മെയ് 11 , ശ്രീമതി കെ ആർ ഗൗരിയമ്മയുടെ ചരമവാർഷികദിനം

കടലലകൾ പാടും കരപ്പുറത്ത്
കനൽത്തരി പേറുന്ന പെൺ പിറന്നു
ഒരു പൂങ്കുല പോലെ പരിലസിച്ചു
ഒളി പകർന്നേതു മിഴികളിലും
ആർജ്ജവമോടെ നിവർന്നു നിന്നു
പതറാതെ മുന്നോട്ടടികൾ വച്ചു
പെണ്ണൊരു കരുത്തായ് മുന്നിലെത്തി
അസ്ത്രം പോലുയർന്നാ സ്ത്രീ ശക്തിയിൽ
അടർന്നു പോയേതൊ ജീർണ്ണതകൾ
നാരികൾ നാടിന്നകത്തളത്തിൽ
നാൾവഴി നീങ്ങുന്ന നാളുകളിൽ
നാടു നയിയ്ക്കുവാൻ പ്രാപ്തയായി
നാടിനെ ഭരിയ്ക്കുന്ന മന്ത്രിയായ്
മന്ത്രിമാരിൽതന്നെ മുന്നിലായി
കാന്താരി പോലാദ്യം തോന്നുമത്രെ !
പിന്നെകരിമ്പിൻ മധുരമത്രെ
കരിമുകിൽ വർണ്ണനോടിഷ്ടമത്രെ
കരളിൽ മുകുന്ദൻ വിളങ്ങുന്നത്രെ
കരളുറപ്പോടെ പൊതുരംഗത്താ
കനകപ്പെൺകൊടി തെളിഞ്ഞുനിന്നു
കേരങ്ങൾ തിങ്ങുന്ന കേരളത്തിൽ
കെ ആർ ഗൗരിയായി കേളികേട്ടു
അസ്തമയത്തിന്റെ അകത്തളത്തിൽ
കാലഗതിയിലൊതുങ്ങീടവെ
അസ്തമിയ്ക്കാത്ത മനസ്സുമായി
പുലരൊളി കണ്ണിൽ വിരിഞ്ഞു നിന്നു
കാലവും കൗതുകം കണ്ടുനിന്നാ
നൂറ്റിരണ്ടാണ്ടു കഴിഞ്ഞുപോകെ
കാലയവനികയ്ക്കുള്ളിലേയ്ക്കാ
കാരണവത്തി കടന്നുപോയി !

എം പി ശ്രീകുമാർ

By ivayana