ഉച്ചവെയിലൊന്നു പോകാനായി
കരിമേഘങ്ങൾ കാവലിരുന്നു.
കാർമേഘങ്ങൾ കലപില കൂട്ടി ,
തമ്മിൽതമ്മിൽ തല്ലി നടന്നു.
കൊള്ളിയാനതു ,കണ്ടു രസിച്ചു
അട്ടഹസിച്ചു ചിരിച്ചു നടന്നു.
ഇടിവെട്ടീടിന ശബ്ദം കേട്ട് ,
നാടുവിറച്ചു, കാടു വിറച്ചു.
പർവ്വത മുകളിൽ വെള്ളിടി വെട്ടി ,
താണ്ഡവമാടി തിമിർത്തു നടന്നു.
പാറക്കെട്ടു കുലുങ്ങിയ നേരം കല്ലുകൾ,
ഓരോന്നായി വീണു തുടങ്ങി.
പേടിച്ചോടി മാനുജരെല്ലാം വാതിലടച്ചു മുറിയിലിരുന്നു.
പട്ടി കുരച്ചു , കാക്ക കരഞ്ഞു ,
കൂടുകൾ തേടി കിളികൾ പറന്നു.
പൊത്തിലൊളിച്ചൊരു നാഗത്താമാർ
പത്തിവിടർത്തി ആടിയിരുന്നു.
യുദ്ധക്കെടുതികൾ തീർന്നൊരു നേരം
തോരാ മഴയായ് പെയ്തുതുടങ്ങി.
തോടും , കുളവും കാട്ടാറുകളും
തിങ്ങി നിറഞ്ഞൊരു നീർത്തടമായി.
ഒരു മഴ പെയ്യാൻ പ്രാർത്ഥിച്ചപ്പോൾ
മഴമേഘങ്ങൾ നിന്നു കനിഞ്ഞു.
വേനൽച്ചൂടത് ഓടിയൊളിച്ചു.
മനസ്സിൽ നിറയെ കുളിർ മഴ പെയ്തു.

സതി സുധാകരൻ

By ivayana