തിരക്കൊഴിഞ്ഞിട്ടൊന്നു
ചിരിക്കണമെന്ന്,
യാത്രപോകണമെന്ന്,
കണ്ണുതെളിയുന്നതുവരെ
ഉറങ്ങിയുണരണമെന്നെങ്കിലും
കൊതിച്ചു കൊതിച്ചു
വലുതുകാലിനെ
ഗ്യാസുകുറ്റിയിലേക്കും
ഇടതുകാലിനെ
വാഷിംഗ്‌ മെഷീനിലേക്കും
കൊളുത്തിയിട്ട്
കൊച്ചുമക്കളുടെ കയ്യും പിടിച്ചു
വഴിയിലേക്കുകണ്ണും നട്ട്
കാലും നടുവും തിരുമ്മി
വിശ്രമം സ്വപ്നംകാണുന്നവരെ
നിങ്ങൾ കാണാറുണ്ടോ കൂട്ടരേ,
വാത്സല്യപ്പെരുക്കക്കണക്കിൽ
അകത്തളത്തിലുറഞ്ഞുപോകുന്നവരെ
കാണുന്നില്ലെങ്കിൽ
സ്‌ക്രീനിൽനിന്നൊന്നു
കണ്ണുതെറ്റിക്കൂ,
മെയ്ദിനമല്ലേ
ആശംസകളറിയിക്കണ്ടേ?

ജയന്തി അരുൺ

By ivayana