രചന : ഹരിദാസ് കൊടകര✍
വനം വെള്ളപൂശുമ്പോൾ..
മദ്ധ്യവർത്തിയും
ഇളകുന്ന ബഞ്ചും
അംഗഭംഗം വന്ന
വാരം കണക്കുകൾ
തേപ്പിനായ് വെള്ളിടി-
വെണ്ണയാക്കുമ്പോൾ..
ചുവരു വിള്ളലിൽ
ഭ്രമ ശീർഷം തണുപ്പ്.
അടുക്കുതെറ്റുന്ന
പാത്രമരിപ്പുകൾ
പാതയിടുക്കിലും
പെറ്റുകൂടുന്ന ചൂത്.
ഉഷ്ണനാഗങ്ങൾ
മുടന്തുന്ന വാചകം
കരയ്ക്കടുക്കാത്ത
ശിലാഗുണങ്ങൾ.
അഹിത മർമ്മരം.
വഴി വിലങ്ങിയ-
നാരായവേരുകൾ.
വരുതി കെട്ടുന്ന-
ഭീതം തണൽപ്പുര.
നിഴലുറയ്ക്കാത്ത-
പാതയിരിപ്പിലും-
ഇരുകൈ നിറച്ചും;
ഗതി വിറപ്പുകൾ.
തല താഴ്ത്തിയ-
ശതാവരി മുള്ളുപോൽ
വിലജ്ജ വാദങ്ങൾ.
കാടും കരടും
വെള്ളയാകുമ്പോൾ
അമിതത്തിലാശങ്ക..
മല മുകളിലെ
സസ്യം പനിപ്പ്.
കാമ്പിൽ കനപ്പ്.
പൊള്ളുമിലഞ്ഞിയിൽ-
പൊഴിയുന്ന പക്ഷികൾ.
ഏട്ടിലെ പഥ്യമേ..
പുല്ലു തിന്നുക.