രചന : ബിനു. ആർ ✍
ആത്മാവുപോലും മരവിച്ചിരിക്കുമിക്കാലം
ആത്മസുഹൃത്തേ നീയെവിടെയാണ്!
ആനന്ദതുന്ദിലമാണെന്നോർമ്മകൾ
ആകാശം മുട്ടെ ജ്വലിച്ചു നിൽപ്പൂ!
ചെറുവാല്യക്കാരായന്നു നടന്നകാലം
ചെറുപഠനമുറിയിൽ മഷിത്തണ്ടിനാൽ
ചെറുസ്ലേറ്റുകളിൽ കല്ലുപെൻസിൽ
വരകളൊന്നായ് മായ്ചകാലം
മറക്കുവതെങ്ങിനെ ഞാൻ എൻ
തോളോടുതോൾ കൈയിട്ടു നടക്കും
ആത്മസുഹൃത്തിനെ,കണ്ണിൻകാഴ്ച്ചയിൽ
പോലും കാണാതിരിക്കുവതെങ്ങിനെ ഞാൻ!
അമ്മതൻ സ്നേഹമൂറും പാൽമണംപോൽ
അരുമയായ് ഊട്ടിയ പല കാലങ്ങളിൽ
നീയെൻകരവിരുതിൻ സാന്ത്വനംകണ്ടനാൾ
എൻ ചാരേതന്നെയിരുന്നിരുന്നു!
ഉത്തരോത്തരം പഠിച്ചുവളർന്നനാൾ
ഉത്തുംഗശൃംഗത്തിലെത്താൻ വേർപെട്ടനേരം
ആത്മാവുതന്നെയും വേർപെട്ടതുപോൽ
എൻമനം തേങ്ങിയതുനിനക്കുവേണ്ടി മാത്രം!