രചന : രാഗേഷ് ചേറ്റുവ✍
കഴിഞ്ഞ മഴയാൽനിറഞ്ഞ റോഡിൽ
ബോട്ട്സർവിസ് നടത്തുന്ന
വെളുത്ത ബസിൽ
വിശപ്പിനെ മറക്കാൻ,
പ്രണയത്തെ സ്വപ്നംകാണാനൊരുവൻ
ഉറങ്ങുമ്പോൾ
സ്വപ്നംനിറയെ പൂക്കുന്നു
വിശപ്പ് വിളമ്പുന്ന അരിമാവ്.
ഉറക്കത്തിന്റെ രണ്ടാംവളവു കഴിഞ്ഞുള്ള
ഇറക്കത്തിൽ വച്ചുമാത്രം അവതരിക്കപ്പെടേണ്ടിയിരുന്ന
ആ സ്വപ്നം
കണിക്കൊന്നയെന്നപോലെ
അകാലത്തിൽ പൂക്കുന്നു.
ഉറക്കത്തെ മുറിപ്പെടുത്തുമെന്നു
ഭയപ്പെടുന്ന അയാൾ
ഞൊളയ്ക്കുന്ന പുഴുക്കളെ വീശിവിതറി
ചുറ്റും വിശപ്പെന്ന സ്വപ്നത്തിന്റെ
ഇടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു,
എന്നിട്ടും…
‘നീ ഉറങ്ങും വരെ ഞാൻ ഇറങ്ങുകയില്ല’ന്നു
ശഠിക്കുന്ന സ്വപ്നം
ആശിച്ചു കാത്തിരുന്ന വിവാഹം മുടക്കാൻ വരുന്ന
അമ്മാവനെപ്പോലെ ഈർക്കിൽതുമ്പ് കൊണ്ട്
എന്നോ കഴിച്ചുതീർത്ത ബീഫിന്റെ രുചിയെ
കുത്തിയെടുത്ത് അയാളുടെ മൂക്കിൻത്തുമ്പിൽ
പതിച്ചു വയ്ക്കുന്നു
കുരുമുളക് അല്പം കൂടിയാകാമായിരുന്നെന്നു
ഓരിയിടുന്നു.
അപ്പോഴയാളുടെ ഉറക്കം
‘ഇന്ന് റൊക്കം നാളെ കടം’എന്ന ഫലകം തൂങ്ങിയ
വിശപ്പ്പീടികകൾ പോലെ പ്രതീക്ഷയറ്റതായ് തീരുന്നു.