മൗനം സമ്മതമെന്ന
പഴമൊഴി വ്യർത്ഥമാണോ
ചില മൗനങ്ങൾ
അങ്ങനെയായിരിക്കാം
ഇന്ന് മൗനം അപകടമാണ്
ഓരോ വ്യക്തിയും
സമ്മർദ്ദത്തിൻ്റെ
പരകോടിയിൽ ജീവിതം
തള്ളിനീക്കുന്നു
ഏതു നിമിഷവും
പൊട്ടിത്തെറിക്കാവുന്ന
തകർന്നടിയാവുന്ന
ജീവിതങ്ങൾ പേറുന്നവർ
പരസ്പരം അറിയാത്തവർ
നയിക്കുന്ന സാമൂഹ്യ ജീവിതം
ചായങ്ങളില്ലാത്ത നാട്യക്കാർ
തിരക്കഥയില്ലാതെ
ജീവിത കഥയാടുന്നവർ
മൗനത്തിൻ്റെ മുഖപടം
മുഖത്തണിഞ്ഞുള്ളിൽ
കൊടുങ്കാറ്റ് വിതയ്ക്കുന്നവർ
പ്രകൃതിയുടെ താളം
പിഴപ്പിച്ചവർ പ്രകൃതിയെ
മൗനത്തിൻ്റെ മുഖപടം
അണിയിച്ചവർ
വെള്ളത്തിൻ്റെ തണുപ്പ്
അപഹരിച്ചവർ
കാറ്റിൻ്റെ കുളിർമ കവർന്നവർ
മണ്ണിൻ്റെ ജീവനൂറ്റിയവർ
ഒടുവിൽ നാവുകളെ
മൗനത്തിൻ്റെ കുരിശേറ്റി
തെറ്റുകൾ മറയ്ക്കാനുള്ള
വാത്മീകങ്ങൾ തീർത്തവർ
ഉഷ്ണ കൊടുങ്കാറ്റുകളിൽ
എരിഞ്ഞടങ്ങുവാൻ നേരമായി.

By ivayana