രചന : സബിത രാജ് ✍
നീളൻ വരാന്തയുടെ ഒരറ്റത്ത് ആവിപറക്കുന്ന കട്ടനുമായി രണ്ടുപേര്‍.
പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴ ഇരുവരെയും പൊതിയുന്നുണ്ട്.
മഴയിലേക്ക് നോക്കി നിന്ന്
അയാള്‍ നിര്‍ത്താതെ സംസാരിക്കുന്നുണ്ട്.
ഇടയ്ക്കിടെ അവളെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നുമുണ്ട്.
പുഞ്ചിരി വിടർത്തി തൊട്ടരികിലായി അവളും.
ഇടയിലെപ്പോഴോ അയാളുടെ മുഖം ഗൗരവം നിറച്ച് അവളുടെ കണ്ണുകളിലേക്ക്
തന്നെ ഉറ്റുനോക്കുന്നതായി കാണാം.
അവളുടെ കണ്ണുകൾ അസ്വസ്ഥമായതും
ഇരുവരുടെയും കണ്ണുകൾ തമ്മിലിടയുന്നതും കണ്ടു.
എന്താവും അയാള്‍ പറഞ്ഞിട്ടുണ്ടാവുക?
അതെ അത് സംഭവിച്ചിരിക്കുന്നു.
ഒടുവിൽ അയാൾ തന്റെ ഹൃദയം തുറന്ന്
അവളോട് തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നു.
അവളിൽ നിന്നും കൃത്യമായൊരു
മറുപടിയ്ക്കായുള്ള കാത്തിരിപ്പില്‍
വാക്കുകള്‍ മുറിഞ്ഞ് പ്രതീക്ഷയോടെ
അയാള്‍ അവളെ നോക്കി നില്ക്കുന്നു.
അവൾക്കത്‌ഭുതമൊന്നും തോന്നിയില്ല.
അയാള്‍ക്ക് തന്നോട് പ്രണയമാണ്!
അതെ.
താനത് തിരിച്ചറിഞ്ഞിട്ട് കാലമെത്ര കടന്നിരിക്കുന്നു.
എന്നിട്ടും അത് തുറന്ന് പറയാന്‍ അവനെത്ര സമയമെടുത്തിരിക്കുന്നു?
ചിലർ പ്രണയം പറയാതെയും പ്രണയത്തെ
കാട്ടിത്തരുമെന്ന് അവളറിഞ്ഞത് അവനിലൂടെയാണ്.
ഇത്രയും നാള്‍ പരസ്പരം കൈമാറാതെ സൂക്ഷിച്ച പ്രണയത്തെയാണ് ഇപ്പോള്‍ അയാൾ ഹൃദയം തുറന്നു വിട്ടിരിക്കുന്നത്.
ഹേ മനുഷ്യാ…
നിങ്ങൾക്കറിയുമോ നിങ്ങളെ പ്രണയിച്ച് തുടങ്ങിയതിൽ പിന്നെ എത്ര ഋതുക്കൾ മാറിയെന്ന് ?
അവളിൽ മാത്രമെത്ര വസന്തം കൊഴിഞ്ഞിട്ടുണ്ടെന്ന്.
എത്ര പ്രണയദിനങ്ങള്‍ നമ്മളെ തൊടാതെ
കടന്നുപോയെന്ന്?
എന്നിട്ടും തന്റെ മറുപടി എന്തെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന മനുഷ്യാ
നിങ്ങളുടെ പ്രണയമൊരു തോൽവിയല്ലേ?
അവളറിഞ്ഞ പ്രണയത്തിനും
ആ മനുഷ്യനും മുന്നിൽ നിന്നുകൊണ്ട്
അയാളുടെ ചോദ്യം അവളെ നോക്കി പല്ലിളിക്കുന്നു.
എന്റെ പ്രിയപ്പെട്ട മനുഷ്യാ…
നിങ്ങളെത്രയോ മുൻപേ
എന്റെ ഹൃദയത്തിൽ
പ്രണയലിപികളാൽ
ഒരു മഹാകാവ്യമെഴുതിയിരിക്കുന്നു!
എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്
പ്രണയമല്ലാതെ ഞാനെന്ത് പകരം തരാൻ?
💓