“ന്താ…. ദിവാസ്വപ്നത്തിലാണോ “
കൂടെ മണിക്കിലുക്കംപോലൊരു പൊട്ടിച്ചിരിയും. രവി ഞെട്ടിയുണർന്നു.
ചുറ്റുംനോക്കി. ആരെയുംകാണാതെ ഒന്നുപകച്ചു.
അതൊരു, സ്വപ്നമായിരുന്നോ?
കാത്തുവിന്റെ ശബ്ദം, താൻ വ്യക്തമായി കേട്ടതാണല്ലോ.
അവൻ പിന്നെയും ചുറ്റുംപരതി.
പിന്നെ പുഞ്ചിരിയോടെ മുഖത്തുനിന്ന് കണ്ണടയെടുത്തു തുടച്ചു.
കുറേവർഷത്തെ അജ്ഞാതവാസത്തിനുശേഷം അവധിയാഘോഷിക്കാൻ തറവാട്ടിലെത്തിയതാണ് രവി എന്ന രവിചന്ദ്രൻ.
തറവാടിന്റെ തെക്കേമുറ്റത്തെ പുളിഞ്ചുവട്ടിൽ ചാരിയിരുന്നു ഓർമ്മകളിലൂടെ ഒരു യാത്ര നടത്തി. ആ യാത്രയ്ക്കിടെ തെക്കൻകാറ്റിന്റെ ആലസ്യത്തിൽ ഒന്നുമയങ്ങി. അപ്പോഴാണ് ഒരു ഉണർത്തുപാട്ടായി കാത്തുവിന്റെ ചോദ്യവും ചിരിയും.
രവിയുടെ ചെറിയമ്മയുടെ മകളാണ് കാത്തു എന്ന കാർത്തിക.
അവന്റെ അച്ഛനും അമ്മയും മരിച്ച അതേ അപകടത്തിൽ അവളുടെ മാതാപിതാക്കളും മരിച്ചതാണ്.
പിന്നീട് രണ്ടുപേരും വലിയമ്മാവന്റെകൂടെ തറവാട്ടിലായിരുന്നു താമസം.
ഇപ്പോളവൾ എവിടെയായിരിക്കും? യാത്രാക്ഷീണം ഒന്ന് മാറട്ടെ എല്ലാം ചോദിച്ചറിയാം.
അവളെ പോയിക്കാണണം . എന്ത് സന്തോഷമാവും അവൾക്ക്.
പഴയ കുറുമ്പിയിൽനിന്ന് വലിയമാറ്റമൊന്നും ഉണ്ടാകാനിടയില്ല.
രവിയുടെ മനസ്സിൽ പഴയ കാര്യങ്ങൾ,ഒരു തിരശീലയിലെന്നപോലെ തെളിഞ്ഞു വന്നു .
ചെറുപ്പത്തിൽ, സർപ്പക്കാവിൽനിന്ന് മഞ്ചാടിക്കുരുവും ഇലഞ്ഞിപ്പൂവും പെറുക്കാനും, അമ്പലത്തിലേക്ക് പൂവുതേടിപോകുമ്പോൾ കയ്യെത്താക്കൊമ്പിലെ പൂവ് പൊട്ടിക്കാനും, അങ്ങനെയങ്ങനെ…
എന്തിനുമേതിനും അവൾക്ക് രവിയേട്ടൻ വേണമായിരുന്നു.
കൗമാരത്തിൽ പ്രണയത്തിലകപ്പെട്ട തന്നെ തറവാട്ടിൽനിന്നും വലയമ്മാവൻ പുറത്താക്കിയപ്പോൾ തനിക്കൊപ്പം വരാനായി വാശിപിടിച്ചു കരഞ്ഞ ഒരു പത്തുവയസ്സുകാരി ഇപ്പോഴും കണ്മുന്നിലുണ്ട്
” രവീ വരൂ കാപ്പി കുടിക്കൂ “
നളിനിയേടത്തിയുടെ വിളികേട്ട് രവി ഉമ്മറത്തേക്ക് ചെന്നു.
വലിയമ്മാവന്റെ ജന്മിഭരണത്തിൽ മനംമടുത്ത ഇളമുറക്കാരെല്ലാം മറ്റുള്ള ദേശങ്ങളിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചിരുന്നു. ചിലരെല്ലാം വല്ലപ്പോഴും എത്തുന്ന അതിഥികളായി. കാര്യസ്ഥൻ ചന്ദ്രേട്ടനും മകൻ രമേശനുമാണ് ഇപ്പോൾ എല്ലാക്കാര്യങ്ങളും നോക്കിനടത്തുന്നത്. ചന്ദ്രേട്ടന്റെ ഭാര്യയാണ് നളിനിയേടത്തി.
കാപ്പികുടിച്ചു ഗ്ലാസ് അരമതിലിൽവെച്ച് രവി കിഴക്കേ തൊടിയിലേക്കിറങ്ങി. പാടത്തിന്റെ അതിരിലെ വലിയ തേൻമാവിന്റെ ചുവട്ടിലെത്തിയപ്പോൾ പുറകിൽ നിന്നാരോ നീട്ടിവിളിച്ചു.
“രവിയേട്ടോ പൂയ് “…
രവി അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.
മുറ്റത്തെ ഒതുക്കുകല്ലുകൾ ചാടിയിറങ്ങി, ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ ഓടി വരുന്നതുകണ്ടു.
“എന്നെ മനസ്സിലായോ”
കിതച്ചുകൊണ്ട് അവൻ ചോദിച്ചു.
രവി അവന്റെ കട്ടിമീശയുള്ള മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
ഇല്ല എന്ന് തലയാട്ടി.
“ഞാൻ കൃഷ്ണനാണ്” അവൻ പറഞ്ഞു.
“വടക്കേലെ സുകുമാരേട്ടന്റെ?” രവി സംശയത്തോടെ ചോദിച്ചു.
അതേ, അതുതന്നെ”.
താൻ നാടുവിടുമ്പോൾ അഞ്ചുവയസ്സ് മാത്രമാണ് ഇവന് പ്രായം. നളിനിയേട്ടത്തിയിൽ നിന്ന് കേട്ടറിഞ്ഞു വന്നതാണ് . അവനെയും കൂട്ടി പാടവരമ്പിലേക്കിറങ്ങി.
വശത്തുകൂടിയൊഴുകുന്ന ചാലിലെ വെള്ളത്തിൽ മുഖം കഴുകി നാട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു. കൂട്ടത്തിൽ കാർത്തികയെപ്പറ്റിയും അന്വേഷിച്ചു.
രവി പോയതോടെ അവളുടെ പഠിത്തവും നിന്നു. പിന്നെ വേലക്കാരിയെപ്പോലെ അടക്കളക്കെട്ടിൽ കുറച്ചുവർഷം. ശേഷം പുറംപണിക്ക് വന്ന ആർക്കോ കെട്ടിച്ചു കൊടുത്തു. മുഴുക്കുടിയനായ അവൻ അവളെയും കൊണ്ട് അവന്റെ നാട്ടിലേക്ക് പോയി. പിന്നെ അറിവൊന്നുമില്ല. കൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരത്തു എവിടെയോ ആണ് വീട് എന്നറിയാൻ കഴിഞ്ഞു.
എന്തായാലും അവളെ കണ്ടുപിടിക്കണം.
രവി തീരുമാനിച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചന്ദ്രേട്ടനോട് ചോദിച്ചു ഏകദേശം സ്ഥലം മനസ്സിലാക്കി.
പിറ്റേന്ന് രാവിലെതന്നെ രവി തിരുവനന്തപുരത്തിന് വണ്ടികയറി. രാത്രിയോടെ അവിടെത്തി അന്വേഷിച്ചപ്പോൾ അവന് പോകേണ്ട സ്ഥലത്തേക്ക് ഇനി വെളുപ്പിന് മാത്രമേ വണ്ടിയുള്ളുവത്രെ. അന്ന് ബസ്റ്റാന്റിൽ ചിലവഴിച്ചു. പുലർച്ചേ വണ്ടിയിൽ കയറി ഏഴരയോടെ സ്റ്റോപ്പിൽ ഇറങ്ങി.
ബസിൽ നിന്ന് ഇറങ്ങിയപ്പോഴേ കുറച്ചകലെ ഒരാൾക്കൂട്ടം കണ്ടു. ഒരു പോലീസ് വണ്ടിയും കിടപ്പുണ്ട്.
പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് രവി അടുത്തുകണ്ട ചെറിയ ചായക്കടയിലേക്ക് കയറി. അവിടെ ആരെയും കണ്ടില്ലയെങ്കിലും അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു
“ചേട്ടോ ഒരു ചായ.
കുറച്ചു സമയത്തിന് ശേഷം പുറത്തുനിന്നും പ്രായമായ ഒരാൾ കയറിവന്നു.
ലുങ്കിയും, കൈയില്ലാത്ത ബനിയനും,തോളിൽ ഒരു തോർത്തുമാണ് വേഷം. ചായക്കടക്കാരൻ തന്നെ.രവി ഉറപ്പിച്ചു.
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് വരവ്.
“പാവമായിരുന്നു” ങ്ങാ ഇതിലും ഭേദം അവിടെത്തന്നെ ” എന്നൊക്കെ പറയുന്നുണ്ട്..
ചായ എടുക്കുന്നതിനിടയിൽ രവി കാര്യം അന്വേഷിച്ചു.
” എന്റെ സാറേ നല്ല തങ്കക്കുടം പോലത്തെ ഒരു കൊച്ചായിരുന്നു. ആരോ ബാധ്യത ഒഴിവാക്കാൻ അവന് കെട്ടിച്ചു കൊടുത്തു. എന്നും ആ കൊച്ചിനിട്ട് അടിയും തൊഴിയുമായിരുന്നു.
സഹികെട്ടു ഇന്നലെ രാത്രി ആ കൊച്ചു അവനെ കോടാലിക്ക് വെട്ടി.
രാവിലെ ആരോ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. ദാ,അവിടെ എഴുത്തുകുത്തൊക്കെ നടക്കുന്നു. എന്തായാലും അവൻ തീർന്നു.”
രവിയുടെ നെഞ്ചിൽ ഒരു മിന്നലുണ്ടായി അവൻ അങ്ങോട്ടോടി.
പോലീസുകാർ മഹസർ എഴുതുന്നുണ്ട്.അവൻ വണ്ടിയിലേക്ക് നോക്കി. ചോരപുരണ്ട സാരിയുമായി എല്ലുന്തിയ ഒരു സ്ത്രീ.
അവൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി. കുറ്റബോധം ഒട്ടുമില്ലായിരുന്നു ആ മുഖത്ത്. പക്ഷേ അവനെ തിരിച്ചറിഞ്ഞനിമിഷം നിർവീകാരമായ ആ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറിഞ്ഞു.
ജീവിക്കാനുള്ള ആഗ്രഹത്താൽ സജലങ്ങളായ അവളുടെ കണ്ണുകൾ രണ്ടു പുഴകളായി പുറത്തേയ്ക്കൊഴുകി. അപ്പോഴേക്കും ആ ജീപ്പ് മുന്നോട്ട് പോയിരുന്നു.

By ivayana