രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍
❤മാതൃദിനാശംസകൾ❤
ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആ
അമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.
പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു.
ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!
നോക്കിയപ്പോൾ നേരിയ ശ്വാസമുണ്ട്…
എല്ലുന്തി, ഒട്ടിയ നെഞ്ചും,വയറും മെല്ലെ
അനങ്ങുന്നു…
വായിൽ നിന്ന് ഇറ്റു വീഴുന്ന ഉമിനീരിന് ചുറ്റും ഉറുമ്പുകൾ…
പീള കെട്ടിയ കണ്ണിലും, ദേഹത്തുമൊക്കെ ഉറുമ്പുകൾ കയറി ഇറങ്ങി നടക്കുന്നു…
അതിനെ തട്ടി കളയാൻ പോലുമാവാതെ തളർന്നുകിടക്കുന്ന വൃദ്ധ…
ജീവനുള്ള ഒരാളെ ഉറുമ്പരിക്കുന്ന ഹൃദയഭേദകമായ രംഗം….!!!
കണ്ണുനിറഞ്ഞ്,ഒന്നും സംസാരിക്കാൻ പോലുമാകാതെ അവർ പരസ്പരം നോക്കി.
കുടിച്ചു തീർത്ത വെള്ളത്തിന്റെ കുപ്പി വഴിയിലേക്ക് എറിഞ്ഞു കളയുന്നതുപോലെ,എത്ര ലാഘവത്തോടെയാണ് ഒരു മനുഷ്യനെ വഴിയരികിൽ ഉപേക്ഷിച്ചു പോയിരിക്കുന്നത്…?
ജന്മം തന്ന അമ്മയെ നട തള്ളാൻ മനുഷ്യരൂപമുള്ള ചെകുത്താന്മാർക്കല്ലാതെ, മറ്റാർക്കാണ് കഴിയുക…!!?
കയ്യിലുള്ള തോർത്ത് ഉപയോഗിച്ച് വൃദ്ധയുടെ ദേഹത്ത് പറ്റിയിരിക്കുന്ന മണ്ണും ഉറുമ്പിനെയുമൊക്കെ തുടച്ചു കളയാൻ അവർ ശ്രമിച്ചു.
അതുവഴി പോയ ഒന്നുരണ്ട് വണ്ടികൾ കൈകാണിച്ചുവെങ്കിലും നിർത്തിയില്ല.
അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയും, പോലീസ് സ്റ്റേഷനിലും ഒക്കെ വിളിച്ചു വിവരം പറഞ്ഞതനുസരിച്ചു, ഏറെ താമസിക്കാതെ അവരെത്തി,
വൃദ്ധയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
പത്രത്തിൽ വാർത്ത കൊടുത്തുവെങ്കിലും ആരും അന്വേഷിച്ചും വന്നില്ല.
ആരോഗ്യ നില വീണ്ടെടുത്ത വൃദ്ധയെ ആരോഗ്യ പ്രവർത്തകർ അഗതിമന്ദിരത്തിലാക്കി.
അങ്ങനെ,അവിടെ വേണ്ടവിധം ശുശ്രൂഷയും പോഷകാഹാരവുമൊക്കെ ലഭിച്ചപ്പോൾ ചെറിയതോതിൽ ഓർമ്മകൾ വീണ്ടു കിട്ടി.
അവരുടെ സ്നേഹ പരിലാളനകൾ കൊണ്ട് അമ്മ ജീവിതം തിരിച്ചു പിടിച്ചു എന്ന് തന്നെ പറയാം.
പേര് പത്മിനി എന്നാണെന്നും, വീട് നിറയെ നെൽവയലുകളുള്ള
ഗ്രാമത്തിലാണെന്നും….
ഒരു പുഴയുണ്ടെന്നുമൊക്കെ ഓർത്തെടുക്കവേ ആ മിഴികൾ നിറഞ്ഞു തുളുമ്പി…
എല്ലാ ആഴ്ചയിലും അഗതിമന്ദിരത്തിൽ മെഡിക്കൽ ചെക്കപ്പിന് വരുന്ന ഡോക്ടറാണ് പറഞ്ഞത്….
” പത്മിനിയമ്മയ്ക്ക് നല്ല പുരോഗതിയുണ്ട്…
ഏറെ താമസിക്കാതെ തന്നെ എല്ലാം ഓർത്തെടുക്കാനാവും… “
അത് കേട്ട് കൊണ്ടിരുന്ന ആയമ്മ (അഗതി മന്ദിരത്തിൽ പത്മിനിയെ നോക്കിക്കൊണ്ടിരിക്കുന്ന നേഴ്സ് )
പറഞ്ഞു…
“എന്നിട്ട് വേണം അമ്മയെ വഴിയിൽ ഉപേക്ഷിച്ചു പോയ മക്കളെ നമുക്കൊരു പാഠം പഠിപ്പിക്കാൻ…
ഒറ്റ ഒരെണ്ണത്തിനെയും വെറുതെ വിടരുത്…”
അതുകേട്ടു ആ അമ്മ മനസ്സൊന്നു തേങ്ങി…
ആഴ്ചകൾക്കും മാസങ്ങൾക്കുമൊടുവിൽ പത്മിനിയമ്മയുടെ ഓർമ്മയിൽ എല്ലാം തെളിഞ്ഞു…
നിറയെ നെൽവയലുകളുള്ള ഒരു പാലക്കാടൻ ഗ്രാമത്തിലെ സമ്പന്ന കുടുംബത്തിലെ അമ്മ…
മക്കൾ ആറുപേര്….
നാല് ആണും, രണ്ടു പെണ്ണും…
അച്ഛന്റെ മരണശേഷം സ്വത്ത് മുഴുവൻ മക്കൾക്കു ഭാഗം വച്ചു കൊടുത്തപ്പോൾ അറിഞ്ഞിരുന്നില്ല…
തന്റെ ജീവിതം കൂടിയാണ് വീതിച്ചു കൊടുത്തതെന്ന്…!!!
ഓരോ മാസവും ഓരോരോ വീടുകൾ…
മക്കൾക്കും കൊച്ചു മക്കൾക്കും പന്തുതട്ടിക്കളിക്കാൻ ഒരു അമ്മ…!!!
എല്ലാവരുടെയും ആട്ടും, തുപ്പും ഏറ്റു…
ഒടുവിൽ മക്കളുടെ മത്സരത്തിന്റെ മുമ്പിൽ തളർന്ന് വീണു പോയി ആ അമ്മ….
അവരുടെ കപട സ്നേഹത്തിന്റെ
വാക്ക് മുനയിൽ നാവും തളർന്നുപോയി…
അങ്ങനെയാണ് മക്കൾ എല്ലാവരും കൂടെ അമ്മയെ…
അറിയാതൊരു നാട്ടിലെ പെരുവഴിയിൽ ഉപേക്ഷിച്ചു പോയത്…
തിരിച്ചറിഞ്ഞു വരാതിരിക്കാൻ മറു നാടിന്റെ അതിർത്തിയിൽ കൊണ്ട് ഇട്ടത് മനഃപൂർവം തന്നെയാണ്…
അവിടെ കിടന്നു ചത്തുപോകുന്നെങ്കിൽ പോകട്ടെയെന്ന് കരുതി…!!!
ഓർമ്മകൾ നൊമ്പര പൂക്കളായി വിടർന്നപ്പോൾ കരയാതിരിക്കാൻ കഴിഞ്ഞില്ല അമ്മയ്ക്ക്..
എങ്കിലും കണ്ണീരിൽ കുതിർന്ന ഓർമ്മകൾക്ക്
മേലേയായിരുന്നു തന്റെ മക്കൾക്ക് ജന്മം കൊടുത്തതും, വളർത്തിക്കൊണ്ടു വന്നതുമായ നിറമുള്ള രംഗങ്ങൾ…
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ അഗതിമന്ദിരത്തിലെ ആളുകൾ ചോദിച്ച ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടി നൽകി പത്മിനിയമ്മ.
തന്റെ ഓർമ്മകൾ നഷ്ടമായ രോഗിയായി അഭിനയിക്കുമ്പോൾ ആ മനസ്സ് ഒന്നേ ആഗ്രഹിച്ചുള്ളൂ…
മരണംവരെയും തന്റെ മക്കളെ ഒരു വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുതെന്ന്…
അതാണ് ഒരമ്മയുടെ സ്നേഹം…
പെറ്റമ്മ മറക്കില്ല മക്കളെ ഒരുകാലത്തും….
നൊന്തുപെറ്റ അമ്മയെ മക്കൾ മറന്നാലും….!!!
NB ….( സ്വന്തം സുഖത്തിന് വേണ്ടി നൊന്തുപെറ്റ മക്കളെ വലിച്ചെറിഞ്ഞു കൊല്ലുവാനും, ഉപേക്ഷിച്ചു പോകാനും മടിക്കാത്ത അമ്മമാർ ഉള്ള കാലത്ത് ഇങ്ങനെയും അമ്മമാരുണ്ട്….🙏
❤യഥാർത്ഥ മാതൃ സ്നേഹത്തിന്റെ ഉറവിടങ്ങൾ….. ❤)