രചന : സഫി അലി താഹ ✍
ആ സ്ത്രീയുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു,എന്നാൽ അത്രയും ഉറച്ചതുമായിരുന്നു.
എന്നോട് സഹകരിക്കാത്ത ഒരുത്തിയെ എന്തിനാണ് എനിക്ക് ഭാര്യയായി?
അയാളുടെ ശബ്ദം തെല്ല് ഉയർന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും അപ്പുറത്തെ വശത്തിരുന്ന സ്ത്രീയെ നോക്കി. അവൾ തെല്ലും പതർച്ചയില്ലാതെ അയാളെ നോക്കി പുഞ്ചിരിച്ചു. ജനലിലൂടെ എത്തിനോക്കുന്ന മനുഷ്യരെ ഉൾപ്പെടെ അവൾ ആ ഭാവത്തിൽ നോക്കി.
ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനാണ് ഞാനും എന്റെയൊരു കൂട്ടുകാരിയും അന്ന് ആ ഡോക്ടറുടെയടുത്ത് പോയത്. മേപ്പിൾ ഇലകൾ എന്ന നോവലിൽ ഉപയോഗിക്കാൻ കഴിയുന്ന പലവിധ മനഃശാസ്ത്ര പ്രശ്നങ്ങളും മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടി എനിക്കുണ്ടായിരുന്നു.
ഭാര്യയെന്ന നിലയിൽ നിങ്ങൾ അദ്ദേഹത്തോട് ചെയ്യുന്നത് തെറ്റല്ലേ എന്ന് ഡോക്ടർ ആ സ്ത്രീയോട് ചോദിച്ചു.
യാതൊരു തെറ്റുമില്ല ഡോക്ടർ. ഭാര്യയെന്ന നിലവിലുള്ള യാതൊരു പരിഗണനയും എനിക്ക് നൽകാത്ത ഒരാളോട് അത്രയൊക്കെയേ എനിക്ക് പറ്റൂ.
അവൾക്ക് ആഹാരവും വസ്ത്രവും നൽകുന്നുണ്ട്, മക്കളുടെ കാര്യങ്ങളും ചെയ്യുന്നുണ്ട്, ഞാൻ പറയുന്നത് കേട്ട് ജീവിച്ചാൽ മാത്രം മതി അവൾക്ക്. എന്തിന്റെ ബുദ്ധിമുട്ടാണ്? അയാൾ ചോദിച്ചു.
ഡോക്ടർ എനിക്ക് ഇടയ്ക്കാണ് ഒരു പനി വന്നത്, എണീക്കാൻ വയ്യെങ്കിലും പിറ്റേന്ന് ഞാൻ മക്കൾക്കും പുള്ളിക്കും വേണ്ടി ആഹാരമുണ്ടാക്കി, വീട്ടിലെ എല്ലാ ജോലിയും ചെയ്തു. മൂന്ന് ദിവസം അത്രയേറെ വയ്യാതിരുന്നിട്ടും കുറവുണ്ടോ, ഹോസ്പിറ്റലിൽ പോകണോ എന്ന് ചോദിച്ചിട്ടില്ല. മുൻപൊരിക്കൽ കൈ വയ്യാതെ വലിയ വായിൽ നിലവിളിക്കുമ്പോൾ എന്റെ വായിൽ തുണി കുത്തിക്കേറ്റി, ചെവി വേദനയെടുത്ത് പുളയുമ്പോൾ സ്റ്റീൽ പാത്രമെടുത്ത് കൊട്ടാൻ പറഞ്ഞു…..
രാത്രിയിൽ എന്നിലേക്ക് വരുമ്പോൾ ഞാൻ എങ്ങനെയാണ് പുള്ളിയോട് സഹകരിക്കേണ്ടത്. എനിക്ക് സെക്സ് എന്നാൽ വികാരശമനമല്ല, സ്നേഹമാണ്. മുൻപ് എന്നെ അത്രയേറെ ക്രൂരമായി ഉപദ്രവിച്ചശേഷം എന്നിലേക്ക് വരുമ്പോഴും ഞാൻ വഴങ്ങിയിരുന്നു.ഇന്നെനിക്ക് ആവശ്യം സ്നേഹമാണ്…..Doctor iam not a sex toy…..
ഞങ്ങൾ ഡോക്ടറുടെ മറുപടിയ്ക്കായി കാത്തിരുന്നു.
നിങ്ങൾക്കും കുട്ടികൾക്കും ഒരു രോഗം വന്നാൽ അവർ പരിചരിക്കില്ലേ?
അവൾ തന്നെ നോക്കാനുള്ളവൾ പിന്നെ ആരാണ്?
എത്ര വയ്യെങ്കിലും അവൾ ആ വീട്ടിലുള്ള ജോലികൾ ചെയ്യാറില്ലേ?
അതിനാണ് പെണ്ണ്.ഞാൻ ജോലി ചെയ്യുന്നതോ?
ഓഹോ,അങ്ങനെയെങ്കിൽ ഓരോ പുരുഷന്റെയും കടമയാണ് നിങ്ങളും ചെയ്യുന്നത്, അതിൽ കൂടുതൽ ഒന്നുമില്ല.
അവൾക്ക് എന്തിന്റെ കുറവാണ്? സുഖിച്ചിരിപ്പല്ലേ വീട്ടിൽ? എന്താ പണി!!
നിങ്ങൾ ഷോപ്പ് നടത്തുന്നത് പോലെ ജോലിയുണ്ട് അവർക്ക് വീട്ടിലും. അവൾ ചെയ്യുന്ന ജോലികൾ ഒരു വേലക്കാരി ചെയ്യുന്നത് ഓർത്തുനോക്കൂ, എത്ര രൂപ നിങ്ങൾ കൊടുക്കേണ്ടി വരും? അപ്പോൾ അവരും ഒരു income വീട്ടിലേക്ക് നൽകുന്നില്ലേ?അവൾ ഇതൊക്കെ നിർത്തിയാൽ ആരും കുറ്റം പറയാനില്ല. സുഖമില്ല എന്ന് പറഞ്ഞാൽ പോരെ?
ഡോക്ടർ, സ്നേഹമില്ലാത്ത, യാതൊരു കരുതലുമില്ലാത്ത, മർദ്ദനങ്ങളും ചീത്തവിളിയും, ആളുകളുടെ മുന്നിൽ നാണം കെടുത്തലും മാത്രമുള്ള ഭർത്താവ് കാരണം ഞാൻ ഈ sex വെറുത്തുപോയി, അറപ്പാണ് എനിക്കിപ്പോൾ. അത് മാറാൻ എന്തെങ്കിലും മരുന്നുണ്ടോ?
ഡോക്ടർ കുറെ നേരം മൗനമായിരുന്നു, ഞാൻ ശ്രദ്ധിക്കുകയായിരുന്നു,പുള്ളി ഇത്രയും ദേഷ്യത്തോടെ കാര്യങ്ങൾ പറഞ്ഞപ്പോഴും നിങ്ങൾ ക്ഷമാപൂർവ്വം പുഞ്ചിരിയോടെയാണ് ഇതൊക്കെ പറഞ്ഞത്!!
ഡോക്ടർ, വേദനകൾ പുഞ്ചിരികൊണ്ട് മറയ്ക്കാൻ ഞാൻ ശീലിച്ചു, എന്ത് ചെയ്താലും കുറ്റപ്പെടുത്തൽ മാത്രം കേൾക്കുന്ന എനിക്ക് എന്തിനോടും ഇപ്പോൾ നിർവികാരതയാണ്. എന്റെ മക്കളെ ആലോചിച്ചു മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്, പുള്ളിക്ക് ആഹാരം, വസ്ത്രം, പരിചരണം ഒക്കെ ഞാൻ ചെയ്യും. സ്നേഹമില്ലാത്ത sex മാത്രം പറ്റില്ല. അവളുടെ ശബ്ദം ഉറച്ചതായിരുന്നു, നെറ്റിയിലെ പൊട്ട് ഒന്നൂടെ ഉറപ്പിച്ച് അവൾ എണീക്കുമ്പോൾ എനിക്കെന്തോ കണ്ണുകൾ നിറഞ്ഞു…..
വേദന കടിച്ചിറക്കി കല്ലായ ഒരുവൾ…..എന്റെ മനസ്സ് മന്ത്രിച്ചു.വീണ്ടും വീണ്ടും വലിയ വട്ടപ്പൊട്ട് ഒട്ടിക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്ന അവൾ പുഞ്ചിരി തെല്ലും മായാതെ പറഞ്ഞു,നെറ്റിയിലെ പൊട്ടിന് താഴെ ആഴത്തിലൊരു മുറിവുണ്ട്, പപ്പടം കുത്തി കൊണ്ട് കുത്തിയത്….. അതാരും കാണരുതല്ലോ!!💔