രചന : എൻ.കെ.അജിത് ആനാരി..✍
ഒരു ചെമ്പട്ടും , അതിൽപ്പൊതിഞ്ഞ നാളീകേരവും ജയിലിൽ നിന്നും വരുന്ന ഷണ്മുഖദാസന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത് എന്നാണ് നമുക്കറിയേണ്ടതായിട്ടുള്ളത്, അതല്ലെങ്കിൽ അതെങ്ങനെയാണ് ഷണ്മുഖ ദാസിന്റെ കുടുംബത്തെ അതുമാറ്റിമറിച്ചത്…?
കഥ തുടരുമ്പോൾ ക്യാമറയിൽ സൂം ചെയ്തു വരുന്നത് ഷണ്മുഖദാസന്റെ മച്ചകത്ത് തൂങ്ങിക്കിടക്കുന്ന നാളികേരമാണ്. വർഷങ്ങളുടെ പഴക്കം ആ ചെമ്പട്ടിൽ പൊടിയും മാറാലയും പിടിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നും ക്യാമറ പോകുന്നത് മുറ്റത്തെ തുളസിത്തറയിലേക്കും, മുറ്റത്തിന് അതിരിടുന്ന കല്പടവുകൾക്ക് താഴെയുള്ള നെൽ വയലിലേക്കും, അതിന് അതിരിട്ടു നില്ക്കുന്ന പാളയംകോടൻ വാഴയുടെ പുതുനാമ്പിൽ പറക്കാൻ വെമ്പിയിരിക്കുന്ന തുമ്പിയിലേക്കുമാണ്…
മണികിലുക്കി മുറ്റത്തെ ബോൾസത്തിനും, സീനിയാ ചെടികൾക്കുമിടയിലൂടെ അടുത്ത കാലത്തു വച്ച ഗൗരീഗാത്ര തെങ്ങിൻതൈയുടെ അരികിൽ മാൻപേടക്കണ്ണുകൾക്കു സമമായ കണ്ണുകളുള്ള പുള്ളിക്ടാവ് ശാന്തമായി വല്ലപ്പോഴുമെത്തുന്ന ഈച്ചയെ വാലുകൊണ്ടടിച്ച് മുൻ കാലുകളിൽ തലമുന്നോട്ടു ചേർത്തു മണ്ണുതിന്നാനെന്ന പോലെ കിടക്കുന്നുണ്ട്. അരികിൽ ഒരു മഞ്ഞപ്പുള്ളിക്കോഴി ചിക്കിച്ചികയുന്നു….
കിഴക്കേ ഭാഗത്തു നിന്നു നോക്കിയാൽ അടുപ്പിന്റെ ചിമ്മിനിയിൽ നിന്ന് ഓട്ടുകമ്പനിയിൽ നിന്നെന്ന പോലെ പുകയുടെ ഒഴുക്കു കാണാം…
ക്യാമറ കിണറ്റിനരുകിലേക്ക് നീങ്ങുമ്പോൾ ഷണ്മുഖദാസിന്റെ ഭാര്യ സുമതി അതിവേഗം പാത്രം കഴുകുന്നസീനാണ്. ഒറ്റമുണ്ടിനും ബ്ലൗസിനുമിടയിലെ വയറിന്റെ മിനുപ്പിലേക്ക് ക്യാമറ ആർത്തിയോടെ തിരിഞ്ഞെങ്കിലും പക്വമതിയായ സംവിധായകൻ വേഗം അവിടുന്നു തിരിച്ചു കളഞ്ഞു. കാരണം ഈ സിൽമാ ചന്ദ്രകുമാറിന്റെയോ, കേ.എസ്.ഗോപാലകൃഷ്ണന്റെയോ സിൽമയല്ല. ഏകദേശം ലോഹിതദാസിനോട് അടുത്തു വരും തിരക്കഥ !
കാലത്ത് കുളികഴിഞ്ഞ് ഷണ്മുഖൻ തന്റെ എം.80 യിൽ കയറിയപ്പോഴേക്കും എൻ.എസ്.പെരുങ്കായത്തിന്റെ സഞ്ചിയിൽ സുമതി ഉച്ചഭക്ഷണമടങ്ങുന്ന ടിഫിൻ എത്തിച്ചു കൊടുത്തു കഴിഞ്ഞു. സുമതി മലയാളിയും ഷൺമുഖൻ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തു ജനിച്ചു വളർന്നവനും കടുത്ത ഈശ്വരവിശ്വാസിയുമാണ്….
ഷൺമുഖൻ പോയതിനു ശേഷം സുമതി അതി വേഗം തന്റെ ജോലികൾ പൂർത്തിയാക്കി. തൊട്ടകലെ മാവിൻ ചുവട്ടിൽ വീണു കിടന്ന പഴമാങ്ങകൾ ഒരു കൂട്ടിനുളളിലൊളിപ്പിച്ച് അവൾ വച്ചു. തുടർന്ന് അല്പമിരുന്ന ശേഷം പത്രം വായിച്ചുതുടങ്ങി.
അക്കാ വിശേഷമെന്തുണ്ട് എന്നു ചോദിച്ച് അയൽവീട്ടിലെ നിഷാന്ത് കടന്നു വരുന്ന സീനാണ് അടുത്തത് . അവന്റെ കൈയിൽ അത്യാധുനിക മൊബൈൽ ഇരിക്കുന്നു. ഒരു കൈയിൽ പല്ലു തേക്കുന്ന ബ്രഷും മറുകൈയിൽ മൊബൈലും. രാമുഴുവൻ വീട്ടിലെ കടുംപിടുത്തം കാരണം തന്റെ പ്രേമഭാജനത്തോട് സംവദിക്കാൻ കഴിയാത്ത നിഷാന്തിന് ഈ ഒരവസരമാണ് അതിനുള്ള പഴുത് സൃഷ്ടിക്കുന്നുള്ളൂ. ഒരല്പം ഫ്രീക്കനായ നിഷാന്തിനെ സുമതിക്കും മതിപ്പാ, കാര്യം പയ്യനാണെങ്കിലും തന്റെടുത്തു നല്ല സ്വഭാവമാണ് അവന് .
നിഷാന്ത് പത്രം വായിച്ചു കൊണ്ടിരിക്കവേ അവനായി ചായയെടുക്കാൻ പോയി വരുന്ന സുമതി കാണുന്നത് നിഷാന്തിന്റെ ഫോണിൽ നിഷാന്ത് ഏതോ കൗമാരം കടന്നു വരുന്ന പെൺകുട്ടിയോട് സംസാരിക്കുന്നതാണ്. ഈ സീനിൽ നിഷാന്ത് പിടിക്കപ്പെടുന്നു . സുമതി വിചാരിച്ചാൽ ഈ സീൻ മുതൽ എന്തും സംഭവിക്കാം. എന്നാൽ കഥ ലോഹിതദാസിന്റെ ലെവലാ….
താൻ എന്തു ചെയ്യുകയായിരുന്നുവെന്ന് നിഷാന്ത് പറഞ്ഞു മനസ്സിലാക്കിയ സമയം മുതൽ സുമതിക്കും അന്തമാതിരിയൊരു ഫോൺ വാങ്ങാനാശയായി. ആശയെന്നു ശൊന്നാൽ വല്ലാത്ത വിവശതയായി അതു പരിണമിച്ച പശ്ചാത്തലത്തിൽ ഏതോ ഒരു മുഹൂർത്തത്തിൽ ഷൺമുഖദാസ് ആ ആഗ്രഹം സഫലീകരിച്ചുകൊടുത്തതാണ് അടുത്ത സീൻ . അന്ന് സുമതി ഷണ്മുഖനായി അവനേറ്റവും ഇഷ്ടമുള്ള തൈരു സാദത്തിനുകൂടെ ഇപ്പം പറിച്ച തത്തച്ചുണ്ടൻ മാങ്ങയുടെ അച്ചാറും, തൈരൊഴിച്ച അവിയലും അത്താഴത്തിനൊരുക്കി. ആസ്വദിച്ച് ഭക്ഷണം കഴിച്ച ഷണ്മുഖൻ മുല്ലപ്പൂവ് ചൂടിയ സുമതിയുടെ അരയ്ക്ക് ചുറ്റിപ്പിടിച്ച് കിടപ്പുമുറിയിലേക്ക് കയറിയ സീനോടെ അന്നത്തെ ക്യാമറ ഓഫ്.
പിന്നെക്കാണുന്ന സീനുകളിൽ സുമതിക്ക് സോഷ്യൽ മീഡിയയിൽ ക്ലാസുകൾ എടുക്കുന്ന നിഷാന്ത്, അവളോട് കടം വാങ്ങുകയും കൊടുക്കുകയും ഒക്കെ ചെയ്യുകയുമൊക്കെയാണ്. വളരെ ചുരുങ്ങിയ നാളിനകം അവൾ എഫ്.ബി യിൽ ചാണകക്കുഴിക്കടുത്ത് ചൂടലിൽ നില്ക്കുന്ന നെല്ലു പോലെ തഴച്ചു വളർന്നു . ഷൺമുഖൻ പോകുന്ന സമയങ്ങളിൽ അവൾ എഫ് ബി.യിൽ കയറി ആർത്തിയോടെ മലയാളം വായിച്ചു. അങ്ങനെ വായിച്ചുവരുന്ന സമയത്താണ് “ആത്മാവിലെ ചിത” എന്ന ഐഡി അവൾ കാണുന്നത്. ആത്മാവിലെ ചിതയുടെ എഴുത്തുകളിൽ അവൾ ആമഗ്നയാകുമായിരുന്നു പിന്നെ പിന്നെ…
ഇതിനിടയിലെ സീനുകളിൽ ത്രീജി മാറി ഫോർജി വന്നു. അതിനൊന്നും സ്പീഡില്ല എന്നായി സുമതിക്ക് . അവളുടെ ആത്മാവ് എപ്പോഴോക്കെയോ ആത്മാവിലെ ചിതയുടെ ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു, ഒന്നല്ല, രണ്ടല്ല, പല ഇരവിലും പകലിലും ഇടതടവില്ലാതെ ആത്മാവിഷ്കാരങ്ങൾ നടന്നു കൊണ്ടേയിരുന്നു.
ഇപ്പോൾ നാം കാണുന്ന സീനുകളിൽ എം.80 യുടെ ശബ്ദം സുമതിക്ക് അലർജിയാകുന്നതാണ്. ഷൺമുഖനെ പതിയെ അവൾ അവഗണിച്ചു തുടങ്ങി. ആ വീട്ടിൽ കോഴിയിട്ട മുട്ടകൾ കാക്ക കൊത്തിത്തുടങ്ങി. മാങ്ങകൾ പഴുത്തു മാഞ്ചുവട്ടിൽ നാറ്റമായിത്തുടങ്ങി. പൈക്കിടാവ് കാടീം വൈക്കോലും ലഭിക്കാതെ അമ്മാ…. എന്നു തമിഴ് കലർന്ന മലയാളത്തിൽ ദയനീയമായിത്തേങ്ങി. കുളിയില്ലാതെ ആ ക്ടാവിന്റെ വാലിൽ ചെള്ളു പെരുകി… ഇതിൽ സംശയം തോന്നിയ ഷൺമുഖൻ അവളെ വഴക്കു പറഞ്ഞു തുടങ്ങി. അവളുടെ സിം കാർഡ് മാറ്റി. നെറ്റിൽ സമയം ചെലവഴിക്കുന്നതിനെതിരേ വഴക്കായി. ആത്മാവിലെ ചിതയെ കാണാതെ സുമതി വിങ്ങിപ്പൊട്ടി. കുളിയില്ല, നനയില്ല…
ഇതിനിടെ നിഷാന്ത് അന്ന് കണ്ട പെണ്ണിനെ കെട്ടിക്കൊണ്ടുവന്നു. അവൻ സുമതിയെ കാണാൻ വരാതെയായി. തികച്ചും ഏകാന്തമായി ജീവിതം.
അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിലെ കോവിലിൽ ഉത്സവമായി. അവൾ ഷൺമുഖ നോടൊത്തു പോയി . അവിചാരിതവും അപ്രതീക്ഷതവുമായിട്ടാണ് ഒരാൾ സുമതീ എന്നവിളിയുമായി അവൾ നില്ക്കുന്നിടത്തേക്ക് വന്നത്.. പെട്ടന്നുള്ള വിളിയായതിനാൽ അവൾ പകച്ചു പോകുന്നത് ക്യാമറയിൽ പ്രത്യേകം കാണാം..
അത് അവനായിരുന്നു. ആത്മാവിലെചിത! അവൻ നമ്പർ കൊടുത്തു. കൂട്ടത്തിൽ ഒരു പൊതിയും. താൻ വിളിക്കാം എന്നു പറഞ്ഞാണ് അവൻ പോയത്….
പിറ്റേദിവസംരാത്രിയിൽ അവിചാരിതമായി ഷൺമുഖന് കിടപ്പുമുറിയുടെ മച്ചകത്ത് ഒരു പട്ടിൽ പൊതിഞ്ഞ തേങ്ങ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു . ഇതെന്താണെന്ന് അയാൾ സുമതിയോട് ആരാഞ്ഞു.
ഇതു നമ്മുടെ കുടുംബഭദ്രതക്ക് ഇന്നലെ കോവിലിൽ പോയപ്പോൾ ജപിച്ചു കെട്ടിയ നാളീകേരമാണെന്ന് സുമതി പറയുകയും ഷണ്മുഖ നോട് പറ്റിച്ചേർന്നു കിടക്കുകയും ചെയ്തു.
സീൻ അർദ്ധരാത്രി കഴിഞ്ഞുള്ള സമയം. മുള്ളാൻ പോയി തിരികെ വന്ന ഷൺമുഖൻ സ്വന്തം മൊബൈലെടുത്ത് സമയം നോക്കുന്ന സമയം, ആറരയുടെ അലാറം വയ്ക്കാൻ ബട്ടൻ പരതുന്നതിനിടെ വൈഫൈയിൽ കൈതട്ടി. പെട്ടന്നയാൾ ഞെട്ടി. തന്റെ മൊബൈലിലേക്ക് ഇന്നാ പിടിച്ചോന്നു പാഞ്ഞൊരു വൈഫൈ കണക്ഷൻ തെളിഞ്ഞു വരുന്നു. അയാൾ ഉടനെ ഡിക്ടറ്റീവ് ഷൺമുഖനായി. അടുത്തെങ്ങും വീടുകളില്ലാത്ത , മറ്റു ഫോണുകളില്ലാത്ത ആ വീട്ടിലെ വൈഫൈ അയാളെ സുമതിയുടെ മൊബൈൽ പെട്ടെന്നെടുക്കാൻ പ്രേരിപ്പിച്ചു. അവളുടെ മൊബൈലിൽ നല്ല ചൂട്. വൈ ഫൈ കണക്ടഡ്. ഒന്നും മിണ്ടാതെ അയാൾ കിടന്നു…
അടുത്ത സീൻ നേരം വെളുത്ത സമയം…
ഷൺമുഖൻ സുമതിയുടെ കൊരവള്ളി കുത്തിപ്പിടിച്ചലറുകയാണ്. അന്ത മലയാളത്തുകാരി എരമമാടേ…. പിന്നെയും എന്തൊക്കെയോ തമിഴ് തെറികൾ…
എവിടെ നിന്നാടീ ഈ വൈ ഫൈ വേഗം പറ… അയാൾ അലറുകയാണ്. തുറിച്ച മിഴികളോടെ സുമതിമുകളിലേക്കു നോക്കി. അവൻ ആ ദൃശ്യം കണ്ടു. പട്ടിൽ പൊതിഞ്ഞ തേങ്ങ….
അവളുടെ കൈയും കാലും ഒരു ചുട്ടീക്കര തോർത്തുകൊണ്ട് കെട്ടിയതിനു ശേഷം ഒരു സ്റ്റൂൾ വലിച്ചിട്ട് അയാൾ ആ മച്ചിൽ തൂങ്ങിയാടിയ പട്ടഴിച്ചു. …
അയാൾ ഞെട്ടി. അതിനുള്ളിൽ ഉത്സവത്തിന് ലഭിക്കുന്ന ഒരു ഓട്ടിപ്പന്തിനുള്ളിൽ മിന്നിക്കൊണ്ടിരിക്കുന്ന ഒരു ജിയോ വൈഫൈ….
ഷൺമുഖദാസ് കഥ പറഞ്ഞു നിർത്തുമ്പോൾ ആ ചായക്കടയുടെ ഉള്ളിൽ നിന്നും ആരൊക്കെയോ പുറത്തേക്ക് പാഞ്ഞു പോകുന്നുണ്ടായിരുന്നു. അവരിലേക്ക് ക്യാമറ തിരിഞ്ഞു….. അവരുടെയൊക്കെ മനസ്സിൽ അപ്പോൾ ചെമ്പട്ടും നാളീകേരവും മച്ചകത്ത് തൂങ്ങിയാടുകയായിരുന്നു…..