എരിപൊരി കൊള്ളും
കടുത്ത വേനലിൻ
കരാള ഹസ്തമേ
കനിവ് കാട്ടുക

ഒരിറ്റു നീരിനായ്
നിലവിളിച്ചിടും
നിരാശ്രയക്കൊടും
വ്യഥ ശ്രവിക്കുക.

വരണ്ട യൂഷര
വയൽ പരപ്പുകൾ..
ഇല പൊഴിഞ്ഞൊരീ
ഒടിഞ്ഞ ചില്ലകൾ …

ചിറകു വെന്തിടും
ചെറു പറവകൾ..
കടുത്ത ദാഹത്തി –
ലുരുകും കാലികൾ…

മെലിഞ്ഞരുവിയിൽ
ത്യജിച്ചു ജീവിത –
ക്കടമ്പ താണ്ഡിടു –
മരിയ മീനുകൾ

അരിയൊരു കുളിർ
തഴുകി സാന്ത്വന
ത്തണലിനായ് ഞങ്ങൾ
വിതുമ്പുമെത്ര നാൾ

മരിച്ച ഭൂമിയിൽ
തളിരുകൾ വീണ്ടും
പൊടിപ്പു പൊട്ടുവാൻ
കൊതിക്കുമെത്ര നാൾ

അടിയങ്ങൾ ഞങ്ങൾ
ക്കഭയ ഗേഹമാം
അലിവിൻ തീരമേ
അനുഗ്രഹിക്ക നീ


ഗഫൂർ കൊടിഞ്ഞി.

By ivayana