പ്രകൃതിയോടെന്തിനീ പാപങ്ങൾ ചെയ്തു
പ്രകൃതീടെ പ്രതിക്ഷേധമുഷ്ണതരംഗം
പ്രകൃതിയെ നോവിച്ച മനുഷ്യജന്മത്തോട്
പ്രതികാര ദാഹിയായ് പ്രകൃതി മാറി!!

ഋതുക്കൾ മാറി ഋതുഭേദംമാഞ്ഞുപോയ്
ഋഷിമാരോ തപസ്യ വിട്ടോടിപ്പോയി!
കാട്ടുമൃഗങ്ങൾ പരിഭ്രാന്തരായിപ്പോയ്
കാടുവിട്ടവയോടി നാട്ടിൽക്കേറി!

ഞാറ്റുവേലക്കിളി പാട്ടുപാടുന്നില്ല
ഞാറുനടാൻ കൃഷിപ്പാടം നനഞ്ഞില്ല
ഞാനെന്ന ഭാവം മനുഷ്യൻ വെടിഞ്ഞില്ല
ഞാണിന്മേൽക്കളിയൊട്ടു മാറ്റുന്നുമില്ല!

വേനൽ ചൂടേറുന്നു ദേഹങ്ങൾ പൊള്ളുന്നു
വേനൽതരംഗത്തിൻ മുന്നറിയിപ്പുകൾ!
വേവുന്ന ചൂടേറ്റുവെള്ളത്തിനായഹോ
വേഴാമ്പൽ മാനത്തു കണ്ണുംനട്ടിരിപ്പാണ്!

ഒരു തണുകാറ്റിന്നിതുവഴി വന്നെങ്കിൽ
ഒരു മേഘക്കീറതുകൊണ്ടുവന്നെങ്കിൽ
ഒരുതുള്ളിക്കൊരുകുടമായ് പെയ്തെങ്കിൽ
ഒരുതീർത്ഥമായേറ്റുവാങ്ങാനായെങ്കിൽ..

By ivayana