മായ്ച്ചു കളഞ്ഞിതേ,മായികകൽപ്പലകയിൽ
മായാത്ത മാധുര്യാക്ഷരക്കൂട്ടിൻ വരികളും
മാനസരഥവേഗത്തോടവയെല്ലാമിന്നും
മാസ്മരിക ജ്ഞാനാഗ്നിയായീ ജ്വലിച്ചു നിൽപ്പൂ
മയൂരലാസ്യ മോഹിത നയനത്താലൊട്ടും
മതിവരാതെ മഴവില്ലും കുലച്ചു നിന്നൂ
മയിലാടിക്കൊഴിച്ചിട്ട പട്ടുചേലപ്പീലി
മതിയഴകേറിയുള്ളോരെടുത്തു വന്നതും
മതിയുറച്ചിടാതുള്ളിളയോർക്കു വെറുതെ
മതിപ്പുവരുത്തിടാനോതിക്കൊടുത്തുവല്ലോ
മടക്കിയപുസ്തകത്തിൽ ഇപ്പീലി നിവർത്തി
മനസ്സുചേർത്തുവെച്ചാലിതു പെറ്റിടും സത്യം!
മഷിത്തണ്ടിനാലക്ഷരം മായ്ച്ച ജാലം പോലെ
മയിൽപ്പീലിയും പെറ്റുപെരുകിടും, കാണുവാൻ
മനമതും,കൊതികൊണ്ടുനിന്നിരുന്നുവല്ലോ
മറന്നതില്ലപ്പുസ്തകത്താൾ, അടയാളവും
മഷിത്തണ്ടും മയിൽപ്പീലിയും ജീവിതം പോലെ
മരുവീടുന്നു മായ്ച്ചും തെളിച്ചും പിറന്നും
മനുജരത്ര വളര്‍ന്നാലും ഇനിയേതെല്ലാം
മയിലാടിയാലും, മഴവില്ലഴകേറാതോ
മർത്യകുലമിനി അഞ്ചാറു ദശാബ്ദമായി
മാറിവരുന്നോർക്കുമന്യമായീടുമിതൊക്കെ
മാന്ത്രികക്കഥകൾ പോലെ കേട്ടിരിക്കുമവർ
മണ്ണിൻ ഗന്ധമറിയാത്തവർ, എന്തറിഞ്ഞീടാൻ! I

മോനികുട്ടൻ കോന്നി

By ivayana