ആളിക്കത്തുമഗ്നിച്ചിറകുമായാകാശം.
ചുട്ടുപൊള്ളിച്ചുരുകി വീശും കാറ്റ്.
ഉണങ്ങിയ ശിഖരങ്ങൾക്കടിയിലിത്തിരി
തണലിലിറ്റു ജലത്തിനായ് കേഴും പറവകൾ.
വീണ്ടു കീറി വറ്റിവരണ്ട പുഴകൾ.
ഉറവ വറ്റി , ചുരത്താത്ത കിണറുകൾ, നീർത്തടങ്ങൾ.
കത്തിപ്പഴുക്കുമീ ഭൂഗോള പരപ്പിൽ
പൊരിവെയിലിൽ, പിടയുമിടനെഞ്ചുമായ്
പശിയടക്കാൻ പാടുപെടുന്ന പണിയാളർ.
സൗധങ്ങൾ പടുത്തും ചക്രങ്ങൾ തിരിച്ചും
അദ്ധ്വാനിക്കുന്നവർ.
ആജ്ഞാപിക്കുന്നവനല്ല
ആജ്ഞാനുവർത്തിയനുസരണ ശീലൻ.
അടിയാളനടിമ.
അവനാണുടയോൻ.
തൊഴിലിലാളി കത്തുന്നവൻ
തൊഴിലിനെ ലാളിക്കുന്നവൻ.
ഭൂമിയിലെ സർവ്വ സൗന്ദര്യങ്ങളുടെയും സ്രഷ്ടാക്കൾ.
ചരിത്രം തിരുത്തി എഴുതുന്നവർ
എന്നാൽ,
ചരിത്രത്തിൽ ഒരിക്കലും
ഇടം നേടാത്തവർ…!

ജയൻതനിമ

By ivayana