പഠിപ്പിച്ചു തീർന്നു
പാഠങ്ങളൊക്കെയും
എങ്കിലും ജയിക്കാൻ
ഓർമ്മയിലേക്കൊന്ന്
തിരിച്ചു പായണം.
ഒന്നാം പാഠം :- കവിത.
രാക്ഷസച്ചൂടിൻ്റെ
കൈപ്പിടിച്ചെത്തുന്നു
കുഞ്ഞു പെൺകുട്ടിയായ്
പാദസരങ്ങൾ
കിലുങ്ങും ചുവടുമായ്
ഒരു മണിത്തൂ മഴ.
അവളുടെ പാവാട –
യുലയവേ പാഴ്നിലം
പൂങ്കിനാ നാമ്പാലു –
ണർന്നു ചിരിച്ചിടും.
ഇവൾ തന്നെ പിന്നെ
പ്രളയമായ് കരകുത്തി
പൂമരം വേരോടെ
പിഴുതെടുക്കുന്നവൾ.
ഓർക്കുക ….. വല്ലപ്പോഴും
രണ്ടാം പാഠം :- സാമൂഹ്യ ശാസ്ത്രം.
ഒന്നുമില്ലാത്തൊരു
നിസ്വൻ
അനുകമ്പ –
യാർന്നു നീട്ടിത്തരും
ഔദാര്യമൊക്കെയും
നിന്നവകാശമാ-
ണെന്നഹങ്കാരിയായ്
കൈപ്പറ്റിടുമ്പൊഴും;
ചതിയറിയാത്തവൻ
പാവം……
ചുണ്ടിൽ വിരിച്ചിട്ട
സ്നേഹത്തിൻ പുഞ്ചിരി
ഓർക്കുക ….. വല്ലപ്പോഴും.
മൂന്നാം പാഠം :- തത്ത്വചിന്ത
ഒന്നുമില്ലാത്തോന്
വിധിച്ചു കിട്ടുന്നു…..
സഹന നീതി.
അധികാരസ്ഥന്ന –
വകാശ നീതിയും.
ഓർക്കുക …… എപ്പൊഴും
നാലാം പാഠം :- ഗുണപാഠം.
നിനക്കായ് നീ
പണിതിട്ടതല്ലോമനേ
തീ നരകവും
പണി തീർത്തതല്ല നീ
സ്വയമേവം മഹാ
സ്വർഗ്ഗവും
മറക്കാതിരിക്കുക….
ഒരിക്കലും.
ഇനി നീ
ഉന്നയിക്കുന്ന ചോദ്യം…..
ഉണ്ടതിനും ഉത്തരം
ഉത്തരമില്ലാക്കടങ്കഥ –
യല്ല ജീവിതം.
ഉണ്ട് ചെറുതരിയാ –
യൊരു ശ്രേഷഠ-
രത്നത്തിളക്കം
നിൻ്റെ
ചവിട്ടടിപ്പാതയി-
ലെവിടെയോ….!
തിരഞ്ഞു കണ്ടെത്തി
ചുണ്ടോടു ചേർക്കുക.
അതാണ് ജീവിതം.

മേരി കുൻഹു

By ivayana