തീപ്പിടിച്ച ആകാശത്തിന് ചുവടെ
വായ പിളർന്ന കടൽക്കണ്ണുകൾ
നമ്മളിലേക്കിറങ്ങി വരുമ്പോൾ
തീക്കൊടുങ്കാറ്റിലുടഞ്ഞ് വീണ
സമത്വം വരികൾക്കിടയിൽ
തലയിട്ടടിച്ച് പിടയുമ്പോൾ.
അസ്വസ്ഥതയുടെ മുറിവുകൾ
തുന്നിക്കെട്ടിയ കാലത്തിന്റെ
ചിറകുകളിൽ ദൈവം
വെള്ളരിപ്രാവുകളുടെ ചിത്രം
വരയ്ക്കാൻ കൈകൾ നീട്ടും.
മേഘപടലങ്ങൾക്ക് നടുവിൽ
നിന്നും മിന്നൽവെളിച്ചം പുഴയുടെ
ഓളങ്ങളിലേക്കിറങ്ങി വരും.
ഹിന്ദുവും , മുസൽമാനും
ക്രിസ്ത്യാനിയും ഒരേ രക്ഷകന്റെ
നെഞ്ചിൽ തല ചായ്ച്ച് കെട്ടിപ്പിടിച്ച്
ഒറ്റ മതമായ് പൂക്കും .
അടിക്കാടുകളിൽ നിന്നും തളിർത്ത
ചില്ലകൾ ഒരുമയുടെ ചരിത്രം
വരയ്ക്കാൻ തൊട്ടുരുമ്മും.
പുലർവെട്ട തുടുപ്പിന്റെ നീലിച്ച
കണ്ണുകളിൽ വെട്ടിയരിഞ്ഞിട്ട
ഉടയാടകൾ വലിച്ചു കീറപ്പെട്ട
അടക്കിപ്പിടിച്ച തേങ്ങലുകൾ
ഇരുൾവഴികളിൽ കനത്ത്
പെയ്യുമ്പോൾ .
ഒരു നോട്ടം കൊണ്ട്
ചരിത്രത്തെ വിറപ്പിച്ച
ഉണ്ണിയാർച്ച പല പല ദിക്കുകളിൽ
നിന്നും ഉയർത്തെഴുന്നേൽക്കും..
ഓരോ ചുവട് വയ്പ്പിലും
തീ തീറ്റിക്കുന്ന വാർത്തകൾക്ക്
നടുവിൽ ഉരുകിയൊലിക്കുന്ന
മിടിപ്പുകളിൽ ചുറ്റിപ്പിണയുന്ന
കരിനാഗങ്ങൾ രാഷ്ട്രത്തെ
രണ്ടായ് പിളർക്കുമ്പോൾ
അരുതെന്ന് വിലക്കാൻ
വീണ്ടുമൊരു മഹാത്മാവ്
ഇവിടെ പിറക്കും .
തീത്തുള്ളി മഴ നനഞ്ഞ
ചോരക്കിനാവുകൾ വരയിട്ട
ഭൂപടത്തിനിടയിലൂടെ ഊർന്ന്
വീഴുന്ന ചുടുനിശ്വാസങ്ങളുടെ
ചുംബന തളിർപ്പുകളിൽ വിരിയുന്ന
പുതുമഴക്കിനാവുകൾ
നമ്മൾക്ക് മുമ്പിൽ ചിറക്
വിരിക്കട്ടെ……….

ഷാജു. കെ. കടമേരി

By ivayana