “

കടിയും മറുകടിയും നിർലോഭം തുടരവേ ഐക്കന്റെ ഇടറിയ വാക്കുകൾ പുറത്തേക്കൊഴുകി,

,ഐക്കന്റെ അസഹിഷ്ണുത മുഖത്ത് നിന്ന് വായിച്ചെടുത്ത ആദിൽ,മറിയക്കിറങ്ങുവാനുള്ള സ്ഥലത്ത് അഞ്ചു മിനിറ്റിനുള്ളിലെത്തുമെന്ന് ആശ്വാസ വാക്കിന്റെ രൂപത്തിലറിയിച്ച നേരത്ത് തന്നെ വർക്കിയിലെ വിശാലമനസ്കത വീണ്ടും ചിറക് വിടർത്തി,

” ഡോണ്ട് വറി നോ പ്രോബ്ലം ഡിയർ “

വേണ്ടിവന്നാൽ യാത്രയുടെ അവസാനം വരെയും മറിയയുടെ പിൻഭാരം താങ്ങുവാൻ തയ്യാറെന്ന നിലയിലായിരുന്നു വർക്കിയുടെ വാക്കുകൾ,

ഒരു ഹോസ്പിറ്റലിന് മുന്നിൽ പിക്കപ്പ് നിന്നതോടെ ആദിലിനു ഉമ്മയും, ഐക്ക-വർക്കിമാർക്ക് ഇത്രയും നേരം തന്റെ ഭാരം താങ്ങിയതിനു ഓരോ സൗജന്യ ആലിംഗനവും കൈമാറി മറിയ യാത്രപറഞ്ഞിറങ്ങി,

മറിയവക ആലിംഗന ശുശ്രുഷ ലഭിച്ചതോടെ ഭാരംതാങ്ങി തളർന്ന തന്റെ ഇടതുകാലിനെയോർത്ത് അതുവരെ അസ്വസ്ഥതയുടെ ആഴക്കടലിൽ കാലിട്ടടിച്ചിരുന്ന ഐക്കനും മറിയയെ നിറപുഞ്ചിരിയോടെ കൈവീശി യാത്രയാക്കി,

തുടർന്നുള്ള യാത്രയിലും മടക്കയാത്രയിലുമായി ഐക്ക -വർക്കിമാർ ആദിലുമായി കൂടുതൽ അടുക്കുകയും, ആദിലും മറിയയും തമ്മിലുള്ള മുന്നണി ധാരണകൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു,

തന്റെ ഉരുണ്ടശരീരവും, എസ്.ജാനകിയെ അനുസ്മരിപ്പിക്കുന്ന ശബ്ദവും കൈമുതലാക്കി അടുത്തുള്ള ഹോസ്പിറ്റലിൽ ദൈവത്തിന്റെമാലാഖയായി ജോലിചെയ്യുന്ന മറിയയെന്ന ഫിലിപ്പൈനി മഹിളാമണിയുമായി സൗഹൃദത്തിലായതും, ആഴ്ച്ചയിൽ ഒന്നിലേറെ ദിവസങ്ങളിൽ തന്റെ സൗഹൃദം തേടി മറിയ വിരുന്നെത്തുന്നതും പതിവ് ചിരിയുടെ അകമ്പടിയോടെ അഭിമാനപൂർവ്വം ആദിൽ ഐക്ക -വർക്കിമാർക്ക് മുന്നിൽ വിശദീകരിച്ചു,

ജോലികഴിഞ്ഞു വൈകുന്നേരം റൂമിലെത്തിയിട്ടും ഐക്ക – വർക്കിമാരുടെ സംഭാഷണത്തിൽ മറിയയും, ആദിലും തന്നെയായിരുന്നു,

” ഇന്ന് വന്ന പിക്കപ്പ് ഡ്രൈവറുടെ സർവീസ് വളരെ നല്ലതാണ്, അടുത്ത ദിവസങ്ങളിൽ പോകാൻ കമ്പനിവക കാർ വേണമെന്ന് നിർബന്ധമില്ല, ആ പിക്കപ്പായാലും മതി “

ഐക്ക – വർക്കിമാർ അന്നത്തെ യാത്രയുടെ ഫീഡ്ബാക്ക് ആ രാത്രി തന്നെ ഫൽഗുണനിലേക്ക് സെന്റ് ചെയ്തു കഴിഞ്ഞിരുന്നു,

#### ###### ###### ######

മുന്ന് ദിവസങ്ങൾക്ക് ശേഷം മറ്റൊരു പ്രഭാതം,
വീണ്ടും സൈറ്റ് വിസിറ്റിങ്ങിനു പോകേണ്ട ദിവസം,
ആദിലിന്റെ പിക്കപ്പ് വരുന്നതും കാത്ത്, ഏറെ വൈകാതെ ആഗതമാകുവാൻ പോകുന്ന മറിയയുടെ സാമിപ്യത്തെ കുറിച്ച് മനസ്സിൽ സുന്ദര സ്വപ്‌നങ്ങൾ താലോലിച്ചു നിൽക്കവെയാണ്, വർക്കിയുടെ ഫോൺ ശബ്ദിച്ചത്,

മറുതലക്കൽ ആദിലായിരുന്നു,

” എനിക്ക് ഇന്ന് വരുവാൻ കഴിയില്ല, ഞാൻ ഇന്ന് മുതൽ കൊറന്റൈനിലാണ് “

“കൊറന്റൈനോ എന്തിന്”

വർക്കിയുടെ മൊബൈലിലെ ലൗഡ്സ്പീക്കറിൽ നിന്ന് പുറത്തേക്കൊഴുകിയ ആദിലിന്റെ വാക്കുകൾക്ക് ഐക്ക-വർക്കിമാരിൽ നിന്ന് ഒരേപോലെയാണ് ആശങ്കയുടെ ശബ്ദമുയർന്നത്,

” രണ്ടു ദിവസമായി മറിയക്ക് ചെറിയ പനിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ട് അവളുടെ റിസൾട്ട് വന്നു പോസിറ്റിവാണ് , അവൾക്ക് പോസിറ്റിവ് ആണേൽ ഐ ആം ആൾവെയ്സ് പോസിറ്റീവ്, നിങ്ങളും ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ് “

മറുതലക്കൽ ആദിലിന്റെ സംഭാഷണം നിലച്ചെങ്കിലും പിന്നെയും അല്പനേരംകൂടി
ഐക്ക -വർക്കിമാർ മുഖാമുഖം നോക്കി മൗനം പാലിച്ചു നിന്നു,

“ഇതിനെയാണ് വഴിയേപോയ കൊറോണയെ പിടിച്ചു മടിയിലിരുത്തിയെന്ന് പറയുന്നത്,
കോവിഡ് ടെസ്റ്റിന്റെ ചിലവും , അത് കഴിഞ്ഞ് റൂമിൽ കൊറന്റൈൻ കഴിയുന്ന ദിവസങ്ങളിലെ ശമ്പളവും നമ്മുടെ കമ്പനി തരില്ല അറിയാമല്ലോ,
അനുഭവിച്ചോ”

ഐക്കനിലെ സാമ്പത്തികവിദഗ്ദ്ധന്റെ കണക്കുകൂട്ടലുകൾ അല്പനേരത്തെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് വിലാപമെന്നോണം പുറത്തേക്ക് വന്നതോടെ, അവിടെ മറ്റൊരു വാക്ക്തർക്കത്തിന് വേദിയൊരുങ്ങുകയായിരുന്നു,

കെ.ആർ.രാജേഷ്

By ivayana