രചന : സന്ദീപ് ദാസ് ✍
സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?
മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ ധർമ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!
ഡെൽഹിയ്ക്കെതിരെയുള്ള സഞ്ജുവിൻ്റെ ബാറ്റിങ്ങ് കണ്ടപ്പോൾ അഭിമന്യുവിൻ്റെ കഥയാണ് ഓർമ്മവന്നത്. പോരിൽ അയാൾ തനിച്ചായിരുന്നു.
ഡെൽഹി മത്സരത്തിലെ ജേതാക്കളായപ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. രാജസ്ഥാൻ്റെ വിജയം കവർന്നെടുക്കപ്പെട്ടതാണോ?
ബൗണ്ടറിയുടെ സമീപത്ത് വെച്ച് എടുക്കപ്പെട്ട ഒരു ക്യാച്ചിലൂടെയാണ് സഞ്ജു പുറത്തായത്. ഫീൽഡറുടെ പാദം ബൗണ്ടറി റോപ്പിൽ സ്പർശിച്ചു എന്ന് തോന്നിപ്പിക്കുന്ന റീപ്ലേകൾ ലഭ്യമായിരുന്നു. ചില കമൻ്റേറ്റർമാർ അത് ശരിവെച്ചു.
പക്ഷേ മൂന്നാം അമ്പയറായ മൈക്കൽ ഗഫിന് അതൊന്നും വിശദമായി പരിശോധിക്കാൻ താത്പര്യം ഇല്ലായിരുന്നു! അയാൾ തിടുക്കപ്പെട്ട് ഔട്ട് വിധിച്ചു!! സഞ്ജുവും കാണികളും വിശ്വസിക്കാനാവാതെ തരിച്ചുനിന്നു!!
ഒരു വൈഡ് കോൾ കൃത്യമാണോ എന്ന് പരിശോധിക്കാൻ 3-4 മിനുറ്റുകളാണ് അമ്പയർ മാറ്റിവെച്ചത്. എന്നാൽ സഞ്ജു ഔട്ടാണെന്ന് തീരുമാനിക്കാൻ അയാൾക്ക് ഏതാനും സെക്കൻ്റുകൾ മതിയായിരുന്നു! മറ്റൊരു ആംഗിൾ പരിശോധിക്കാനോ സൂം ചെയ്ത് നോക്കാനോ മൂന്നാം അമ്പയർ തയ്യാറായില്ല!
ഒരു കാര്യം തീർച്ചയാണ്. സഞ്ജു ഇതിനേക്കാൾ ബഹുമാനം അർഹിക്കുന്നുണ്ട്.
കണക്കുകൾ പ്രകാരം രാജസ്ഥാൻ തോറ്റു. പക്ഷേ കളി ലൈവ് ആയി കണ്ട ഒരാളും സഞ്ജുവിനെ പരാജിതനായി എണ്ണുന്നുണ്ടാവില്ല.
മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ ഡെൽഹിയുടെ പരിശീലകനായ റിക്കി പോണ്ടിങ്ങ് സ്റ്റാർ സ്പോർട്സിനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഒരു നിരീക്ഷണം മുന്നോട്ടുവെച്ചു-
”സഞ്ജു ഒരു ഗംഭീര ബാറ്ററാണ്. പക്ഷേ ഇവിടെനിന്ന് നോക്കുമ്പോൾ അയാൾ ഓടാൻ ബുദ്ധിമുട്ടുന്നത് പോലെ അനുഭവപ്പെടുന്നു…!”
കമൻ്റേറ്ററായിരുന്ന ഡാനി മോറിസൻ അതിനോട് പ്രതികരിച്ചു-
”പേശീവലിവിൻ്റെ പ്രശ്നം സഞ്ജുവിന് ഉണ്ടാവാറുള്ളതാണ്. അയാൾ തുടർന്നും ബാറ്റ് ചെയ്യുമോ എന്ന കാര്യം കാത്തിരുന്ന് കാണാം…!”
അതിനുപിന്നാലെ റാസിക് സലാം പന്തെറിയാനെത്തി. ആ ഓവറിൽ 17 റൺസാണ് സഞ്ജു അടിച്ചത്! മോറിസൻ ഉടനെ തിരുത്തി-
”സഞ്ജുവിൻ്റെ പേശികൾക്ക് ഒരു കുഴപ്പവുമില്ല എന്ന് തോന്നുന്നു…!”
അതായിരുന്നു സഞ്ജുവിൻ്റെ പോരാട്ടവീര്യം. ഒരാളും പിന്തുണയ്ക്കാൻ ഇല്ലാതിരുന്നിട്ടും അയാൾ പൊരുതിക്കയറി.
ജയ്സ്വാൾ പെട്ടന്ന് പുറത്തായപ്പോൾ സഞ്ജു ഉത്തരവാദിത്തോടെ കളിച്ചു. ജോസ് ബട്ലറെ വരിഞ്ഞുമുറുക്കിയ ഇഷാന്ത് ശർമ്മയെ സഞ്ജു തല്ലിച്ചതച്ചു. നക്കിൾ ബോളുകളെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. സഞ്ജുവിൻ്റെ ടൈംമിങ്ങ് സാക്ഷാൽ ബ്രയൻ ലാറയെപ്പോലും പ്രീതിപ്പെടുത്തി!
സഞ്ജുവിനെ നിങ്ങൾക്ക് കുത്തിവീഴ്ത്താം. കുരിശിൽ തറയ്ക്കാം. പക്ഷേ ഇന്ത്യൻ ടീമിൻ്റെ നീല ജഴ്സിയണിഞ്ഞ് അയാൾ ഉയിർത്തെഴുന്നേൽക്കും!
ടി-20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പോകുന്നത് സഞ്ജുവാണ്. അതിൻ്റെ സിഗ്നലാണ് അയാൾ തന്നിട്ടുള്ളത്.
ആടുതോമ സ്റ്റൈലിൽ സഞ്ജു പറയുകയാണ്-
”ഊതരുതേ. ഊതിയാൽ തീപ്പൊരി പറക്കും…!”