ഒരു തുള്ളി നീരിനായ് കേഴുന്നു വാനമേ
ദാഹാർത്തയായൊരു വേഴാമ്പൽ ഞാൻ
തൊണ്ടയും വറ്റിവരണ്ടു പോയി
പാറിപ്പറക്കുവാനാകതില്ല.
ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽ
തന്റെ ഇണക്കിളി കൂടെയുണ്ട്
ചുട്ടുപൊള്ളുന്നൊരു ചൂടും സഹിച്ചെന്റെ
കൂട്ടികൾ കൂട്ടിൽ മയക്കമായി.
കാട്ടാറു വറ്റിവരണ്ടു പോയി
പൂമരം വാടിത്തളർന്നു പോയി
നീലാംബരത്തിലെ, കാർമുകിലേ
ആകാശം നോക്കിയിരിപ്പാണു ഞാൻ.
കൂട്ടിലെ മക്കളെ ഓർത്ത നേരം,
എന്റെ ഇടനെഞ്ചുപൊട്ടിത്തകർന്നു പോയി
അലയടിച്ചുയരുന്ന തേങ്ങൽ കേട്ട്
മഴമേഘം മഴയായ് കനിഞ്ഞിറങ്ങി.
രാവേറെ ചെന്നപ്പോൾ തുള്ളിക്കളിച്ചവൾ
രാത്രിമഴയായ് പെയ്തിറങ്ങി.
കാട്ടിലെ പൂമരം പാട്ടുപാടി
കാട്ടാറു തുള്ളിക്കളിച്ചു പോയി.
ആവോളം വെള്ളം കുടിച്ചവരും
തന്റെ മക്കൾക്കും പകുത്തു നല്കി.
പുതുമഴ പെയ്തൊരു സന്തോഷത്താൽ
പാറിപ്പറന്നു തൻ കൂടു ചുറ്റും.

സതി സുധാകരൻ

By ivayana