രചന : സെഹ്റാൻ ✍
ജീവിതം
ഒച്ചിനെപ്പോൽ
വിരസമിഴയുകയല്ലോ
എന്ന ആത്മഗതത്തിന്
മറുപടി പോൽ
കണ്ണാടിയിലെ
പ്രതിബിംബം
അവൾക്ക്
നരച്ച മുടിയിഴകൾ
ചൂണ്ടിക്കാട്ടി.
ചുളിവീണ
കൺതടങ്ങളും.
ബാത് ടബ്ബിൽ
കിടക്കേ
അവളിൽ
പുതിയൊരാശയത്തിൻ
മുളപ്പ്.
തത്വചിന്തക
ആയാലോ?
ചിന്തകൻമാർ
ധാരാളം.
ചിന്തകമാരോ
വളരെ വളരെ
വിരളം.
ബാത്ടബ്ബിൽ
നിന്നും
പിടഞ്ഞെണീറ്റ്
റോഡിലേക്കവൾ
നഗ്നതയോർക്കാതെ!
യുറേക്കാ…
ആവേശത്തോടവൾ
വിളിച്ചുകൂവുന്നു.
സ്വാതന്ത്ര്യത്തിൻ്റെ,
തിരിച്ചറിവിന്റെ
കാഹളം!
വിരളുന്ന നഗരം.
മൂക്കത്ത് പതിയുന്ന
വിരലുകൾ.
ക്യാമറാഫ്ലാഷുകൾ.
മൊബൈൽഫോൺ
കണ്ണുകൾ.
ക്രമം തെറ്റുന്ന
ട്രാഫിക്.
സ്തംഭനം!
സ്തബ്ധത!
ഏറ്റവുമൊടുവിൽ
പതിവുപോലെ
നിയമപാലകർ!
യുറേക്കാ….
വീണ്ടുമവളുടെ
അലർച്ച!
“ചിന്തിക്കൂ, അതൊരു ആണായിരുന്നു.
നിനക്കത് സാധ്യമല്ല.”
അവരവളെ
തിരുത്തുന്നു.
പിന്നെ,
റോഡിലൂടെ
വലിച്ചിഴയ്ക്കുന്നു.
ഇപ്പോൾ,
അവളുടെ
തുടയിടുക്കിൽ
നിന്നും
രക്തപ്പുഴയുടെ
പ്രവാഹം.
മുങ്ങിത്തുടങ്ങുന്ന
നഗരം!
അവളുടെ
ആർത്തവനാളുകൾക്ക്
ശേഷം
നഗരത്തിൽ നിന്നുമാ
രക്തപ്പുഴ
വറ്റിപ്പോയേക്കാം.
അപ്പോഴും
അടിത്തറയിളകിയ
കെട്ടിടഭിത്തികളിൽത്തട്ടി
അവളുടെ
അലർച്ചകളങ്ങനെ
ഉച്ചത്തിലുച്ചത്തിൽ
പ്രതിധ്വനിച്ചേക്കാം.
യുറേക്കാ….
🟫