പുതുജൻമമേകിയ
രാജശിൽപ്പീ
നീയെന്നെയെങ്ങിനെ
തൊട്ടറിഞ്ഞു…
ശിലയായ്
കറുത്തൊരെൻ
വ്യർത്ഥജന്മം
നീയെന്നുമെങ്ങിനെ
സാർത്ഥകമാക്കി…
മനസ്സിൽ വരച്ചിട്ട
ചിത്രമെന്നിൽ
ചാരുതയോടെ നീ
വാർത്തിട്ടതെങ്ങിനെ…
ശിലയിൽ മയങ്ങുമെൻ
ശിൽപ്പഭാവം
നീയേതു മിഴികളാൽ
കണ്ടറിഞ്ഞു…
നിൻ കൈകളേന്തിയ
കൊത്തുളിയിന്നോരു
മാന്ത്രിക ദണ്ഡെ-
ന്നറിയുന്നു ഞാൻ
നോവുകളേകിയ
ദണ്ഡനമൊക്കെയും
ശിൽപ്പം പകർത്തുവാ-
നെന്നറിയുന്നു ഞാൻ…
നോവുകളേൽക്കാതെ
ശിലകളീ മണ്ണിൽ
ശിൽപ്പമാവില്ലെ-
ന്നറിയുന്നു ഞാൻ…
ശിൽപ്പിയ്ക്കൊതുങ്ങാത്ത
ശിലകളീ ഭൂവിൽ
ശിൽപ്പമാവില്ലെ-
ന്നനുഭവമാണ് ഞാൻ…

ജിതേഷ് പറമ്പത്ത്

By ivayana