രചന : തോമസ് കാവാലം.✍
വഴിതേടി പോയവരെല്ലാം
വഴികണ്ടു മടങ്ങുന്നുണ്ടോ?
വഴിതെറ്റി വന്നവരെല്ലാം
നിരതെറ്റി നിന്നവരാണോ?
കര തേടിയലഞ്ഞോരെല്ലാം
നിരനിരയായ് മാഞ്ഞേപോയി
കടലലയിൽ താന്നേപോയി
മലമുകളിൽ നിന്നോർ പോലും.
ധരയിനിയും തുടരുന്നിവിടെ
മരമെല്ലാം തകരുമ്പോഴും
കരയെല്ലാം മരുവായ് തീരും
വരളുമ്പോൾ കരളുകൾ പോലും.
വഴിതേടി പോയവരെന്തേ
വഴിയൊന്നും കണ്ടതുമില്ലേ?
വഴിയാവാൻ വഴിവെട്ടേണം
വഴിയേപോയ് വഴിയാവേണം.
വഴിമുന്നേ പോയവരെല്ലാം
വഴികാട്ടികളല്ലേയല്ല
വഴികാട്ടി നിന്നവരെല്ലാം
വഴികണ്ടുപിടിച്ചവരല്ല.
വഴിതനിയെ വെട്ടിയമക്കൾ
വഴിയായ് തീർന്നവരെല്ലാരും
വഴിമുട്ടി പോയവരെല്ലാം
വഴികാണാതലഞ്ഞവരാം.
വഴി പലതും കാണും നമ്മൾ
വഴിയേറെ കടക്കും നേരം
വഴിയെല്ലാം നേർവഴിതന്നിൽ
വഴിവഴിയെ ചെന്നേ ചേരും.
വഴിയെന്നതു വഴിപോലാകാൻ
വഴിവെട്ടുക വഴിപോൽ നമ്മൾ
വഴിയപ്പോൾ വഴിയായ് തീരും
വഴിയെല്ലാം ഒന്നായിത്തീരും.
വഴി ചിലതൊഴിവാക്കീടാൻ
വഴിവഴിയേ ചിന്തിക്കേണം
വഴി മികവാകാൻ വഴിയിൽ
വഴിജ്യോതികളേറെ വേണം. .
വഴി പലതായ് പോകുന്നേരം
വഴിതെരയും ചില നേത്രങ്ങൾ
വഴികാണാ കുരുന്നുമപ്പോൾ
വഴിയാധാരമായീടുന്നു.
വഴി ജ്യോതിസ്സണഞ്ഞീടുമ്പോൾ
വഴി കാണാതൊട്ടലയും നാം
വഴിയിൽ മിഴി ചിമ്മീടുമ്പോൾ
വഴിതൻ വിലയറിയും നാം.
വഴിയവനായ് തീരുന്നേരം
വഴിയൊന്നുമറിയേണ്ട നാം
വഴി വഴിയെ പോകുന്നെല്ലാം
വഴിയെന്തിനു നാം തേടുന്നു ?