വിടപറയും മുന്നേ
ഒരിക്കൽ കൂടി നോക്കുക
അരുതേയെന്നു മൗനമായ്
മൊഴിയുന്ന മിഴികളെ
അറിയാതെ പോവരുത്…
വിടപറയും മുന്നേ എൻ
ചുണ്ടുകളിലേക്കു നോക്കുക
ചുംബനങ്ങൾ പകുത്തുനൽകാതെ
നിർജീവമായ ശകലങ്ങൾ കാണാം..
വിടപറയും മുന്നേ എൻ
വിരൽത്തുമ്പിലൊന്നു തൊടുക
പ്രണയാർദ്രശ്വേതബിന്ദുക്കളെ
തൊട്ടറിയാൻ സാധിക്കും…
വിടപറയും മുന്നേ
എന്നെയൊന്നു ചേർത്തുപിടിക്കുക
ജീവനറ്റു പോകുമെൻ
ശരീരത്തിൽ നിൻ
ഗന്ധം നിറയ്ക്കുവാൻ..
വിടപറയും മുന്നേ
നിന്നെ പൂർണ്ണമായി
എന്നിൽ നിറക്കുക
അകലുവാൻ ആഗ്രഹിക്കാത്ത
എൻ ആത്മാവിനെ നിറക്കാൻ…
വിടപറയും മുന്നേ
ഒന്ന് നീ അറിയുക
എന്നേക്കുമായി അടയുന്ന
എൻ മിഴികൾക്കു
മുന്നിലെ ഇനി നീ വരാവൂ.
ഒടുവിലായ് തീനാളങ്ങൾ
എന്നെ വിഴുങ്ങുമ്പോൾ
ഒരു തുള്ളി കണ്ണുനീർ
വീഴ്ത്തി നീ വിടപറയുക…
✍️

ജോളി ഷാജി..

By ivayana