രചന : യൂസഫ് ഇരിങ്ങൽ ✍
ഇടവഴി തുടങ്ങുന്നിടത്ത്
കരുതലോടെ
കെട്ടിപ്പിടിച്ചു
നെറുകയിൽ ഉമ്മ
വെയ്ക്കാനെന്നോണം
കണ്ണ് നട്ട് നിൽക്കുന്നൊരു
പേര മരം
അവിടെ തന്നെ ഉണ്ടാവും
വളവു തിരിയുന്നിടത്ത്
തലയുയർത്തി നിൽക്കുന്ന അരയാൽ
മരത്തിന് കീഴെ
ഇപ്പോഴും
വെയിൽ വീണു
ചിതറുന്നുണ്ടാവും
കൈതക്കാട് നിറഞ്ഞ
ചെറിയ തോട് കടന്ന്
വയലിലേക്ക് തിരിയുന്നിടത്ത്
കാശി തുമ്പപ്പൂക്കൾ
നിറയെ വിരിഞ്ഞു നിൽക്കുന്നുണ്ടാവും
പുഴക്കരയിലേക്കുള്ള
വഴിയിൽ
തെളിനീർ ചാലിൽ
പരൽ മീനുകൾ
മിന്നുന്ന മണൽ
തരികളിലേക്ക്
ഊളിയിടുന്നുണ്ടാവും
താറിട്ട റോഡിൽ നിന്ന്
വീട്ടിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
തൊട്ടാവാടി പൂവുകൾ
നാണം കൊണ്ട്
ചുവക്കുന്നുണ്ടാവും
ശീമക്കൊന്നകൾ
അതിരിടുന്ന
നിന്റെ വീടിന്റെ
ഉമ്മറ മുറ്റത്ത്
അരി പ്രാവുകൾ
അരുമയായ് കുറുകി
നടക്കുന്നുണ്ടാവും
ഇടവഴി കഴിഞ്ഞു
കോണിപ്പടിക്ക്
തണലായി നിൽക്കുന്ന
മര മുല്ല മരം
പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും
ഇടുങ്ങി മെലിഞ്ഞൊരു
ഓർമ്മകളുടെ
ഇടവഴി
മഴ നനഞ്ഞൊരു
രാത്രി സ്വപ്നം കൊണ്ട്
നടന്നു തീർക്കുന്നതിന്റെ
സുഖം ഒന്ന് വേറെ തന്നെയാണ്