രചന : ബിന്ദു അരുവിപ്പുറം✍
പൂമരച്ചോട്ടിലന്നെത്രയോ നേരം
കൈകോർത്തിരുന്നതല്ലേ,
താമരപ്പൊയ്കയിലരയന്നമായന്നു
നീന്തിത്തുടിച്ചതല്ലേ!
പൂമഴപെയ്തനേരം മിഴിപ്പീലി നാം
കോർത്തു രസിച്ചതല്ലേ,
സ്നേഹസങ്കീർത്തനം ചൊല്ലി നീയെപ്പൊഴും
സുമശരമെയ്തതല്ലേ!
ആരോരുമറിയാതെ കനവുകളൊക്കെയു-
മെന്നിടനെഞ്ചിലാക്കി
വർണ്ണച്ചിറകു വിടർത്തി മുകിലുപോല-
ഴകായ് പറന്നതല്ലേ!
മധുരമായ് പഞ്ചമം പാടുന്ന കുയിലുകൾ-
ക്കൊത്തു നാം പാടിയില്ലേ,
ആലോലമാടിയൊഴുകിയെത്തും മോഹ-
ത്തെന്നലിലാടിയില്ലേ!
ഹൃദയങ്ങളിഴചേർന്നു നിറതിങ്കളൊളിയിലാ-
വാടിയിലൂയലാടി
നെയ്തൊരാസ്വപ്നങ്ങളെല്ലാം കുറുമ്പുള്ളോ-
രോർമ്മകൾ മാത്രമായി.
ചിന്തകൾ മൊട്ടിടുന്നേരം മിഴികൾ തു-
ളുമ്പിയൊഴുകിടുന്നു.
പ്രണയക്കനൽച്ചൂടിൽ വിരഹമിന്നഗ്നിയായ്
ചാരത്തണഞ്ഞിടുന്നു.
കുളിരാർന്ന മൊഴികളച്ചെറുക്കാറ്റിലിന്നെല്ലാം
മെല്ലെയലിഞ്ഞുവെന്നോ!
മറവിയ്ക്കുപോലും മറച്ചിടാനാവാത്തൊ-
രഗ്നിയായ് പ്രണയമെന്നോ!
മൗനം തളച്ചിട്ട ചങ്ങലക്കെട്ടിലി-
ന്നവളും തകർന്നുപോയോ?
മൃതിയോളമീമണ്ണിൽ നെമ്പരത്തിരിയായി-
ട്ടവളെരിഞ്ഞീടുമെന്നോ!