പ്രിയ്യപ്പെട്ടൊരു വാക്ക്
മഴക്കിനാവുകൾ കുടഞ്ഞിട്ട
വേനൽചിറകുകളിൽ
ഉമ്മ വയ്ക്കുന്ന നട്ടുച്ചയുടെ
നെഞ്ചിൽ നമ്മൾ കോർത്ത
സൗഹൃദത്തിന്റെ
കടലാഴങ്ങൾക്കിടയിൽ
ചാറ്റൽമഴ തുടുക്കുമ്പോൾ
തീവണ്ടി യാത്രക്കിടെ
പരിചയപ്പെട്ടൊരു സുഹൃത്ത്
എന്റെ ജാതിയും , മതവും
എന്തിന് എന്റെ രാഷ്ട്രീയം വരെ
കുത്തിക്കിളച്ചു
അവന്റെ ഒരു നോട്ടത്തിൽ പോലും
ഭൂമി രണ്ടായ് പിളരുമെന്ന് ഞാൻ
ഭയപ്പെട്ടു.
ഒരു കൊടുങ്കാറ്റ് ഞങ്ങൾക്കിടയിൽ
മുരണ്ടു.
ചോദ്യങ്ങളുടെ അറ്റത്തൂടെ
അവനെന്റെ കണ്ണുകളിൽ കവിത
കൊളുത്തി.
ദുരന്തമുഖങ്ങൾക്ക് നടുവിലൂടെ
ഓടിക്കിതച്ച് പെയ്ത മഴ
അതിരുകളിൽ തലതല്ലി പിടഞ്ഞു.
കടല് കത്തുന്ന അവന്റെ
കണ്ണുകളിലൊളിപ്പിച്ച
തിരയിളക്കങ്ങളിൽ നിവരുമ്പോൾ
എനിക്കേറ്റവും പ്രിയ്യപ്പെട്ടൊരു
വാക്കിനെ അവൻ എറിഞ്ഞുടച്ചു.
മുറിഞ്ഞു തീരാറായ
ഓരോ നിമിഷവും കലമ്പിവീഴുന്ന
കാഴ്ചകളിൽ അഗ്നിനക്ഷത്രങ്ങൾ
കെട്ടിപ്പിടിച്ച് ഞെരിച്ചു.
കുരിശുമുനകൾ പതിഞ്ഞിറങ്ങിയ
ഭൂമിയുടെ നെഞ്ചിൽ
ചുട്ടുപൊള്ളുന്ന വേനൽപകകളിൽ
ചവിട്ടി ഒരു മനുഷ്യനെ കാണാൻ
ഞാൻ ചൂട്ടുവെട്ടം തിരഞ്ഞു.
ഇടിമിന്നലേറ്റ് പുളഞ്ഞ
തല തെറിച്ച ചിന്തകളിൽ ചവിട്ടി
വരും തലമുറ നാളെയിലേക്കുള്ള
വാതിൽ എങ്ങനെ
തുറക്കുമെന്നൊരാധി പലവട്ടം
പുറത്തേക്ക് ചാടി……… ..
” ഒരു പക്ഷേ “
തീർച്ചയായും അവരെ ഞാൻ
കണ്ടു കാണില്ല എന്നവർ
ആശ്വസിച്ച് കാണും.
പീടിക കോലായയിലെ
മറ കടന്നെത്തിയ
പുകചരുളുകൾക്കിടയിലൂടെ
നടന്ന് പോകുമ്പോൾ
പാളി നോക്കിയ
നാല് കണ്ണുകളിൽ
എന്റെ പ്രിയ്യപ്പെട്ട
വിദ്യാർഥിയുണ്ടായിരുന്നുവല്ലോ
യെന്നൊരു പൊള്ളൽ
കുത്തിവീഴുന്നതിനിടെ
ഒരു പക്ഷേ മുഖാമുഖം
കണ്ടിരുന്നുവെങ്കിൽ
മാഷെ കൂടുന്നോ എന്നവർ
ചോദിക്കുമായിരുന്നുവോ
അങ്ങനെ
സംഭവിച്ചുകൂടായ്കയില്ലല്ലോ
യെന്നൊരു കുത്തിപ്പറിക്കൽ
മനസ്സ് മുറിച്ച് പിന്തിരിഞ്ഞോടി……

By ivayana