യൂദാസിനെയും
ഒറ്റിയയാദിവസത്തിലാണ്
മണ്ണ് വറ്റിവരണ്ടത്.
തിരിച്ച് നടക്കുന്തോറും
വരിഞ്ഞുമുറുക്കുന്ന
ഗീവത്സിയൻ കാറ്റ്.
വിറകുവെട്ടി
വെള്ളം കോരി
തളർന്ന മേനിയിൽ
യുദ്ധത്തിൽ
തകർന്ന രക്തക്കറ
കുമ്പസാരക്കൂട്
തകർക്കുന്നു.
ചർച്ചചെയ്യപ്പെടാതെപോകുന്ന
ഒറ്റപ്പെട്ടവന്റെ ദൈന്യതകൾ,
ആത്മഹത്യകൾ,
ബലാത്സംഗങ്ങൾ,
കൊലപാതകങ്ങൾ,
വ്യക്തിഹത്യകൾ.
മാറ്റിനിർത്തിയ
പട്ടിണികൾ
നോവുകള്‍
നിലാവുകൾ.
അപ്രത്യക്ഷമാകുന്ന
അടയാളങ്ങളിൽ,
കാഴ്ച നഷ്ടപ്പെടുന്ന
കൃഷ്ണമണികളിൽ,
മാത്രം ഉറ്റുനോക്കുന്ന
അകകാമ്പുകൾ.
തിരിച്ച് വരാത്തത്രയും
അകലത്തിൽ, മനസ്സ്
അകന്നുപോയിരിക്കുന്നു.
ഏച്ചുകെട്ടിയ ചിന്തകൾ
ഒടിഞ്ഞുതൂങ്ങിയ
മൂലയിൽ കൂടിചേരലിനായി
കാതോർത്തിരിക്കുന്നു.

ബാബു തില്ലങ്കേരി

By ivayana