വോട്ടിനെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഞാൻ അമ്മമ്മയുടെ വീട്ടിലായിരുന്നപ്പോഴാണ് ‘അന്ന് ഞാൻ കുട്ടിയായിരുന്നു.അമ്മയുടെ കൂടെ ഞാൻ അമ്മമ്മയുടെ വീട്ടിൽ വന്നതായിരുന്നു.അമ്മമ്മയുടെ വീട്ട്മുറ്റത്തുള്ള വലിയ എക്സോറ മരത്തിൻ്റെ ചുവട്ടിലിരുന്ന് ഞാനും വല്യമ്മാവന്റെ മകളായ സീമയും കളിച്ചു കൊണ്ടിരുന്നു. മരത്തിൽ നിറയെ ചുകന്ന പൂക്കുലകൾ ഉണ്ടായിരുന്നു. വലിയ ചിറകുള്ള മനോഹരങ്ങളായ ചിത്രശലഭങ്ങൾ ആ മരത്തിന് ചുറ്റും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. ഞാനും സീമയും കൂടി ഒരു കമ്പ് കൊണ്ട് കുറേ പൂക്കുലകൾ അടിച്ചിടുകയും ചിരട്ടയിൽ ചോറും കറിയും വെക്കുകയും ചിത്രശലഭങ്ങൾ താണു പറക്കുമ്പോൾ വടിയുമായി അതിൻ്റെ പിറകെ ഓടുകയും ചെയ്തു. അപ്പോഴാണ് മൂന്നാലു പേർ ഒരു കസേരയുമായി ഞങ്ങളുടെ മുറ്റത്തേക്ക് വന്നത് .അവർകസേര നിലത്തിറക്കി വെച്ച് അകത്തേക്ക് നോക്കി ഉച്ചത്തിൽ ചോദിച്ചു.
“ശാന്തേട്ത്തിയേ ഓറ് മാറ്റീനാ “
” ആ മാറ്റീന് മാറ്റീന് “
ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന എൻ്റെ അമ്മായി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. എന്താണ് കാര്യമെന്നറിയാൻ ഞാൻ കളി നിർത്തി അവിടേക്ക് ഓടിച്ചെന്നു. അല്പം കഴിഞ്ഞ് ചെറുപ്പക്കാർ കസേരയുമായി അകത്തേക്ക് പോയി.പിന്നെ ഞാൻ കണ്ട കാഴ്ച എന്റെ അമ്മമ്മയെ കസേരയിൽ ഇരുത്തി താങ്ങിപ്പിടിച്ച് പുറത്തേക്ക് കൊണ്ടു വരുന്നതാണ്. പുറത്തെത്തിയ ചെറുപ്പക്കാർ അമ്മമ്മയിരുന്ന കസേല മുറ്റത്തെ മണലിൽ ഇറക്കി വെച്ചു. കസേരയിലിരുന്ന അമ്മമ്മ ഞങ്ങളെയെല്ലാം പകച്ചു നോക്കി.ഞാൻ പതുക്കെ അമ്മമ്മയുടെ അരികെ ചെന്നു.അമ്മമ്മ അപ്പോൾ സാധാരണ വീട്ടിൽ ധരിക്കുന്ന വസ്ത്രം ആയിരുന്നില്ല ധരിച്ചത് .നല്ല ഭംഗിയുള്ള മുണ്ടും ഒരു വെളുത്ത ബ്ലൗസും ധരിച്ചിരുന്നു.ബ്ലൗസിന് മീതെ കരയുള്ള വെളുത്ത ഒരു തുണി ഇട്ടിട്ടുണ്ട് .അമ്മമ്മയുടെ നീല ഞരമ്പുകൾ എഴുന്നുനിന്ന ചുളിവുകൾ വീണ വെളുത്ത കൈകളും കാലുകളും ഞാൻ നോക്കി. അമ്മമ്മയുടെ കാലിലെ നഖങ്ങൾ പഴകി പൊട്ടിയിരുന്നു.അമ്മമ്മയുടെ ചുണ്ടുകളിൽ അപ്പോഴും വെറ്റിലച്ചുവപ്പ് ഉണ്ടായിരുന്നു. പരിഭ്രാന്തിയായി കാണപ്പെട്ട അമ്മമ്മയെ നോക്കി ഞാൻ അമ്മമ്മെ എന്ന് വിളിച്ചു .
അമ്മമ്മ ഇതുവരെ ഇങ്ങനെ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല .അമ്മമ്മ എപ്പോഴും വീടിൻ്റെ നീളൻ വരാന്തയിൽ കാലു നീട്ടിയിരുന്ന് അച്ചാച്ചനോട് വർത്തമാനം പറയുകയും ചെറിയ ഇരുമ്പുരലിൽ മുറുക്കാൻ കൂട്ട് ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിക്കുകയും അത് പാകമായാൽ കുറച്ച് അച്ചാച്ചന് നൽകുകയും ബാക്കിയുള്ളത് സ്വന്തം വായിലേക്ക് ഇട്ട് നിർത്താതെ ചവയ്ക്കുകയും പിന്നീട് രണ്ടു വിരലുകൾ ചുണ്ടോടു ചേർത്തുവെച്ച് അതിനുള്ളിലൂടെ ഓട്ടുകോളാമ്പിയിലേക്ക് മുറുക്കാൻ ചണ്ടി തുപ്പുകയും ആണ് ചെയ്യുക.അമ്മമ്മ ചവക്കുന്നതും തുപ്പുന്നതും നോക്കി ഞാൻ എത്രയോ നേരം അവിടെ നിന്നിരുന്നു.
“അമ്മമ്മ ഏടയാപോന്ന് “
ഞാൻ അമ്മമ്മയോട് ചോദിച്ചു.
അമ്മമ്മ എല്ലാവരെയും മാറിമാറി നോക്കിയതല്ലാതെ ഒന്നും മറുപടിപറഞ്ഞില്ല .
ചെറുപ്പക്കാർ അമ്മമ്മ ഇരുന്ന കസേര ഉയർത്താൻ തുടങ്ങിയപ്പോൾ അമ്മമ്മ കരയുന്ന ഒരു സ്വരത്തിൽ ഉറക്കെ പറഞ്ഞു.
“ശാന്തേ ഈ മുടി ഒന്ന് കെട്ടി വെക്കമ്മ ‘ അത് കയ്ഞ്ഞ് പോയ് “
ഉടനെ ചുരുള മുടിയുള്ള ശാന്തമ്മായി മുറ്റത്തേക്ക് വരികയും അമ്മമ്മയുടെ കറുപ്പും വെളുപ്പും ഇടകലർന്ന മുടി ഉച്ചയിൽ കെട്ടിവെക്കുകയും ചെയ്തു.
എന്നാ ഇനി നമ്മള് പോയി വരാം
എന്നും പറഞ്ഞ് ചെറുപ്പക്കാർ വീണ്ടും അമ്മമ്മ ഇരുന്ന കസേര എടുത്ത് ഉയർത്തിയപ്പോൾ അമ്മമ്മ പരിഭ്രാന്ത യായി ‘ഉയീ ഉയീ ‘എന്ന് നിലവിളിച്ചു .അപ്പോൾ അമ്മമ്മയുടെ കാതിലെ സ്വർണത്തോടകൾ ആടി ‘ഞാനപ്പോൾ അമ്മമ്മയുടെ കാതിലെ തുളകൾ നോക്കുകയായിരുന്നു.അമ്മമ്മയുടെ കാത് താണ് ചുമലോളം എത്തുമെന്ന് എനിക്ക് തോന്നി.എൻ്റെ അമ്മമ്മയുടെ പേര് താല എന്നായിരുന്നു .
ചെറുപ്പക്കാർ മുൻവശത്തെ കണ്ടി കയറി ഇടവഴിയിലേക്ക് ഇറങ്ങിയപ്പോൾ ഞാനും അവരുടെ പിറകെ ചെന്നു. അവർ റോഡിലേക്ക് കയറിയപ്പോൾ ഞാൻ അവിടെത്തന്നെ നിന്നു.അവർ കുന്നുകയറി മുകളിലേക്ക് പോയി.അമ്മമ്മയും കസേരയും ആളുകളും കാണാ മറയത്ത് ആയപ്പോൾ ഞാൻ ഓടി തിരികെവീട്ടിലേക്ക് വന്നു. പുറത്തു നിന്നിരുന്ന അമ്മായിയോട് അമ്മമ്മ എവിടെപ്പോയെന്ന് ചോദിച്ചു.
“അമ്മമ്മ വോട്ട് ചെയ്യാമ്പോയതാ.”അമ്മായി പറഞ്ഞു
.എന്താണ് വോട്ട് എന്ന് മനസ്സിലായില്ലെങ്കിലും എന്തോ വലിയ സംഭവമാണെന്ന് അന്ന് ഞാൻ ഊഹിച്ചു.അമ്മമ്മ തിരിച്ചു വരുവോളം ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു.അതിനിടയിൽ വലിയചിത്രശലഭങ്ങൾ മുറ്റത്തേക്ക് താണ് പറന്നപ്പോൾ ഞാനും സീമയും അതിനെ അടിച്ചിടാനായി വടിയും എടുത്ത് പിറകെ ഓടി.
കുറേ കഴിഞ്ഞ് അമ്മമ്മ തിരികെ വന്നു. ചെറുപ്പക്കാർ അമ്മമ്മ ഇരുന്ന കസേര നിലത്തേക്ക് താഴ്ത്തിയപ്പോൾ നേരത്തേതുപോലെ അമ്മമ്മ പിന്നെയും ഉയീ ഉയീ എന്ന് ഉറക്കെ പറഞ്ഞു. ‘ഞാൻ അമ്മമ്മയുടെ അടുത്ത് ചെന്ന് അമ്മമ്മയെ ഉറ്റു നോക്കി. അമ്മമ്മയുടെ കണ്ണുകൾ കലങ്ങിയത് പോലെ എനിക്ക് തോന്നി.
കുറച്ചു കഴിഞ്ഞ് ഞാൻ അകത്ത് ചെന്ന് നോക്കുമ്പോൾ അമ്മമ്മ കിടക്കുകയായിരുന്നു. അമ്മമ്മേ എന്ന് ഞാൻ വിളിച്ചപ്പോൾ അമ്മമ്മ കണ്ണുതുറന്ന് എന്നെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല .ഞാൻ തിരികെ വരാന്തയിലേക്ക് വന്നു ഈ വോട്ട് എന്ത് സംഭവമാണ് എന്ന് ഞാൻ ആലോചിച്ചു .എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
ഞാൻ കണ്ട ആദ്യത്തെ ഓപ്പൺ വോട്ടുകാരി എൻ്റെ അമ്മമ്മയായിരുന്നു. ഇന്ന് വോട്ട് ചെയ്യാനായി ക്യൂവിൽ നിന്നപ്പോൾ വീൽചെയറിൽ പ്രായമായ ആളുകളെകൊണ്ടുവരുന്നത് കണ്ടപ്പോൾ ഞാൻ എന്നോ മരിച്ചുപോയ എൻ്റെ അമ്മമ്മയെ ഓർത്തു .

By ivayana