രചന : രാജു കാഞ്ഞിരങ്ങാട്✍
കാലം
ജീവിതത്തെ
കുഴിച്ചു കൊണ്ടിരിക്കുന്നു
ആയുസ്സിന്റെ അടരുകൾ
അടർന്നു വീണുകൊണ്ടിരിക്കുന്നു
പഴകിയ പത്രം പോലെ
ഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നു
ഓരോ അടരിലും
അടക്കാനാവാത്ത ജിജ്ഞാസ
കവിത പോലെ കതിരിട്ടു നിൽക്കും
പിന്നെ , കരിഞ്ഞ്
കുഴിമാടത്തെപ്പോലെ ഭയക്കും
ആയിരം ചീവീടുകളുടെ
ആർത്തനാദമായി
അസ്വസ്ഥതപ്പെടുത്തും
വീണ്ടുമൊരടരിൽ പുഞ്ചിരിയുടെ
പൂവിരിയും
നിലയ്ക്കാത്ത സ്വപ്നം ഉറവയിടും
പിന്നെപ്പിന്നെ
കണ്ണുണങ്ങി
കരിഞ്ഞുണങ്ങി
പിഞ്ഞിക്കീറി
ജീർണ്ണ വസ്ത്രമാകും
പിന്നെയും
കാലം കുഴിച്ചു കൊണ്ടിരിക്കും
ജീവിതത്തെ