ഒരു കൊയ്ത്തുകാലം. എട്ടരയ്ക്കുള്ള കോട്ടയം- മാന്നാർ യാത്രാബോട്ടിൽ അതികാലത്ത് എന്റെ കുഞ്ഞമ്മ മാതിരംപള്ളി ജെട്ടിയിൽ വന്നിറങ്ങി. പതിവില്ലാത്ത കുഞ്ഞമ്മയുടെ വരവ് കണ്ടപ്പോഴെ വല്ല്യമ്മച്ചി ചോദിച്ചു .,
എന്താടീ കൗസല്ല്യേ നീ ഓടിക്കിതച്ച് കാലത്തേ?
അതോ….
അവള് ആലപ്പുഴയ്ക്ക് പോയി. ഇന്ന് ദിവസം നാല് കഴിഞ്ഞു. വാണിയപ്പുരക്കാർക്ക് വേണ്ടി അവള് കൊയ്ത കറ്റയത്രയും മെതിക്കാൻ ബാക്കിയാ, ഇന്നുവരും, നാളെവരുമെന്ന് നോക്കി നോക്കി അവസാനം വാണിയപ്പുര അച്ഛൻ വഴക്കുണ്ടാക്കാൻ തുടങ്ങി. അതാ ഞാൻ ഇങ്ങോട്ട് വന്നത്.
അടീ., അതിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇക്കിടാത്തനെ നീ കൂട്ടിക്കൊണ്ടു പോയാൽ എന്നാ മൈരാ അവന് ചെയ്യാൻ പറ്റുക? നീ നല്ല കേമിയാ….നിനക്കതങ്ങ് മെതിച്ചോളാൻ മേലാരുന്നോ …?
വല്യമ്മച്ചി സ്വതസിദ്ധമായ ശൈലിയിൽ കുഞ്ഞമ്മയോട് ചോദിച്ചു.
ഓ… എനിക്കെങ്ങും മേലാ…
ഒന്നോ രണ്ടോ ആണെങ്കിൽ പോട്ടെന്ന് വെക്കാം.,
ഇതോ…? മലപോലാ അവള് കൊയ്ത് വച്ചിരിക്കുന്നത്. ഞാൻ കൊയ്തത് തന്നെ മെതിച്ചത് എങ്ങനെയാണെന്ന് എനിക്കറിയാമ്മേല!
ദേ കൊച്ചമ്മ എന്റെ മോന്തയ്ക്ക് ഒന്നു സൂക്ഷിച്ച് നോക്കിയേ..
എന്റെ വയറ്റത്തും മുഖത്തുമൊക്കെ നീരാ…
രണ്ട് ദിവസമായി നീരിളക്കമാ അല്ലേ ഞാൻ എന്തേലും ചെയ്‌തേനേ…
വേണ്ട., ഇവൻ വന്ന് ചവിട്ടി ഇട്ടാൽ ഞാൻ എങ്ങനെയെങ്കിലും തല്ലിക്കുടഞ്ഞ് അളപ്പിക്കാം. അത്രേ എന്നെക്കൊണ്ട് പറ്റൂ… ഇതും പറഞ്ഞ് കുഞ്ഞമ്മച്ചി എന്നെ ഉഴിഞ്ഞ് നോക്കിക്കൊണ്ട് അടുത്തു കിടന്ന ഉരലിന്മേൽ ഒരു ചാക്കിട്ട് അതിൽ കയറി ഇരിപ്പുറപ്പിച്ചു.
ടീ ക്ടാത്തീ എണീക്കടി അവിടുന്ന്. ഇരിക്കാൻ കണ്ട തലം… വല്യമ്മച്ചി ഒന്ന് ആട്ടാൻ വന്നതാ.. എന്നാൽ സ്വഭാവം അറിയുന്ന കുഞ്ഞമ്മച്ചി ചാടിയെഴുന്നേറ്റു.
അല്പം കഴിഞ്ഞ് തെക്കേപ്പറമ്പീന്ന് ഒരു വിളി…
എടീ കൗസല്യേ… നീയിങ്ങോട്ടുവാ….
കുഞ്ഞമ്മച്ചി കൊണ്ടുവന്ന മടക്കു സാനും, ബോളിയും സ്വാദിഷ്ടമായി അടിച്ചു കൊണ്ടിരുന്ന ഞാനുമോടി തെക്കേപ്പുരയിടത്തിലേക്ക്!
അവിടെക്കണ്ട കാഴ്ചയെന്നെ ഞെട്ടിച്ചു. ഞൊടിയിട കൊണ്ട് വല്ല്യമ്മച്ചി
ഒരുവാനം ചേമ്പ് പറിച്ച് കൂട്ടിയിട്ടിരിക്കുന്നു. അപ്പുറത്ത് നിന്ന അഞ്ചാറ് മൂട് കപ്പേം പറിച്ചു. നോക്കുമ്പോ വല്യമ്മച്ചി തോട്ടി കൊണ്ട് വാളരിപ്പയറ് പറക്കുന്നു. കൂട്ടത്തിൽ നിത്യവഴുതിന കുറെ പറച്ചിട്ടുമുണ്ട്.
വല്യമ്മച്ചി, എടീ… നീയാ ചേമ്പ് തല്ലിക്കുടഞ്ഞ് ചാക്കിലേക്ക് കേറ്റിക്കോ.. പിന്നെ ദേ ഈ പയറും വഴുതിനേം ഒരു കൂട്ടിലേക്ക് കേറ്റടാ എന്നൊരാജ്ഞ എന്നോടും. നീരു വീക്കമുണ്ടായിരുന്ന കുഞ്ഞമ്മ നൊടിയിടയിൽ അത് ചാക്കിൽക്കേറ്റി. കപ്പ മൂടോടെ വെട്ടിയത് ഒരു വള്ളിക്കൊട്ടയിൽ അതുപോലെ വച്ചു. തൊട്ടടുത്ത് വാഴയ്ക്ക് ഊന്ന് കൊടുത്തിരുന്ന ഈറയെടുത്ത് മൂന്നാല് വാഴച്ചുണ്ടും ഒട്ടിച്ചു കൂട്ടത്തിൽ നാലഞ്ച്മൂട് ചീരയും പറിച്ചു. എല്ലാം കൂടെ ഒരു നല്ല ലോഡ് സാധനം റെഡിയായി നൊടിയിടയിൽ.
ഓ… ചേമ്പ് മോശാ ഇപ്രാവശ്യം . , പാതി
കരിക്കൻ കുത്താ… വല്യമ്മച്ചി കുഞ്ഞമ്മച്ചിയോടായിപ്പറഞ്ഞു.
വേഗം ഒരുമുട് കപ്പപുഴുങ്ങി. കാന്താരിമുളക് ഉടച്ചു. പച്ച വെളിച്ചണ്ണയൊഴിച്ചു. തലേന്ന് ഉറയൊഴിച്ച തൈര് പാത്രമെടുത്തു അതിൽ നിന്നല്പമെടുത്ത് മുളക് പൊടിയും ഉപ്പും ചേർത്ത് വേറൊരു ചട്നിയും റെഡിയായി. നല്ല ഏത്തക്കാക്കപ്പ പുഴുങ്ങിയത് ! അതിൽ നിന്നു ടോർച്ചിന്റെ ആകൃതിയുള്ള ഭാഗം നോക്കി വല്യമ്മച്ചി എന്റെ പാത്രത്തിലിട്ടു തന്നു. ഞങ്ങൾ കഴിച്ചു.
മണിക്കൂറ് ചാടിയോടിക്കൊണ്ടിരുന്നു. നേരം പതിനൊന്നായി. അടപ്പിൽ വച്ച് വീണ്ടും എന്തൊക്കെയോ ഇതിനകം വല്യമ്മച്ചി പാകം ചെയ്തു. തലനിറച്ചും എണ്ണതേച്ച് ഞാൻ തോട്ടിൽച്ചാടി… കൊച്ചുവളളത്തിന്റെ അരികത്ത് പിടിച്ച് നീന്തിക്കളിച്ചു. കാലുകളിൽ അങ്ങിങ്ങായുള്ള തീരെച്ചെറിയ മുറിവുകളിലും പരൽമീൻ കൊത്തിപ്പറിച്ചു. മീനിന്റെ ഈ കൊത്തൽ സഹിക്കാതെ വേഗം ഞാൻ കരയ്ക്ക് കയറി. അമ്മാവന്റെ കാക്കിപ്പാന്റ് വെട്ടിത്തൈച്ച കാക്കിനിക്കർ എടുത്തിട്ടു. കൂട്ടത്തിൽ അധികം ചളിപുരളാത്ത ഒരു ഷർട്ട് എടുത്തിട്ടു. മുടി ചീകി. അപ്പോഴും മുടിയിൽ നിന്നും വെള്ളം വീഴുന്നുണ്ടായിരുന്നു. വല്യമ്മച്ചി ഇതിനോടകം കപ്പേം ചേമ്പും എല്ലാം കൊച്ചുവളളത്തിന്റെ കോതിൽക്കേറ്റി. അവസ്സാനത്തെ ശ്രമം എന്ന നിലയിൽ കുഞ്ഞമ്മച്ചി വള്ളക്കഴുക്കോൽ കൊണ്ട് തോട്ടിലേക്ക് ചാഞ്ഞ് നിന്ന മൂവാണ്ടൻ മാവേൽ അടിയോടടി. ബ്ളും ബ്ളും ശബ്ദത്തോടെ മാങ്ങാ പത്തിരുപത് വെളത്തിൽ വീണു. അതെല്ലാം ഒന്നു വിടാതെ പെറുക്കി വള്ളത്തിലിട്ട് ഞങ്ങൾ വള്ളത്തിന്റെ കെട്ടഴിച്ചു യാത്ര തുടങ്ങി. വല്യമ്മച്ചിയാണ് അമരം. ഞാൻ ഒന്നാം തുഴ. മാതിരംപള്ളി ജെട്ടിവരെ ഞാൻ വള്ളം ആസ്വദിച്ചു തുഴഞ്ഞു. നോക്കുമ്പോൾ അക്കരയിലൂടെ ഞങ്ങടെ പട്ടി ഞങ്ങളെ പിൻ തുടരുന്നു.! വല്യമ്മച്ചി വള്ളം അക്കരെ അടുപ്പിച്ചു. അവനേം കേറ്റി. ഇപ്പോൾ നാല് പേർ.
പന്ത്രണ്ടരയുടെ ബോട്ട് വന്നു. സാധനങ്ങൾ ബോട്ടിന്റെ മുകളിൽ കയറ്റി വച്ചു. സ്രാങ്ക് രായപ്പൻചേട്ടൻ വല്യമ്മച്ചിയുടെ ഒരകന്നബന്ധുവാ… രായപ്പോ എടാ ക്ടാത്താ…പന്നായിക്കടവിൽ എത്തുമ്പോൾ നീ ഇതൊക്കെ ഒരോട്ടോ പിടിച്ച് അതിൽ കേറ്റിവിടണം കേട്ടോടാ എന്നുള്ള വല്യമ്മച്ചിയുടെ പറച്ചിൽ കേട്ട് സ്രാങ്ക് രായപ്പൻചേട്ടൻ ആൾക്കൂട്ടത്തിൽ ഉടുമുണ്ട് ഉരിഞ്ഞ പോലെ പ്ളിംഗിതനായി !
ബോട്ടിലിരുന്ന് ഞാൻ കാഴ്ചകൾ കണ്ടു. കുഞ്ഞമ്മച്ചി ബോട്ടിൽ കേറിയ പാടേ വായും തുറന്നു പിടിച്ച് ഉറക്കമായി. വീയപുരം തുരുത്ത്, തടിഡിപ്പോ, പാവുക്കരപ്പള്ളി , തേവേരിപ്പുഞ്ച, ഉച്ചകഴിഞ്ഞ് കുളിക്കടവിൽ തല്ലി നനച്ച് കുളിക്കുന്ന പെണ്ണുങ്ങൾ, പാടത്ത് അങ്ങ് ദൂരെ ഞാറ്റടികൾക്കിടയിൽ വെള്ളകൊക്കുകൾ, മണൽ വാരി ഇപ്പം മുങ്ങും എന്നു തോന്നുംവിധം പോകുന്ന വള്ളങ്ങൾ, പായ് വള്ളങ്ങൾ എന്നു വേണ്ട കാഴ്ചയുടെ കുട്ടനാടൻ ബിംബങ്ങൾ മതിവരെ ആസ്വദിച്ച് ഞങ്ങൾ പന്നായിക്കടവിലെത്തി. രായപ്പൻ ചേട്ടനും ഞങ്ങളും കൂടെ സാധനങ്ങൾ ബാബു ചേട്ടന്റെ ഓട്ടോയിൽ കയറ്റി. ബാബു ചേട്ടൻ പരുമലയ്ക്ക് ഓട്ടം പോയിട്ടു തിരികെ വരുന്നവഴിയാ ഞങ്ങളെ കണ്ടത്. അങ്ങനെ കൗസല്യക്കുഞ്ഞമ്മച്ചിക്ക് ഓട്ടോക്കൂലിയും ലാഭമായി…
എടീ നീയിതെവിടുന്നാ?
ബാബുച്ചേട്ടചോദിച്ചു..
ഞാൻ ദേ ഇവനെക്കൊണ്ടുവരാൻ പോയതാ
ഇവനേതാ…?
ഇവൻ ചേടത്തിയുടെ മകൻ., അവള് ദേണ്ടെ വാണിയപ്പുരക്കാർക്ക് കുറെ കൊയ്തിട്ടേച്ച് ആലപ്പുയ്ക്കോന്നും പറഞ്ഞ് പോയതാ ., ഇന്ന് ദിവസം നാലായി ഇതുവരെ വന്നില്ല..
അതിന് ഇവൻ വന്നിട്ടെന്തെടുക്കാനാ?….
ഓ… എനിക്കാണേൽ നീരിളക്കമാ., പത്ത് കറ്റചവിട്ടിത്തന്നാൽ എങ്ങനേലും കുടഞ്ഞ് പറിച്ച് അളപ്പിക്കാം എന്നു കരുതി കൊണ്ടുവന്നതാ….
ടീ അവളെന്തിനാ ആലപ്പുഴയ്ക്ക് പോയത്…
അതോ…
അവളുടെ ഭർത്താവിന്റെ ആദ്യത്തെ വകയിലെ ഒരു പെങ്കൊച്ചില്ലയോ? അതിന്റെ കല്ല്യാണമാണു പോലും. ചേട്ടൻ മരിച്ചതിൽ പിന്നെ ചേട്ടന്റെ അനിയന്റെ വീട്ടിലാ അവൾ വളരുന്നത്. ഏതോ നല്ല ആലോചനയാ., അവക്കടെ തള്ള ആ കൊച്ചിനെ ഇട്ടേച്ച് വേറെ കല്യാണം കഴിച്ചു. ഇപ്പോൾ അവളവിടാ . അതിന് പോയതാ, ദിവസം നാലായി. ചേട്ടൻ മരിച്ചതിൽപ്പിനെ ഇവനെ ആനാരിയിൽ നിർത്തി പഠിപ്പിക്കുവാ… ഇളയവനും അവളും ഇവിടെയും. .,
കുഞ്ഞമ്മച്ചി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
എടാ നീ എത്രലാ പഠിക്കുന്നത്?
ഒമ്പതിൽ … ഞാൻ യാന്ത്രികമായി ഉത്തരം പറഞ്ഞു.
ഓട്ടോ വീടെത്തി. സാധനങ്ങൾ ഒക്കെവലിച്ചിറക്കി കുഞ്ഞമ്മ മൂരി നിവർത്തു. കുറച്ച് എന്റെ തലയിൽ താങ്ങിത്തന്നു. ഞാനവയൊക്കെ തിണ്ണയിൽ കൊണ്ടുവച്ചു. കിണറ്റിൽ നിന്നും ഒരുതൊട്ടി വെള്ളംകോരി കാലും കൈയും കഴുകി. കുഞ്ഞമ്മ വീട്ടിൽക്കേറിപ്പോയി. ഞാൻ ഞങ്ങടെ അമ്മതാമസിക്കുന്ന ചെറ്റക്കുടിലിൽ കയറി നോക്കി. അടുപ്പ് കത്തിയിട്ട് ദിവസങ്ങൾ ആയിരിക്കുന്നു. കുഞ്ഞമ്മച്ചി വളർത്തുന്ന പൂച്ച അടുപ്പിലെ ചാരത്തിൽ സുഖ നിദ്ര. ഞാൻ അമ്മയുടെ ഒരു കൈലിയെടുത്തു രണ്ടായിമടക്കിയുടുത്തു. കാരണം അന്ന് അത്രയേ വളർന്നിട്ടുള്ളൂ ഞാൻ. പയറ് പോലെ ഉരുണ്ട് നടക്കുന്ന പയ്യൻ! അമ്മ അനിയനേം കൊണ്ടാണ് പോയിരിക്കുന്നത്.
സന്ധ്യയാകാറായി. എന്നെക്കണ്ട സന്തോഷത്തിൽ മാമന്റെ മോൾ മിനി ഓടി വന്നു. അവൾ കൊണ്ടുവന്ന ചാമ്പക്ക എനിക്ക് പകുത്തുതന്നു. ഞങ്ങൾ ഉപ്പു കൂട്ടിക്കഴിച്ചു. കിണറ്റിലെ വെള്ളം കോരിക്കുടിച്ചു. കുറേനേരം രണ്ടാളും കൂടി കിണറ്റിൻകരയിലെ കോൺക്രീറ്റ് തറയിൽ കരികൊണ്ട് കളം വരച്ച് നിര കളിച്ചു.
ഇരുണ്ട് തുടങ്ങി. ഞാൻ വീട്ടിൽക്കയറി ഒരു ചരുവം നിറച്ചും കടുംചായ തിളപ്പിച്ച് ഒരു മല്ലിത്തുക്കിൽ എടുത്തു. ഒരു തോർത്തെടുത്ത് തലയിൽ കെട്ടി. കൈലി മാറ്റി കാക്കി നിക്കർ ഇട്ടു. കുഞ്ഞമ്മച്ചി എന്നെയും കൂട്ടി കൊയ്ത്തു കണ്ടവും കടന്ന് കറ്റക്കളത്തിൽ എത്തി. ‘എല്ലാവരും മെതി കഴിഞ്ഞ് അളന്ന് പോയിരിക്കുന്നു. അമ്മയുടെ കറ്റകണ്ട് എനിക്ക് അകവാള് വെട്ടി. ഒരു മലയോളം ഉയരത്തിൽ ഏറെ നീളത്തിൽ അത് വലിയൊരു ബാലികേറാമല പോലെ തോന്നി.
എന്റെ കാതിൽ അപ്പോൾ വല്യമ്മച്ചി പറഞ്ഞ വാചകം ഓടിയെത്തി., ” ഇവൻ എന്നാ മൈരാ ചെയ്യുക അവിടെ വന്ന്?”
റിക്ഷാക്കാരൻ ചേട്ടൻ ചോദിച്ചതും ഓർത്തു. ഇവൻ എന്തു ചെയ്യാനാ?….
എനിക്കെന്തോ ഒരു ശക്തി വരുന്നതു പോലെ തോന്നിച്ചു . ഞാൻ ദൈവത്തെ വിളിച്ചു കൊണ്ട് ആദ്യകറ്റയെടുത്തു. കുഞ്ഞമ്മച്ചിയുടെ കൂടെ കളത്തിലെത്തിയ മിനിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് എനിക്ക് കാണാമായിരുന്നു. അവളാകട്ടെ ഞാനതുകാണാതിരിക്കാൻ മറച്ചുപിടിക്കാൻപാടുപെടുന്നുന്നുണ്ടായിരുന്നു. എങ്ങനെ മെതിക്കണം എന്ന് കാണിച്ചു തന്ന് കുഞ്ഞമ്മ അവളുമായി തിരികെ പ്പോയി.
പടിഞ്ഞാറ് മണിമലയാറ് ശാന്തമായി ഒഴുകിപ്പോകുന്നു. ഞാൻ മെതിതുടർന്നു. വലിയ വാഹനങ്ങൾ പുളിക്കീഴ് പാലത്തിൽ ഇരമ്പിക്കയറുന്നത് എനിക്ക് കേൾക്കാമായിരുന്നു. കളത്തിൽ
ഏറുമാടത്തിൽ തൂക്കിക്കെട്ടിയ പെട്രോൾ മാക്സിൽ നിന്നുമുള്ള വെളിച്ചവൃത്തത്തിൽ ഈയലുകൾ പാറിപ്പറന്നു. കുറച്ച് മെതി കഴിഞ്ഞ് ഞാൻ പൊലി അടച്ചു വൃത്തിയാക്കും. പിന്നെയും മെതി. മെതിയോട് മെതി. ഒമ്പത് മണി ആയിക്കാണും. കുഞ്ഞമ്മച്ചി വീണ്ടും വന്നു. കപ്പപ്പുഴുക്കും കഞ്ഞിയും കടുക് മാങ്ങയും കൊണ്ടുത്തന്നു. കൂടെ മിനിയും വന്നു. അവൾ കുഞ്ഞാണ്; എന്നേക്കാൾ. ഞാൻ അവൾക്ക് ഏട്ടനും കൂട്ടുകാരനും എല്ലാമാണ്. ഞങ്ങൾ അവധിക്ക് വരുമ്പോഴേ കാണാറുള്ളൂ. എനിക്കവളും അവൾക്ക് ഞാനുമേ അന്ന് കൂട്ടായിട്ടുള്ളൂ. വേറെയുള്ളത് കുഞ്ഞമ്മച്ചിയുടെ മകൻ മധുവാണ്. അവൻ കാലത്ത് കണ്ടാൽ പിന്നെ വൈകിട്ടേ കാണൂ . കളിച്ച് മറിഞ്ഞെവിടൊക്കെയോ പോകും. ഞാനും മിനിയും കൂടി വലിയ പായിലിരുന്ന് കഞ്ഞി കുടിച്ചു. പിന്നെ അവർ പോയി.
ഞാൻ വീണ്ടും മെതി തുടർന്നു. മണി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഞാൻ ഏകനായി ജോലി തുടർന്നു. ഇടയ്ക്ക് നിർത്തി കടുംചായ കുടിച്ചു. വീണ്ടും തുടർന്നു. കളത്തിൽ കിടക്കുന്ന ചേട്ടന്റെ കൂർക്കം വലിയും ചീവീടു ശബ്ദവും മാത്രം എനിക്ക് കൂട്ട് . നേരം വെളുക്കാറായി. ഞാൻ തളർന്നു. എന്റെ കാലുകൾ പൊട്ടിയൊഴുകി. ഞാൻ തോർത്ത് നെടുകെക്കീറി കാല് മുറുക്കി കെട്ടി മെതിതുടർന്നു. വല്യമ്മച്ചിയുടെ, റിക്ഷാക്കാരൻ ചേട്ടന്റെ വാക്കുകൾ ഓർക്കുമ്പോൾ എന്റെ വേദന ഞാൻ മറന്നു. മാനത്ത് തുലാവർഷത്തിന്റെ വരവറിയിക്കുന്ന ഇടിമുഴക്കങ്ങൾ കേട്ടു . പുലരിയിൽ കോഴികൾ കൂവുന്നുണ്ടായിരുന്നു. ഒന്നും ഞാൻ കേട്ടില്ല. മെതി തുടർന്നു. അവസ്സാനത്തെക്കറ്റ ഞാൻ ചിവിട്ടി പിൻപോട്ടു തള്ളി താഴെ തളർന്നിരുന്നു. എന്റെ കാലിലെ കെട്ടഴിച്ചു. ഞാൻ നോക്കി. തോർത്ത് മുഴുവൻ രക്തം പുരണ്ട് നനഞ്ഞിരുന്നു. ഞാൻ ആ തോർത്ത് കാലിൽ കെട്ടി. ആറ്റിൽപ്പോയി മുങ്ങിക്കുളിച്ചു. എന്റെ കണ്ണു തുറന്ന് ഞാൻ മുങ്ങിക്കിടന്നു. കണ്ണിൽ നിന്നും ആവിയിറങ്ങുന്നത് വെള്ളത്തിൽ എനിക്കു കാണാമായിരുന്നു. ഒരു വിധം ഒത്തിയൊത്തി ഞാൻ വീട്ടിൽ കയറി വന്നു. ബോധം കെട്ടുറങ്ങി.
ഉച്ചയായിക്കാണും. എന്റെ കാലിൽ ആരോ തലോടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ അമ്മ എന്റെ പൊട്ടിയ കാൽ വെള്ള തഴുകിയിരുന്നു കരയുന്നത് കണ്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത്. അമ്മ കരയുന്നത് കണ്ടു ഞാൻ ചിരിച്ചു. വേദനയുള്ള ചിരി കണ്ട് അമ്മ ഏങ്ങിക്കരഞ്ഞു. ഞാൻ വേഗം എഴുന്നേറ്റ് പുറത്തിറങ്ങിപ്പോയി. എനിക്കും സങ്കടം സഹിക്കുന്നില്ലായിരുന്നു.
രണ്ടു ദിവസം വേണ്ടി വന്നു കച്ചി കുടഞ്ഞ് അളപ്പിക്കാൻ. ഏഴിനൊന്നാണ് പതം. അളന്ന് വന്നപ്പോൾ 64 പറ നെല്ല് പതം കിട്ടി. അളവുകാരൻ ചേട്ടൻ എന്നെ അത്ഭുതത്തോടെ നോക്കി. വാണിയപ്പുരയിലെ അച്ഛൻ രണ്ടു പറ നെല്ല് കൂടുതൽ തന്നു. ശാരദേ., നിന്റെ മകനെ ഞാൻ സമ്മതിച്ചു… ഇതവനാ….. ഇത് കേട്ടപ്പോൾ ഞാൻ അഭിമാനം സഹിക്കവയ്യാതെ ഓടിപ്പോയി അവിടുന്ന്.
വൈകിട്ട് അമ്മ വന്നത് പുതിയ പാരഗൺ ചെരുപ്പുമായി. അങ്ങനെ പുത്തൻ ചെരുപ്പുമിട്ട് ഞാൻ തിരികെപ്പോകുമ്പോൾ കിണറ്റരികിൽ എന്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ കൈ നിറച്ച് ചാമ്പയ്ക്കയമായി മിനി നില്പുണ്ടായിരുന്നു.

എൻ.കെ അജിത്ത്

By ivayana