രചന : പണിക്കർ രാജേഷ്✍
അവകാശങ്ങൾ പെട്ടിയിലാക്കാൻ
അധികാരികളവരണയുന്നു
അവകാശികളോ കൂനിക്കൂടി
അണിവിരൽ ചൂണ്ടിക്കാട്ടുന്നു
സേവകരും ചില പിൻതാങ്ങികളും
സേവനതല്പരരാകുന്നു
പല്ലുവെളുക്കെക്കാട്ടീയിന്നവർ
ആലയമുറ്റത്തെത്തുന്നു
വർഷംപലതായ് വീണുകിടപ്പോർ
തല്പത്തോടേയെത്തുന്നൂ
മരണത്തെവരെ തോൽപിച്ചു ചിലർ
അവകാശങ്ങളുറപ്പിക്കാൻ
അടയാളങ്ങൾ വിരലിൽതേച്ചവർ
അവശതയോടെ പിരിയുന്നു
സേവകരപ്പോൾ അധികാരികളായ്
അവകാശങ്ങൾ ഹനിക്കുന്നു.