ഖഡ്ഗത്താലറ്റു പ്പോയ
ചിറകുമായിയലയും
ഇരുട്ടു തീരാത്ത
പ്രേതങ്ങളുടെ താഴ്‌വരയിലിന്നും
ദാഹിച്ചു നാവുണങ്ങി
അപശബ്ദങ്ങളെടുത്ത്
മടുത്ത മനസ്സുമായി
അസ്ഥിപഞ്ചരങ്ങളായ്
ശവക്കുനയ്ക്കു കാവലായ്
ഈ നികൃഷ്ടജന്മം.
നൂറായിരം
നോവിൻ്റെകദന
കഥയിലലിഞ്ഞൊഴുകി
ഞാനേതു തോണിയിൽ
ദുഷ്ടമേഘങ്ങളെ
നിന്നിലേയ്ക്കാവാഹിയ്ക്കും.
ഈവരണ്ട രാത്രിയുടെ
ഇരുണ്ട യാമങ്ങളിൽ
ശ്രുതി തെറ്റി പാടും
ചീവീടുകളുടെ
നിലയ്ക്കാത്ത
ആർത്തനാദങ്ങൾ
അകമ്പടിയായകാശത്ത്
താരകൾ മിഴിപൂട്ടവേ.
പ്രേത താഴ്‌വരകളിലെ ഗുഹാധർഭാഗങ്ങളിൽ
പടം പൊഴിച്ചു
ഫണമുയർത്തിയ
ഉഗ്രസർപ്പങ്ങളിണ
പിളർന്ന് നിൻ
കാൽചുവടുകളെ
പിൻതള്ളി കൊടുംവിഷം
ചീറ്റിയാടവേ.
ഒരു നോക്ക് ഞാൻ
വൈകിയോ?
ഒരു നിമിഷം
ഇമയടച്ചുവോ?
കുതറിയോടിയ ജീവൻ്റെ
ദ്രുതസ്പന്ദനം
ഉടക്കു താളമായ്
അകലങ്ങളിൽ
പ്രതിധ്വനിക്കവേ.
കുളിർ കൊണ്ട തളിർക്കാറ്റിലിലവീണു
നിൻ മുഖമങ്ങു മൂടവേ.
മണ്ണിലലിഞ്ഞുചേരും
നിൻ മോഹവും
ദേഹിയുംഎൻ്റെ
ജന്മദുഃഖങ്ങളിൽ
വീണ്ടുംപിറവികൊൾകവേ.
ആൽമരമിളകി
കിളികൾ പറന്നകന്നു.
കടവാവലുകൾ തലകീഴായ്
അന്തിവേട്ടക്കായ്കാത്തു കിടന്നു.
ജീവനൊഴുകിയ നീർച്ചാലിൽ
പലയാവർത്തിമുങ്ങി
ഞാൻ പ്രാശ്ച്ചിത്യം ചെയ്തിട്ടും
ഈ തിരിവിളക്കിൽ തേജസ്സണയുമ്പോഴും
എൻ്റെ ഹൃത്തിൻ്റെ അടരാത്ത
മൗന ഭിത്തികളിൽ പൂശും
സ്നേഹാമൃത്കളൊക്കെയും
പ്രാണൻ്റ തേങ്ങലുകളിൽ
നിന്നുൽഭവിച്ച നോവിൻ്റെ
വിത്തുകളൊക്കെയും
ഞാൻ ഇന്നും
പുൽകി നടന്നിടവേ.
ഊഴിയിലസാനം
ഉണർവോടെനമ്മൾ
ചേർന്നൊഴുകിയെത്തും
മഹാ
സമുദ്രത്തിനാഴങ്ങളിൽ
ശയിക്കട്ടെ
പ്രേതങ്ങൾ തൻ
അന്ത്യാൽമാഭിലാക്ഷങ്ങൾ
നിത്യം.

ബെന്നി വറീത്

By ivayana