അക്ഷരക്കൂട്ടുകളിൽനിറഞ്ഞ
അമ്മിഞ്ഞപ്പാൽമണം
അറിയാതെയൂറിവന്ന്
അലിഞ്ഞില്ലാതായ രാവിൽ
അല്പമാംചിന്തകളെന്നിൽ
നിറഞ്ഞുനിൽക്കവേ,
അടിപതറിയയെൻ മനം
അല്പമായ് തേങ്ങിയില്ലേ!
അച്ഛനെന്നവാക്കിൽ സർവ്വതും
ചന്ദനംപോൽ വാരിയണിഞ്ഞു
അമ്പോറ്റിയെ കൈക്കുമ്പിളാൽ
നമിക്കുന്നപോൽ ഹൃത്തിൽ
പൂജ്യമായ് കൊണ്ടുനടക്കവേ,
അസുരന്മാർവന്നു വായ്ക്കുരവയിട്ടു
അക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!
ഇഷ്ടസ്നേഹം നടവരമ്പിൽ
നഷ്ടമായതും ഇടമുറിയാതെ
കതിരുകാണാപക്ഷികൾ തൻ
കൂജനങ്ങളിൽകളിയാക്കി-
ക്കൊണ്ടൂയലിട്ടതുംഇന്നലെ-
ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.
കാലമെന്നോടുമൊഴിഞ്ഞു,
നഷ്‌ടമായസ്നേഹം
കാണാ കതിർനിറയും വയലിൽ,
കാണാത്തകാറ്റിന്റെ മർമ്മരം പോൽ
നിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!
ആത്മാവുപൂക്കുന്ന നേരമല്ലേ,
ഈദിനം അച്ഛനെന്നയൊറ്റമരത്തണൽ
ഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,
ആകാശത്തിൻ അതിർവരമ്പുകൾ
കൂടിക്കുഴഞ്ഞതുമിന്നല്ലേ!

By ivayana