മാപ്പു നൽകുക മങ്ങി
പ്പോയൊരീ ചുവരിൻ്റെ
കോണിലീ ചിത്രം പൂക്കൾ
വിതറിപ്പതിക്കട്ടെ.
കാലമീ ശുഭ്രാംബര
ഭിത്തിയിൽ കരിപൂശി
മേഘവർണ്ണമായെങ്ങും.
കണ്ണുനീർ മഴകളിൽ
നാമെഴുതിയ മയിൽ
പീലി തൻ നടനങ്ങൾ
സ്വപ്നമായകന്നു പോയ്.
മാപ്പുനൽകുക മങ്ങും
ചിത്രമിച്ചുവരിൻ്റെ
കോണിലായ് പതിച്ചിടാം
പുഷ്പമാല്യങ്ങൾ കൊരു
ത്തണിയിച്ചിടാമെന്നും
വാടി വീഴാതേ മാറ്റാൻ
പൊൻവെളിച്ചത്തിൽ നൂലിൽ
പുഞ്ചിരിക്കുമ്പോൾ കാറ്റിൽ
ഗന്ധമായ് നിറഞ്ഞിടാൻ.
നീയുറങ്ങുക ശാന്തം
നീയുറങ്ങുക ,വരും
കാലമെൻ സങ്കല്പങ്ങൾ
വ്യഥ തൻ കരിമഷി
പൂശി മായ്ക്കുമ്പോൾ, ഇരുൾ
പടരാതെന്നും ചില്ലിൻ
പാളി പോൽ സൗന്ദര്യത്തെ
മൂടി ഞാനിരുന്നേക്കാം.
പോയ നൂലിഴകൾ തൻ
പാഴ്ക്കിനാവുകൾ കൊണ്ടു
മൂടിയ ചിത്രത്തിന്റെ
കൺകളിൽ നിരാശതൻ
നിർവികാരമാം വർണ്ണ
രാജിയും ദുഃഖത്തിൻ്റെ
തീവ്രത പകരുന്നൊ
രാത്മശാന്തിയും നീല –
ക്കമ്പിളി വിരികൾ നിൻ
മേനിയിൽ ചാർത്തും രാവിൻ
സ്വേദ ബിന്ദുക്കൾ തങ്ങി
പ്പടരും തുഷാരവും –
ഞാനിടക്കിടെ കണ്ണിൽ
ചേർത്തു വെക്കുമാ ചിത്രം
കാൺകെയിത്തിരി നേരം
ഓർമ്മകൾ പിടയട്ടെ.
ഇത്തിരിയാരാധിക്കാൻ
ഇത്തിരി മറക്കുവാൻ
ഇത്തിരി ദുഃഖങ്ങളെ
ഓമനിച്ചുണർത്താനും.

By ivayana