രചന : റെജി എം ജോസഫ് ✍
എന്റെ വരവ് തിരിച്ചറിഞ്ഞാവണം; ചെമ്പകമരത്തിലേക്കൊരു കാറ്റായി അമ്മ പറന്നിറങ്ങി. അച്ഛനെയുമേൽപ്പിച്ച് തിരികെ നടക്കുമ്പോൾ പാതിരാക്കാറ്റായി തലോടി ചെമ്പകപ്പൂക്കളുതിർത്ത് അനുഗ്രഹിച്ചിരുവരും!
നിഴൽ വീണിരുൾ പടർന്നാകെയിവിടെ,
നിറയുന്നു എന്നിലിന്നോർമ്മകളേറെ!
നിദ്രയിലാണെന്റെയമ്മയെന്നാകിലും,
നിശ്ചയമായിന്ന് കാത്തിരുന്നേക്കും!
എന്റെ വരവ് തിരിച്ചറിഞ്ഞെന്നോണം,
എന്റെമേൽ കാറ്റായ്പ്പറന്നിറങ്ങിയമ്മ!
ചെമ്പകച്ചോട്ടിലെയസ്ഥിത്തറയിൽ,
ചെരാതിന്റെയിത്തിരി വെട്ടമത്രേ കൂട്ട്!
വർഷമൊന്നായമ്മ തനിച്ചിവിടായിട്ട്,
വർഷവും വേനലും എത്രയോയേറ്റു!
തറവാട്ട്മുറ്റത്തെ മണ്ണിലുറങ്ങുവാൻ,
തനിക്കുള്ളൊരാഗ്രഹമത്രേയത്!
ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ,
ചാരെയവൾക്ക് ഞാനുണ്ടായീടണം,
തേങ്ങലോടച്ഛൻ ചൊല്ലിയെന്നാകിലും,
തനിച്ചാക്കിപ്പോരാതെൻ കൂടെക്കൂട്ടി!
അച്ഛനേമമ്മയേം നോക്കിടുവാനുളള,
അവസരം അപൂർവ്വമേ കൈവന്നിടൂ!
അനുഗ്രഹമെന്നും ലഭിക്കണമെങ്കിൽ,
അതിരില്ലാ സ്നേഹമത് നൽകണം!
വിദൂരനാട്ടിൽ എനിക്കൊപ്പം അച്ഛൻ,
വീണ്ടെടുത്തമ്മ തൻ ഓർമ്മകളത്രേം!
അമ്മയുറങ്ങും കിടക്കയിലച്ഛൻ,
അമ്മതൻ സാമീപ്യം ഏറെയറിഞ്ഞു!
മഴ പെയ്ത് തോർന്നൊരു സായന്തനം,
മരം പെയ്ത് ചാറുന്നതും കണ്ടിരിക്കേ,
മരവിച്ച കയ്യാലെൻ നെറുകിൽത്തൊട്ട്,
മരണത്തിലേക്കച്ഛൻ യാത്രയായി!
അസ്ഥിത്തറയിലേക്കമ്മക്ക് കൂട്ടായി,
അച്ഛനെയും ചേർത്ത് ഞാൻ മടങ്ങേ,
പാതിരാക്കാറ്റിൽ ചെമ്പകമേറെയായ്,
പാതി വിരിഞ്ഞൊരാപ്പൂവുതിർത്തു…!