രചന : ബിനു. ആർ✍
വാനത്തിൽ ചെറുചെതുമ്പലുകൾപോൽ
നീരദങ്ങൾ നിറഞ്ഞിരിക്കെ,
ഭൂമിപ്പെണ്ണിന്മീതെ
നനുത്തഹിമകണംപോൽ
മഴനിലാവ് പൊഴിയവേ,
എൻമനസ്സിൻസങ്കല്പത്തിൽ നിറയുന്നു
വെൺചന്ദ്രലേഖതൻ പ്രണയനീരദങ്ങൾ!
കഴിഞ്ഞ കൊഴിഞ്ഞനിലാവുകളിലെപ്പോഴോ
പ്രണയംവന്നുവാതിലിൽ
മുട്ടുമ്പോഴൊക്കെയും പരിഭവക്കടലുകൾ
വേലിയേറ്റങ്ങളാകവേ
ചിന്തകളിലൊക്കെയും പ്രണയചന്തങ്ങൾ
വന്നു നിറയുമ്പോഴൊക്കെയും
തളിർക്കുന്നചിരകാലസ്വപ്നങ്ങളൊക്കെയും,
പൂക്കുന്നകൈതപ്പൂമണം പോൽ,
സുഗന്ധം പരത്തുന്നു.!
മഴയുംതണുപ്പുംരാവും ഉദിച്ചുന്മാദിനിയായ്
മദിക്കവേ , കറുകറുത്ത
പ്രണയനീരദങ്ങൾകണ്ടു, രാക്കിളികൾ
കൊക്കുരുമിക്കുറുകുന്നു
രാക്കോഴികൾ രാഗാർദ്രഗാനം മുഴക്കുന്നു!