രചന : താഹാ ജമാൽ✍
വീട്ടിൽ നിന്നിറങ്ങിപ്പോകെ
വീട് വെറുതെ ഇരിക്കാതെ
തിരയുന്നു നമ്മെ, തൊടികളിൽ
മുറ്റത്ത് , കിണറിന്നരികത്ത്
ഗേറ്റിൻ ചാരത്ത് നോക്കുന്നു
നില്ക്കുന്നു ദൂരേക്ക് പോവത്
കണ്ടു കാത്തിരിക്കുന്നു.
വെറുതെയിരിക്കാത്ത വീടിനെ
നാമോർക്കും യാത്രയിൽ
ജോലിത്തിരക്കിൽ
ആരെങ്കിലും കയറി
നമുക്കാവതുള്ളതൊക്കെ
മോഷ്ടിക്കുമോ?
ഭയം, ആവലാതി, വേവലാതി
ചിന്തകൾ വിചിത്രചിത്രങ്ങൾ
നാം പോയ് വരുവോളം
കണ്ണിമവെട്ടാതെ നോക്കുന്നു നമ്മെ
വെറുതെയിരിക്കാത്ത വീടിൻറെ വാതിൽ
തുറന്നു നാം കയറുമ്പോൾ വീട് നമ്മെ
നോക്കുന്നഗാധപുളകിതയായി,
മൗനിയായി
നമ്മിൽ നിന്നുരിയാടും വാക്കിന്
ചെവിയോർത്ത്
ചെവി കാത്തു നിൽക്കുന്നു വീട്.
വീടിനുള്ളിലെത്ര വീടുകൾ, ചിലന്തികൾ ,പല്ലികൾ,
പാറ്റകൾ ചീവീടുകൾ. പ്രാണികൾ
എത്ര ജീവന് വീടൊരുക്കുന്ന
വീട്, ഒറ്റയ്ക്ക് നിൽക്കുന്നു രാത്രിയിൽ
മഞ്ഞുകാലത്ത്, മഴയത്ത്, വെയിലത്ത്, കുടയായി
വെറുതെയിരിയ്ക്കാത്ത
വീടൊരു മുത്തശ്ശി.
………………