1985 – 90 കളിൽ കൊച്ചിയിൽ നിന്നു ഞാൻ കേട്ട ഒരു തമാശയാണിത് . ഇതേ തമാശയുമായി 2004 – ൽ മാത്രം പുറത്തിറങ്ങിയ Carlo Vanzina സംവിധാനം ചെയ്ത Le Barzellette ( The Jokes ) എന്ന ഇറ്റാലിയൻ കോമഡി മൂവിയിലെ ഒരു സീൻ ഈയിടെ ഞാൻ കാണാനിടയായി . 85 -90 കളിൽ കൊച്ചിയിൽ നിന്നു കേട്ട ഈ തമാശ എങ്ങനെ പിന്നീട് 2004 ലെ ഇറ്റാലിയൻ സിനിമയിലെത്തി എന്നത് അറിയില്ല ……
പൊതുവെ പറയാറുണ്ട്
മട്ടാഞ്ചേരിക്കാരുടെ തമാശയാണ് ഏറ്റവും നല്ല ഹാസ്യ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സിദ്ദീഖ് – ലാൽ സിനിമകളിലടക്കം ചിലപ്പോഴൊക്കെ കാണാറുള്ളതെന്ന് . സിദ്ദീഖ് സാറ് ഈ കാര്യം നേരിട്ട് എന്നോടു ശരി വെച്ചിട്ടുമുണ്ട്. ഇതിപ്പോ മട്ടാഞ്ചേരിക്കാരുടെ തമാശ ഇതാ ഇറ്റാലിയൻ സിനിമയിലും …….
( ഒരുപക്ഷെ പണ്ടു കാലങ്ങളിൽ നിന്നു തലമുറകളായി കൈമാറി വന്ന ഒരു തമാശയാവാം ഇത് )
അന്നു കേട്ട ആ തമാശ ഇന്നും ഓർമ്മയിലുണ്ട് ……
ഫോർട്ടുകൊച്ചിയിലെ വാസ്ക്കോ ഡ ഗാമ ചർച്ച് എന്ന പേരിൽ നാട്ടുകാർക്കിടയിൽ വിളിപ്പേരുള്ള സെൻ്റ് ഫ്രാൻസിസ് CSI ചർച്ചിനു മുന്നിൽ ഒരു അട് നിൽക്കുന്നു ആടിൻ്റെ അടിയിൽ അതിൻ്റെ തണലിൽ മട്ടാഞ്ചേരിക്കാർക്കിടയിൽ മൂത്താപ്പ എന്നറിയപ്പെടുന്ന അബ്ദുക്കാക്ക കിടക്കുന്നു . അപ്പോൾ അതു വഴി ഒരു സായിപ്പ് വന്നു . സായിപ്പ് ആടിൻ്റെ അടിയിൽ കിടക്കുന്ന മൂത്താപ്പയോടു ഇംഗ്ലീഷിൽ ചോദിച്ചു
“What is the time now ” ( സമയമെത്രയായി )
മൂത്താപ്പ ആടിൻ്റെ അടിയിൽ കിടന്നു കൊണ്ടു തന്നെ ആടിൻ്റെ അകിട് ( goat’s udder ) കൈ കൊണ്ടു ഒരൽപ്പം പൊക്കിയ ശേഷം സമയം പറഞ്ഞു
” 10:30 “
സായിപ്പിനു വലിയ അത്ഭുതമായി ,
സായിപ്പ് ചിന്തിച്ചു ഇതെന്തു മാജിക്ക് . സായിപ്പ് ഉടനെ തൻ്റെ സമീപത്ത് കൂടെ പോകുന്ന ഒരാളോട് സമയം ചോദിച്ചപ്പോൾ അയാൾ തൻ്റെ വാച്ച് നോക്കി സമയം പറഞ്ഞു . മൂത്താപ്പ പറഞ്ഞ സമയം ശരി തന്നെ .
സായിപ്പ് ഒന്നു ഒരൽപ്പം കറങ്ങി നടന്ന ശേഷം 10 മിനിറ്റ് കഴിഞ്ഞു വീണ്ടും വന്നു . അപ്പോഴും മൂത്താപ്പ സെൻ്റ് ഫ്രാൻസിസ് ചർച്ചിനു മുന്നിൽ ആടിൻ്റെ അടിയിൽ തന്നെ കിടക്കുകയാണ് . ഇപ്രാവശ്യം സായിപ്പ് തൻ്റെ കൂട്ടുകാരനിൽ നിന്നു തൽക്കാലത്തേക്ക് കടം വാങ്ങിയ വാച്ചും കെട്ടിയാണ് വന്നിരിക്കുന്നത് .
സായിപ്പ് വീണ്ടും മൂത്താപ്പയോടു സമയം ചോദിച്ചു , മൂത്താപ്പ സമയം പറഞ്ഞു , സായിപ്പ് കൈയ്യിൽ കെട്ടിയ വാച്ചു നോക്കി , സായിപ്പ് നെട്ടി തരിച്ചു പോയി , സമയം കിറുകൃത്യം . ഇത് മാജിക്ക് തന്നെ …
അല്ലെങ്കിലും ഇന്ത്യൻസ് ബ്ലാക്ക് മാജിക്കിൻ്റെ ആളുകളാണെന്നാണ് പൊതുവെ വെയ്പ്പ് .എന്തു വന്നാലും ഈ മാജിക്ക് പഠിക്കണം , സായിപ്പ് മനസ്സിലുറപ്പിച്ചു . സായിപ്പ് 100 ഡോളറെടുത്തു മൂത്താപ്പാക്ക് കൊടുത്ത ശേഷം പറഞ്ഞു .
“നിങ്ങൾ എങ്ങനെ ആടിൻ്റെ അകിട് പിടിച്ചു സമയം പറയുന്നു , എനിക്ക് ഈ മാജിക്ക് പഠിപ്പിച്ചു തരണം “
സായിപ്പ് കൊടുത്ത 100 ഡോളർ മുണ്ടിൻ്റെ അറ്റത്ത് തിരുകി കെട്ടിയ ശേഷം മൂത്താപ്പ ആടിൻ്റെ അടിയിൽ നിന്നു പുറത്തേക്ക് വന്നു . ശേഷം സായിപ്പിനോട് ആടിൻ്റെ അടിയിൽ കിടക്കാൻ പറഞ്ഞു. ഒരു വലിയ മാജിക്ക് പഠിക്കാനുള്ള ആവേശത്തോടെ സായിപ്പ് ആടിൻ്റെ അടിയിൽ നൂണ്ടു കിടന്നു , എന്നിട്ട് മൂത്താപ്പയെ നോക്കി , മൂത്താപ്പ സായിപ്പിനോട് ആടിൻ്റെ അകിടിൽ പിടിച്ചു പൊക്കാൻ പറഞ്ഞു , ശേഷം മറുവശത്തേക്ക് നോക്കാനും ആവശ്യപ്പെട്ടു .
സായിപ്പ് നെട്ടി , ആടിൻ്റെ അകിട് പൊക്കി മറുവശത്തേക്ക് നോക്കിയപ്പോൾ കണ്ടത് സെൻ്റ് ഫ്രാൻസിസ് ചർച്ചിലെ ഭിത്തിയിൽ ഘടിപ്പിച്ച വലിയ ക്ലോക്കും അതിലെ സമയവും .
മൂത്താപ്പ എന്ന അബ്ദുക്കാക്ക , സായിപ്പിനെയും നോക്കി ഒരു ചിരിയും പാസാക്കി നടന്നകന്നു ….

മൻസൂർ നൈന

By ivayana