രചന : റെജി എം ജോസഫ് ✍
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കായി സ്വന്ത ഇഷ്ടങ്ങൾ ത്യജിച്ചവരേറെ! ചേരാത്ത വസ്ത്രങ്ങൾ പോലെ കൊണ്ടു നടക്കുന്നവരേറെ! കാലം വെറുതേ തളളി നീക്കുന്നവരേറെ! കയറിച്ചെന്ന വീട്ടിൽ പൊരുത്തപ്പെടാനാകാതെ പാതിവഴിയിൽ നഷ്ടപ്പെട്ടവരേറെ! ഇനിയും പഠിക്കാനാകാത്ത ഒന്നത്രേ ജീവിതം..!മറ്റുള്ളവർക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയ ആളെ ഭർതൃവീട്ടിൽ അപ്രതീക്ഷിതമായി കാണേണ്ടി വന്ന നിമിഷം ആണ് കവിതയിലൂടെ ഇതൾ വിരിയുന്നത്! (കോളേജ് പഠന കാലത്ത് കേട്ടറിഞ്ഞ ഒരു യഥാർത്ഥ സംഭവവും ഭാവനയും)
നിലവിളക്കെരിയുന്നു പകലിലും,
നിലവിളികളുയരുന്നു പരക്കെയും!
നിലക്കാത്ത ദുരിതമൊഴിയുന്നു,
നിലച്ച ഹൃദയമോടവൾ കിടന്നു!
കരളുലയുന്നു, കാഴ്ച്ച മങ്ങീടുന്നു,
കരം ഗ്രഹിച്ചവൾക്ക് മുത്തമേകീടണം!
കാതിലാരാരും കേൾക്കാതൊടുവിൽ,
കനവായിരുന്നു നീയെന്ന് ചൊല്ലേണം!
സമ്മതം ചൊല്ലാത്ത വീട്ടുകാർക്കായി,
സങ്കടം ബാക്കിയായന്നു പിരിയേ,
സാഗരം നിന്നിലലയടിക്കുന്നതും,
സാക്ഷിയാമെന്നെ, ഞാനും വെറുത്തു!
പുതു ജീവിതത്തിലേക്കവൾ കടക്കേ,
പുകച്ചുരുളിൻ വലയമെന്നെ കവർന്നു!
പുരണ്ടെന്നിലാകെ കറുപ്പിൻ കറകൾ,
പുഞ്ചിരിയെന്നിൽ നിന്നാകെയകന്നു!
മരുമകളെ മകളായിക്കാണാത്ത,
മനസ്സാക്ഷിയില്ലാത്ത ശാപങ്ങളെത്ര!
മേനിയിൻ മോഹമടങ്ങിയ തൻ പതി,
മാനം കെടുത്തും പഴിയും തുടങ്ങി!
മഴ പെയ്തു തോരും പകലൊടുവിൽ,
മറയില്ലാക്കിണറ്റിൽ നിന്നവളുയരേ,
മാപ്പിരക്കുമ്പോലെ നിറവയറിൽ,
മരവിച്ച കൈത്തലം തൊഴുതിരുന്നു!
നാറുന്നു എന്നെയെന്നാരോ പറഞ്ഞു,
നാലാള് ചേർന്ന് പുറത്താക്കിടുമ്പോൾ,
നാളങ്ങൾ നിന്നെപ്പുണരുന്നതിൻ മുമ്പ്,
നടന്നകലട്ടേ ഞാൻ നീയില്ലാ ദൂരം!