പഴയ തട്ടിൻപുറമല്ലിന്നു-
പരതാം, സ്റ്റോർ റൂം പകരം.
എട്ടുകാലി,യെലി,പല്ലി,പഴുതാര
ചിതലി,രട്ടവാലൻ,വെട്ടുക്കിളിയും
മൊത്തമായ് വാഴുമീ പുരാവസ്തു വിഴുപ്പിൽ
കണ്ടെത്താനാമോ നിധികുംഭ ശേഖരം.
പുരാതന ഗന്ധം,പുറംചട്ട പൊട്ടിയ
പുരാണഗ്രന്ഥവും താളിയോലയും.
പുറത്തെടുക്കാം,പൊടിതട്ടി പുത്തനാക്കാം.
ഗ്രാമഫോൺപെട്ടി പൊട്ടി
വാൽവു റേഡിയോവും.
പാളവിശറി,പഴംപായ,തടുക്ക്,
റാന്ത,ലെണ്ണവിളക്കു,പെട്രോമാക്സും.
എവറെഡിടോർച്ചോലക്കുട,
പേനാക്കത്തി,പാക്കുവെട്ടി,ചൊരക്കത്തി
മുറുക്കാൻ ചെല്ലം,കോളാമ്പി,യിടികല്ലു,കുരണ്ടി
പനവട്ടി,മുറം,കൊട്ട,യടപലക.
പൊട്ടിയ കലം,ചട്ടി,ചിരവ,ചിരട്ടത്തവി
അരകല്ലാട്ടുകൽ,തിരികല്ലു,രൽ
ഉറിയും,പരണും,പാതാളക്കരണ്ടിയും.
കുടവൻപിഞ്ഞാണ,മോട്ടുരുളി
കിണ്ടി,ചെമ്പുകല,മുപ്പുമാങ്ങാ ഭരണിയും.
മുണ്ടുപെട്ടി,യരിപ്പെട്ടി,യിസ്തിരിപ്പെട്ടി-
യീർച്ചവാൾ,തട്ടുപടി,കലപ്പയും.
മഞ്ചാടിക്കുരു,മയിൽപ്പീലി,മുറിപ്പെൻസിൽ
വക്കുപൊട്ടിയ സ്ലേറ്റ്,വളപ്പൊട്ടുകൾ.
ഒടുവിലായ് നിറംമങ്ങിയചിത്രങ്ങൾ-
ക്കിടയിലൊരൂന്നു വടിയും കണ്ണടയും.
ആർക്കും വേണ്ടാത്തൊരാ വനാഴിയിൽ
പിന്നെയുമിങ്ങനെ പല…പല….!

ജയൻ തനിമ

By ivayana