എത്ര സുന്ദരി എത്ര സുന്ദരി
അമ്മയീഭൂവിൽ
ധാത്രിയേപ്പോൽ നമിച്ചു നിൽക്കും
എന്റെയുണ്മയവൾ
ദൈവ ചിന്തകളൂട്ടിയെന്നെ
വിശുദ്ധനാക്കുന്നു
ദേവദൈത്യം പകർന്നു പാരിൻ
പാഠമാകുന്നോൾ.
മന്നിലവൾക്കു പകരമില്ല
പൊന്നു വാമൊഴിയാൽ
തന്നവൾതൻ തങ്കമേനിയും
അന്നമെന്നതുപോൽ.
എൻ മനസ്സിലെ സ്വപ്നമൊക്കെ
കണ്ടറിഞ്ഞവളാം .
വൻമരമായ് വളർന്നുനിന്നവൾ
തണൽ വിരിക്കുന്നു.
പൂനിലാവു പോലെയവളുടെ
പുഞ്ചിരിപ്പൂക്കൾ
തേൻ പുരട്ടിയ വാക്കിനാലെ
വളർന്നു മക്കളിവർ
അഞ്ചിതൾപ്പൂ പോലെയവളുടെ
നെഞ്ചുരുക്കങ്ങൾ
നെഞ്ചു ചേർത്തു വളർത്തിയവളുടെ
നല്ല വാത്സല്യം
സ്വന്തമായതെന്നുപറയുവാൻ
അമ്മമാത്രമുണ്ട്
അന്ധനയനം തുറന്നു നൽകാൻ
അരികിലവൾ വേണം.
മക്കളെത്ര വളർന്നവളുടെ
പൊൻ മടിത്തട്ടിൽ
അറിഞ്ഞു മന്നിൽ നിറഞ്ഞു നിൽക്കു-
ന്നമ്മതൻ സ്നേഹം.

തോമസ് കാവാലം

By ivayana