രചന : പ്രിയബിജു ശിവകൃപ✍
പത്മജ ചിന്തിക്കുകയായിരുന്നു…. അവൾ ചിന്തിക്കുന്നിടത്തു പുതിയ കഥകൾ രൂപം കൊള്ളും… അനുഭവങ്ങളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത തീവ്രമായ കഥകൾ…
അവ വായനക്കാരെ പുതിയ തലങ്ങളിൽ എത്തിക്കുന്നത് അവൾ അവരുടെ പ്രതികരണങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു… ഓരോ യാത്രകളും അവൾക്കു സമ്മാനിക്കുന്നത് കഥകളുടെ മാന്ത്രിക ചെപ്പുകളാണ്….
കാറിൽ കയറിയിരുന്നു ഡോർ അടച്ച ശേഷം അവൾ കണ്ണുകളടച്ചു സീറ്റിലേക്കു ചാരിയിരുന്നു… ജയേട്ടൻ ഡ്രൈവിങ്ങിന്റെ ശ്രദ്ധയിലാണ്… ദാസേട്ടനും കൂടി ഒപ്പം വന്നതു കൊണ്ട് ജയേട്ടന് ദുബായിലെ വിശേഷങ്ങൾ പറയാൻ ഒരാളായി… തന്റെ സഹോദരനാണ് ദാസേട്ടൻ
തന്റെ ഒരേയൊരു പ്രിയപ്പെട്ട കൂട്ടുകാരി സന്ധ്യയെ കാണാൻ പോയി മടങ്ങുകയാണ്…. അവൾ പുതുതായി വീട് വച്ചിട്ട് ഇതുവരെ അവിടെ പോകാൻ കഴിഞ്ഞിരുന്നില്ല… ഇത്തവണ ജയേട്ടന് ലീവ് കിട്ടുമ്പോൾ രണ്ടാളും കൂടി പോകാമെന്നു തീരുമാനിച്ചു…. അങ്ങനെ ജയേട്ടൻ ദുബായിൽ നിന്നും വന്നിട്ട് ഒരാഴ്ച്ചക്ക് ശേഷം സന്ധ്യയുടെ വീട്ടിലേയ്ക്കു പോയി….
ഹൃദ്യമായ സ്വീകരണത്തിന് ശേഷം ആണുങ്ങളെല്ലാം അവരുടെ കാര്യ പരിപാടികളിലേക്ക് കടന്നപ്പോൾ രണ്ടാളും പുറത്തെ ഗാർഡനിലേക്കിറങ്ങി… നല്ല മനോഹരമായ പൂന്തോട്ടം ആയിരുന്നു അത്… ഒരു കോണിൽ ഒരു ചെമ്പകം പൂവിട്ടു നിന്നിരുന്നു… അനേകം ഇനത്തിലുള്ള റോസാ ചെടികൾ പൂവിട്ടു നിന്നിരുന്നു…. മിക്കവാറും ഉള്ള എല്ലാ ചെടികളും പുഷ്പ്പിച്ചു നിൽക്കുന്ന ഒരു അതിമനോഹരമായ പൂവാടി….
“പുതിയ നോവൽ എന്തായി… തുടങ്ങിയോ “
“തുടങ്ങി വച്ചതെ ഉള്ളു…. ഇനിയിപ്പോ മിക്കവാറും ജയേട്ടൻ മടങ്ങിയതിനു ശേഷമേ ബാക്കി ഉണ്ടാവുള്ളു….”
“എന്തായി നിങ്ങളുടെ ട്രീറ്റ്മെന്റ് ഒക്കെ… ഡോക്ടർ എന്തു പറയുന്നു… പ്രതീക്ഷയ്ക്ക് വല്ല വകയുമുണ്ടോ? “
“ഓ… അതൊക്കെ അതിന്റെ വഴിക്കു നടക്കും… ജയേട്ടൻ മൂന്നുമാസം കൂടുമ്പോ ഇങ്ങോട്ട് വരുമല്ലോ… അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഡോക്ടറെ പോയിക്കാണും… പക്ഷെ ഡോക്ടർ പറയുന്നത് സ്ഥിരമായി നാട്ടിൽ നിന്നു ട്രീറ്റ്മെന്റ് എടുക്കണമെന്നാ… എനിക്കു ഒരു പ്രതീക്ഷയുമില്ല സന്ധ്യേ “
അവൾ നിരാശയോടെ പറഞ്ഞു….
“നീയിങ്ങനെ വിഷമിക്കാതെ പപ്പി… എല്ലാം സമയം ആകുമ്പോൾ നടക്കും…. ഒന്നുല്ലെങ്കിലും നാലാളറിയുന്ന ഒരു എഴുത്തുകാരി അല്ലെ നീ…”
അവൾ പുഞ്ചിരിച്ചു…
.”അക്ഷരങ്ങൾ മാത്രമാണിന്നെന്റെ കൂട്ട്… അവ ഇല്ലായിരുന്നെങ്കിൽ ഞാൻ മുരടിച്ചു പോയേനെ “
“അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത്… നിനക്ക് ഞാനൊരാളെ പരിചയപ്പെടുത്തി തരാം.. നിന്റെ വലിയ ഒരു ആരാധകനാണ്…. ആള് നന്നായി പുസ്തകങ്ങളൊക്കെ വായിക്കും…. പേര് ശിവൻ….. ദേ അതാ അവന്റെ വീട്…”
സന്ധ്യ തങ്ങളുടെ വീടിന്റെ നേരെ എതിരെയിരിക്കുന്ന വീട്ടിലേക്ക് വിരൽ ചൂണ്ടി….
മനോഹരമായ ഒരു കൊച്ചുവീട്…..
“വരൂ നമുക്ക് അവിടെക്കു ഒന്നു പോയിട്ട് വരാം…. ഞാൻ നിന്റെ കൂട്ടുകാരി ആണെന്നറിഞ്ഞ നിമിഷം മുതൽ ആള് വല്ല്യ ഉത്സാഹത്തിലാണ്… നിന്നെ കാണാനായി കാത്തിരിക്കുകയാണ്….”
അവൾ ജയദേവിനോട് പറഞ്ഞിട്ട് പുറത്തേക്കു ഇറങ്ങി….
മുറ്റമൊക്കെ ചെത്തിയൊരുക്കി നല്ല വൃത്തിയുള്ള ഒരു വീട് ……. അവിടെ ചെന്നു കയറിയപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തന്നെ പൊതിയുന്നത് പത്മജ അറിഞ്ഞു….
“കുട്ടി മാളുവമ്മേ ..
സന്ധ്യ അകത്തേക്ക് നോക്കി വിളിച്ചു…
അകത്തു നിന്നും ഒരു പ്രായമുള്ള സ്ത്രീ ഇറങ്ങി വന്നു…. തല മുടിയൊക്കെ അങ്ങിങ്ങായി നരച്ചിട്ടുണ്ട്… അവർ സന്ധ്യയെ നോക്കി പുഞ്ചിരിച്ചു….
“ങ്ങാ സന്ധ്യക്കുഞ്ഞോ… വരൂ അകത്തേക്ക്… ശിവമോനിപ്പോൾ ചോദിച്ചതേയുള്ളു…. “
” കുഞ്ഞി ഇവിടെയില്ലേ…”
“ഇല്ല… അവൾ വൈദ്യനെ കാണാൻ പോയിരിക്കുവാ…ഇന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു “
“ഇതു എന്റെ കൂട്ടുകാരി പത്മജ “
അവർ വിസ്മയത്തോടെ പത്മജയെ നോക്കി..
.”ഇതാണോ ആ മോള്… എപ്പോഴും ശിവ പറയാറുള്ള അവന്റെ പ്രിയപ്പെട്ട കഥാകാരി
“എന്തായാലും രണ്ടാളും വരൂ അകത്തേക്ക്”…
അവർ ക്ഷണിച്ചു….
അകത്തുള്ള ഒരു മുറിയിലേയ്ക്കാണ് അവർ അവരെ കൂട്ടിക്കൊണ്ടുപോയത്..
അകത്തേക്ക് കയറവെ പത്മജ കണ്ടു…. അതിസുമുഖനും സുന്ദരനുമായ ഒരു യുവാവ്… കിടക്കയിൽ നീണ്ടു നിവർന്നു കിടക്കുന്നു….
അവരെ കണ്ടതും ആ മുഖത്തെ സന്തോഷം അളവറ്റതായിരുന്നു…
“ദൈവമേ… ഞാനീ കാണുന്നത് സത്യമാണോ… അതോ സ്വപ്നമോ….”
അവന്റെ ശബ്ദത്തിൽ ആഹ്ലാദം അലയടിച്ചു….
സന്ധ്യ പുഞ്ചിരിച്ചു….
“ഒടുവിൽ നിന്റെ ആഗ്രഹം സഫലമായില്ലേ… ദാ… കൊണ്ടു വന്നു നിർത്തിയിരിക്കുന്നു.. നിന്റെ പ്രിയപ്പെട്ട കഥാകാരിയെ….”
സന്തോഷത്തിനിടയിലും ആ കണ്ണുകൾ നിറയുന്നത് പത്മജ കണ്ടു….
അവൾ മുറിയാകെ കണ്ണോടിച്ചു…. ചെറിയൊരു ഷെൽഫ് ഉണ്ടായിരുന്നു… അതിൽ നിറയെ താനെഴുതിയ പുസ്തകങ്ങൾ….. അവ കൂടാതെ മലയാളത്തിലെ പ്രശസ്തമായ പല പുസ്‌തകങ്ങളും…
അവൾ മെല്ലെ അവന്റെ സമീപം ചെന്നു… അവനെ നോക്കി പുഞ്ചിരിച്ചു…
“ചേച്ചി ഇരിക്ക്… അങ്ങനെ വിളിക്കാമോ “
“പിന്നെന്താ… അങ്ങനെ വിളിച്ചോളൂ “
അവൾ അവിടെക്കിടന്ന ഒരു കസേരയിൽ ഇരുന്നു….
അവനോട് വിശേഷങ്ങളൊക്കെ തിരക്കി…
വലിയ ഒരു അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടതാണ്…അരയ്ക്ക് താഴേയ്ക്ക് ചലനശേഷി ഇല്ല….
സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ വായനാശീലം ഇപ്പോഴും തുടരുന്നു….
അങ്ങനെ വായിച്ചു കൊണ്ടിരുന്ന സമയത്താണ് പത്മജയുടെ “ഓർമ്മയിലെ ശിശിരകാലം” വായിക്കുന്നത്… അതോടെ പത്മജയുടെ വലിയ ഒരു ആരാധകനായി മാറി… അവരുടെ പുസ്തകങ്ങൾ കൂട്ടുകാരെ കൊണ്ടു തേടിപ്പിടിച്ചു വായിക്കും
പത്മജ അവനോടു സംസാരിച്ചു… അവന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും ലോക വിവരങ്ങളും അറിവും എല്ലാം അവളെ അത്ഭുതപ്പെടുത്തി….
“ചേച്ചി……എന്താണ് പൊതുവെ എഴുത്തുകാരൊക്കെ പുരുഷന്മാരെ കുറിച്ച് ഒന്നും എഴുതാത്തതു….എല്ലാവരും സ്ത്രീകളുടെ സൗന്ദര്യവും ദുഃഖങ്ങളും ഒക്കെയാണല്ലോ വർണ്ണിക്കുന്നത്… പുരുഷന്മാർക്കും ഇല്ലേ ചേച്ചി വിഷമങ്ങളൊക്കെ “
“അതോ.. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളാണല്ലോ വൈകാരികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്…. അത് മൂലമാകാം…”
.
ഒരു സ്ത്രീ ആയിപ്പിറന്നു എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതത്തിൽ അനേകം പ്രതിസന്ധികൾ തരണം ചെയ്തവൾ എന്ന നിലയിൽ പത്മജയുടെ ഉത്തരം പെട്ടെന്നായിരുന്നു…
പിന്നെയും കുറേ നേരം പത്മജ അവിടെ ചിലവഴിച്ചു…. അതിനിടയിൽ തന്റെ കഥ ശിവൻ പത്മജയോട് പറഞ്ഞു….
ജനിച്ച അന്ന് തന്നെ അമ്മയെ നഷ്ടപ്പെട്ട ഹതഭാഗ്യനായിരുന്നു ശിവൻ…. അച്ഛൻ വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു അയാളുടെ വഴിക്കു പോയി
പിന്നീട് ശിവൻ വളർന്നത് അമ്മയുടെ തറവാട്ടിൽ അമ്മയുടെ ചേച്ചിയോടൊപ്പമാണ്… അവരുടെ കുട്ടികളുടെ കൂടെ…….. തറവാട്ടിൽ ഒരു ജോലിക്കാരന്റെ സ്ഥാനമായിരുന്നു എങ്കിലും കഷ്ടപ്പാടുകൾക്കിടയിലും അവൻ പഠിച്ചു…
എല്ലാവരുടെയും അടിമയെ പോലെയായിരുന്നെങ്കിലും അവനെയും സ്നേഹിക്കാൻ ഒരു പെണ്ണുണ്ടായി… ഗ്രാമത്തിന്റെ വിശുദ്ധിയുള്ള സുന്ദരിക്കുട്ടി തുളസി….. അമ്മാവന്റെ മകൾ….
എല്ലാ കഥകളിലെയും പോലെ ഇവിടെയും അമ്മാവന്റെ കണ്ണിലെ കരടായിരുന്നു ശിവൻ…. പക്ഷെ തുളസിയുടെ വാശിക്ക് മുൻപിൽ ഒടുവിൽ അമ്മാവന്റെ വിരോധം അലിഞ്ഞു…. പിന്നെ അവന്റെ പഠിപ്പിലുള്ള മികവും ഒരു കാരണമായി….
.
അങ്ങനെ പതിയെ പ്പതിയെ ശിവന്റെയും തുളസിയുടെയും പ്രണയകഥ നാടറിഞ്ഞു…. എല്ലാവരുടെയും മനസ്സിൽ തുളസി ശിവന്റെ പെണ്ണായി…
അമ്പലത്തിലെ പ്രദക്ഷിണ വഴിയിൽ… ആൽത്തറചുവട്ടിൽ…. കൈതയും ചെമ്പരത്തിയും പൂത്തിറങ്ങി നിൽക്കുന്ന ഇടവഴികളിൽ…. ഹരിതാഭ തളിരിട്ട് നിൽക്കുന്ന വയലേലകളിൽ… അവരങ്ങനെ കൈകോർത്തു നടന്നു….
ബിസ്സിനസ്സിന്റെ മേൽനോട്ടം അമ്മാവൻ ശിവനെ ഏൽപ്പിച്ചു…. പതിയെ അത് നല്ല രീതിയിൽ മുന്നോട്ട് പോയി… അതോടെ അമ്മാവൻ തികച്ചും സംതൃപ്തനായി… അവരുടെ വിവാഹം തൊട്ടടുത്ത മാസം നടത്താമെന്നു തീരുമാനിച്ചു…..
ഇതിനിടയിൽ ശിവനെ മനസ്സാ വരിച്ച മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു…. ഗംഗ… കാര്യസ്ഥൻ രാമേട്ടന്റെ മകൾ… ശിവന്റെയും തുളസിയുടെയും കളിക്കൂട്ടുകാരി…
വളർന്നുവന്നതോടൊപ്പം ശിവനും ഗംഗയുടെ മനസ്സിൽ വളരുകയായിരുന്നു… എന്നാൽ തുളസിയും ശിവനും തമ്മിൽ ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ അവളിൽ നിന്നുതിർന്ന നെടുവീർപ്പുകളും മിഴികളിൽ നിന്നും പൊടിഞ്ഞ നീർക്കണങ്ങളും താൻ കണ്ടില്ല…
ചില നേരങ്ങളിൽ അവളുടെ നോട്ടം അത്ര പന്തിയല്ലെന്നു തനിക്കു തോന്നിയിട്ടുണ്ട്…. എങ്കിലും താൻ അതൊക്കെ അവഗണിച്ചു……
ഒരു മഴയുള്ള രാത്രി…. ഓഫീസിൽ നിന്നിറങ്ങാൻ അന്ന് വൈകി…. അതിനു ശേഷം ഒരു പാർട്ടി ഉണ്ടായിരുന്നതിനാൽ നന്നായി ഒന്നു മിനുങ്ങിയിട്ടുണ്ടായിരുന്നു… അതിന്റെ പ്രേരണയിൽ കാർ നല്ല വേഗതയിൽ ആണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്…കണ്ണഞ്ചിക്കുന്ന വെളിച്ചത്തിൽ ഒരു ടിപ്പർ എതിരെ വരുന്നുണ്ടായിരുന്നു….ഇടിക്കാതിരിക്കാൻ കാർ സൈഡിലേക്ക് വെട്ടിച്ചതും ഒരു മരത്തിലിടിച്ചു മറിഞ്ഞു….. പിന്നെ കണ്ണുതുറന്നപ്പോൾ കണ്ടത് ഹോസ്പിറ്റൽ മുറിയുടെ നാലു ചുവരുകളാണ്…..
അപകടം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാണ് തനിക്കു ബോധം വീണത്,.. അപ്പോൾ അറിഞ്ഞു…. നട്ടെല്ലിന് സംഭവിച്ച വലിയ ക്ഷതത്തിന്റെ ഫലമായി തന്റെ പകുതി ചലനശേഷി നഷ്ടമായെന്നു…
ആ അറിവിനെക്കാളും വേദന ഉണ്ടായത് തുളസി തന്നെ കാണാൻ വന്നപ്പോഴാണ്… ഒപ്പം അവളുടെ ഭർത്താവും ഉണ്ടായിരുന്നു…… നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മറ്റൊരാളെ കണ്ടുപിടിച്ചു അമ്മാവൻ അവളുടെ വിവാഹം നടത്തിക്കൊടുത്തു….
അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല….
അതും തന്നെ വേദനിപ്പിച്ചു..,
അങ്ങനെ നീണ്ട നാളുകളിലെ ഹോസ്പിറ്റൽ വാസത്തിനൊടുവിൽ അമ്മാവന്റെ കരുണയാൽ കിട്ടിയ ഈ വീട്ടിലേക്കു….തൈലങ്ങളുടെയും കുഴമ്പുകളുടെയും ഗന്ധമുള്ള ഈ മുറിയിലേക്ക്….
കൂട്ടിനു കുറേ പുസ്തകങ്ങൾ…. അതായിരുന്നു ഒരു ആശ്വാസം…..
പക്ഷെ….. ജീവിതം അവസാനിച്ചു എന്നു കരുതിയപ്പോൾ ദൈവം മറ്റൊരു രീതിയിൽ തന്നോട് കരുണ കാണിച്ചു….
“ശിവേട്ടാ…..”
പെട്ടെന്ന് ഒരു കിളിനാദം കേട്ട് പത്മജ തിരിഞ്ഞുനോക്കി….
വെളുത്തു മെലിഞ്ഞു കൊലുന്നനേയുള്ള ഐശ്വര്യമുള്ള ഒരു യുവതി… കയ്യിൽ ഒരു ബിഗ് ഷോപ്പർ ഉണ്ട്…..
“ചേച്ചി…. ഇതാണ് ഞാൻ പറഞ്ഞ ആ ദൈവത്തിന്റെ കാരുണ്യം…. കുഞ്ഞി എന്നു ഞാൻ വിളിക്കുന്ന എന്റെ പ്രാണനായ ഗംഗ…… ശിവന്റെ ഗംഗ……”
എല്ലാവരും എന്നെ ഉപേക്ഷിച്ചപ്പോൾ എന്നെ നെഞ്ചോടു ചേർത്തു പൊതിഞ്ഞു പിടിച്ചവൾ…. അവൾ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ വന്ന ശേഷം പിന്നെ തിരികെ പോയിട്ടില്ല….. എന്റെ നിഴലായി എന്നോടൊപ്പം….
പത്മജയേ നോക്കി ബഹുമാനത്തോടെ ഗംഗ തൊഴുതു….
അവൾ സ്നേഹപൂർവ്വം അവളെ നോക്കി…..
ഒരു ചെമ്പനീർ പ്പൂവിനെയാണ് അവൾക്കു ഓർമ്മ വന്നതു…. സുഗന്ധം പരത്തുന്ന വിശുദ്ധയായ പനിനീർപ്പൂവ്
“എന്തായാലും എനിക്കു സന്തോഷമായി…. രണ്ടാളും എന്നും എന്റെ മനസ്സിൽ ഉണ്ടാവും എന്റെ അനിയനും അനിയത്തിയുമായി….
ഞാനിറങ്ങട്ടെ…. ഇനിയും വരും ഞാൻ നിങ്ങളെ കാണാനായി….”
കുട്ടിമാളുവമ്മ കൊണ്ടുവന്ന ചായയും കുടിച്ചു സന്ധ്യയും പത്മജയും അവിടെ നിന്നിറങ്ങി……..
“ഇറങ്ങുന്നില്ലേ പപ്പി “
ദാസേട്ടന്റെ ശബ്ദം പത്മജയെ ചിന്തകളിൽ നിന്നും ഉണർത്തി…..
വീടിനകത്തേക്ക് കയറിയ പത്മജ നേരെ എഴുത്തു മുറിയിലേക്കാണ് പോയത്……..
തന്റെ പ്രിയപ്പെട്ട ഡയറി എടുത്തു പുതിയ ഒരു താളിൽ അവൾ എഴുതി…..
പുതിയ കഥ……….. ഒരു ചെമ്പനീർ പ്പൂവ്….
🌹🌹